/sathyam/media/media_files/2025/01/20/IdJExJ2MDjCeKeJPpf8l.jpg)
തിരുവനന്തപുരം: തദ്ദേശത്തിരഞ്ഞെടുപ്പ് തോറ്റത് കൊണ്ട് ഇടതുമുന്നണി വിടില്ലെന്ന പ്രഖ്യാപനത്തോടെ കേരളകോൺഗ്രസ് എമ്മിന്റെ മുന്നണിമാറ്റ ചർച്ചകൾക്ക് പൂർണ്ണ വിരാമമിട്ട് പാർട്ടി ചെയർമാൻ ജോസ്.കെ.മാണി.
യു.ഡി.എഫിലേക്ക് പോകുന്ന കാര്യത്തിൽ ചർച്ചയൊന്നും നടന്നിട്ടില്ലെന്ന സന്ദേശമാണ് അദ്ദേഹം പുറത്ത് വിടുന്നത്. നിലവിൽ ഇടതുമുന്നണിയിൽ മറ്റ് പ്രശ്‌നങ്ങളൊന്നും കേരളകോൺഗ്രസിനെ അലട്ടുന്നില്ല.
പാർട്ടിയുടെ രാഷ്ട്രീയാടിത്തറയ്ക്ക് ഒരു കോട്ടവും തട്ടിയിട്ടില്ലെന്ന വിലയിരുത്തലാണ് പാർട്ടിക്കുമുള്ളത്. അതുകൊണ്ട് തന്നെ മുന്നണി മാറ്റം തൽക്കാലം വേണ്ടെന്ന രാഷ്ട്രീയ തീരുമാനത്തിൽ കേരള കോൺഗ്രസ് ഉറച്ച് നിൽക്കുകയാണ്.
മുന്നണി മാറ്റ ചർച്ചകൾ തള്ളിയ അദ്ദേഹം ജോസഫ് ഗ്രൂപ്പിനെതിരെ ആഞ്ഞടിക്കുകയും ചെയ്തു. പാലായിലും തൊടുപുഴയിലും രണ്ടില കരിഞ്ഞുവെന്ന് പറയുന്നവർ യാഥാർത്ഥ്യം മനസിലാക്കാതെയാണ് സംസാരിക്കുന്നതെന്നായിരുന്നു അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
38 വാർഡുകളുള്ള തൊടുപുഴയിൽ ജോസഫ് ഗ്രൂപ്പ് വിജയിച്ചത് രണ്ടിടത്ത് മാത്രമാണെന്നും നിലവിലെ കണക്കനുസരിച്ച് പാലാ നിയോജക മണ്ഡലത്തിൽ പാർട്ടിക്ക് 2000 വോട്ടുകളുടെ ലീഡുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കടുത്തുരുത്തിയിൽ ആരും വെള്ളം കോരാൻ ചെല്ലുന്നില്ലെന്നും കഴിഞ്ഞ വർഷം അവിടെ മത്സരിച്ച സ്ഥാനാർത്ഥിയുടെ ലീഡ് 4000ത്തിലേക്ക് കുറച്ച് കേരളകോൺഗ്രസ് എമ്മാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
രണ്ടില കരിഞ്ഞുവെന്ന് പറയുന്നവർ തിരഞ്ഞെടുപ്പ് ഫലം പഠിക്കാതെയാണ് പറയുന്നത്. കോട്ടയം ജില്ലാപ്പഞ്ചായത്ത് കൈവിട്ടുവെങ്കിലും പാർട്ടിക്ക് ജില്ലയിൽ കിട്ടേണ്ട സംഘടനാപരമായ വോട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജോസ്.കെ.മാണിയുടെ നിലവിലെ പ്രതികരണത്തോടെ മുന്നണി മാറ്റ ചർച്ചകൾ തൽക്കാലം നിലച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us