കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ കേരളാ കോണ്‍ഗ്രസ് എം മത്സരിക്കുന്നത് 1023 സീറ്റുകളില്‍. സ്വതന്ത്രര്‍ വേറെയും. ആയിരത്തിലധികം സീറ്റുകളില്‍ മത്സരിക്കുന്നത് കേരളാ കോണ്‍ഗ്രസുകളുടെ 60 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി. പാലായിലെ തോല്‍വിക്കുശേഷം കേരളം മുഴുവന്‍ നടന്ന് കഴിഞ്ഞ അഞ്ചു വര്‍ഷം ജോസ് കെ. മാണി നടത്തിയ പരിശ്രമങ്ങളിലൂടെ പാര്‍ട്ടി ചരിത്ര നേട്ടത്തിലേയ്ക്ക്

ഒരിക്കല്‍ പടിയിറക്കി വിട്ട ചരിത്ര മണ്ടത്തരം തിരുത്തി, ജോസ് കെ. മാണിയെയും കൂട്ടരെയും എല്‍.ഡി.എഫില്‍ നിന്ന് അടര്‍ത്തിയെടുക്കാനുള്ള യു.ഡി.എഫ് ശ്രമങ്ങള്‍ക്കു കൂടിയാണ് ഇതോടെ തിരിച്ചടിയായത്.

New Update
jose k mani kerala congress m
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: ജോസ് കെ. മാണിയും കൂട്ടരും യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫില്‍ ചേര്‍ന്നപ്പോള്‍ കോൺഗ്രസ് നേതാക്കൾ പറഞ്ഞത് പഞ്ചായത്ത് ഇലക്ഷന്‍ ആകട്ടെ, നിങ്ങള്‍ക്കു കമ്മ്യൂണിസ്റ്റുകാരെ മനസിലാകും. അവര്‍ കച്ചിയില്‍ തൊടീക്കില്ല. സംസ്ഥാനത്ത് അന്‍പത് സീറ്റു കിട്ടിയാല്‍ ഭാഗ്യം എന്നു പറഞ്ഞവര്‍ അതിലേറെ. 

Advertisment

എന്നാല്‍, ഇക്കുറി കേരളാ കോണ്‍ഗ്രസ് (എം) മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം കേട്ടാല്‍ കോണ്‍ഗ്രസുകാര്‍ ഞെട്ടും, കാസര്‍ഗോഡ് ജില്ലയിലെ ഒസങ്ങാടി മുതല്‍ തിരുവനന്തപുരം ജില്ലയിലെ പൊഴിയൂര്‍ വരെ നീണ്ട നിവര്‍ന്ന തദ്ദേശ സ്ഥാപനങ്ങളിലായി 1023 സീറ്റുകളിലാണ് മത്സരിക്കുന്നത്.


ജോസ് കെ. മാണി എല്‍.ഡി.എഫിനോട് ചോദിച്ചതാകട്ടെ 1000 സീറ്റുകളും. കിട്ടിയത് നിലവില്‍ 1023 ഉം. കേരളാ കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ഒന്നായി നിന്നപ്പോഴും പലതായി നിന്നപ്പോഴും കഴിഞ്ഞ 60 വര്‍ഷത്തിനിടെ ഇത്രയധികം സീറ്റുകളില്‍ മത്സരിക്കുന്നത് ആദ്യമാണ്.  

യു.ഡി.എഫിനൊപ്പം നിന്ന കാലത്തുപോലും ഇത്രയധികം പരിഗണന മാണി ഗ്രൂപ്പിനു കിട്ടിയിട്ടില്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് തൊള്ളായിരം സീറ്റുകളിലാണു കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥികള്‍ മത്സരിച്ചത്. ഏകദേശം 530 സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ കഴിഞ്ഞു. 

jose k mani mp

ചിലര്‍ സ്വതന്ത്രചിഹ്നത്തിലും മത്സരിച്ചു ജയിച്ചു. കോട്ടയം ജില്ലയില്‍ യു.ഡി.എഫിന്റെ കോട്ടയായിരുന്ന ബ്ലോക്ക് പഞ്ചായത്തുകളില്‍ 11 ല്‍ 10 എണ്ണവും നേടിയെടുക്കാന്‍ കഴിഞ്ഞു. 


