തൊടുപുഴ: പുറപ്പുഴയില്‍ ഭര്‍ത്താവ് ബലം പ്രയോഗിച്ച് വിഷം കുടിപ്പിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ജോര്‍ളി ആണ് മരിച്ചത്. ഭര്‍ത്താവ് ടോണി മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ജൂണ്‍ 26-നാണ് ജോര്‍ളിയെ വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂലൈ 3-നാണ് മരണം സംഭവിച്ചത്. മരണത്തിന് മുമ്പ് മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍, ഭര്‍ത്താവ് ബലം പ്രയോഗിച്ച് തന്നെ വിഷം കുടിപ്പിച്ചതാണെന്ന് ജോര്‍ളി വ്യക്തമാക്കിയിരുന്നു.
ഇരുവരും തമ്മില്‍ നിരന്തരം തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ടോണി സ്ഥിരം മദ്യപാനിയാണെന്നും, സ്ത്രീധനത്തുക ഉള്‍പ്പെടെ മദ്യപാനത്തിനായി ഉപയോഗിച്ചിരുന്നു.
ഒരു തര്‍ക്കത്തിനിടെ ടോണി, ഭാര്യയോട് വിഷം കുടിക്കാന്‍ ആവശ്യപ്പെട്ടു. നിരസിച്ചപ്പോള്‍ നിര്‍ബന്ധിച്ച് കുടിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി.
ഒടുവില്‍, പതിനാലുകാരിയായ മകള്‍ കണ്ടുകൊണ്ടിരിക്കെ, ഭര്‍ത്താവ് ബലം പ്രയോഗിച്ച് വിഷം കുടിപ്പിച്ചെന്നാണ് ജോര്‍ളിയുടെ മൊഴി.