കോട്ടയത്ത് അന്‍പതിലധികം പഞ്ചായത്തുകളില്‍ എല്‍.ഡി.എഫിന് അധികാരം ഉറപ്പിക്കാന്‍ ബലം നല്‍കിയതു കേരള കോണ്‍ഗ്രസ് എമ്മാണ്. ചരിത്രത്തിലാദ്യമായി പാലാ നഗരസഭ പോലെ കോട്ടയത്തെ പല തദ്ദേശ സ്ഥാപനങ്ങളിലും സിപിഎമ്മും സിപിഐയും ഭരണത്തിലേറി.


ഇക്കുറി ചോദിച്ചതിനേക്കള്‍ വാരിക്കോരി എല്‍.ഡി.എഫ് സീറ്റു നല്‍കുമ്പോള്‍ അതില്‍ നിര്‍ണായകമായതു സി.പി.എം ഇടപെടലാണ്. കോട്ടയത്ത് ഉള്‍പ്പടെ കേരളാ കോണ്‍ഗ്രസിനു മുന്‍ഗണന നല്‍കിയേ സീറ്റു വിഭജനം പൂര്‍ത്തിയാക്കാവൂ എന്ന കര്‍ശന നിര്‍ദേശം സി.പി.എം താഴെ തട്ടിലേക്കു നല്‍കിയിരുന്നു.

കോട്ടയം ജില്ലാ പഞ്ചായത്തില്‍ ഒന്‍പതു സീറ്റും ഒരു സതന്ത്ര സ്ഥാനാര്‍ഥിയും കേരളാ കോണ്‍ഗ്രസ് എമ്മിനാണ്. പഞ്ചായത്ത്, ബ്ലോക്ക് ഡിവിഷനിലും കേരളാ കോണ്‍ഗ്രസ് എമ്മിനെ പരിഗണിച്ചുകൊണ്ടാണു സീറ്റു വിഭജിച്ചത്. 


പലാ മുന്‍സിപ്പാലിറ്റിയില്‍ 26 സീറ്റില്‍ 18ലും കേരളാ കോണ്‍ഗ്രസ് മത്സരിക്കും. അതില്‍ മൂന്നാം വാര്‍ഡില്‍ സ്വതന്ത്രനായി കേരളാ കോണ്‍ഗ്രസ് നോമിനി മത്സരിക്കും. ഏറ്റുമാനൂരിലും ചങ്ങനാശേരിയിലും കേരളാ കോണ്‍ഗ്രസ് എമ്മിന് 9 സീറ്റു കൊടുത്തു. 


കോട്ടയം നഗരസഭയില്‍ അഞ്ചു സീറ്റും ഈരാറ്റുപേട്ടയില്‍ നാലു സീറ്റിലും വൈക്കത്തു രണ്ടു സീറ്റിലും മത്സരിക്കും. മറ്റു ജില്ലകളിലും സമാനമായ നീക്കുപോക്കാണ് എല്‍.ഡി.എഫില്‍ ഉണ്ടായത്.

jose k mani-8

സ്ഥാനാര്‍ഥി നിര്‍ണയവും ഏറെക്കുറെ പൂര്‍ത്തിയായി. ജാതി നോക്കി അല്ല കേരളാ കോൺഗ്രസ് എം സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്. ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ളവരാണു കേരളാ കോണ്‍ഗ്രസിന്റെ അടിത്തറയെന്നു പറയുന്നവര്‍ക്കിടയിലേക്കു തട്ടമിട്ടവരും തൊപ്പിവെച്ചവരും നായരും ഈഴവനും നമ്പൂതിരിയും നായാടിയും വരെ സ്ഥാനാര്‍ഥികളായുണ്ട്. 


ജാതി നോക്കി അല്ല അവരെ സ്ഥാനാര്‍ഥികളാക്കിയതെന്നു കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ജനപക്ഷത്തു നില്‍ക്കുന്നവര്‍, ജനങ്ങള്‍ക്കു വേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുന്നവരെയാണു പാര്‍ട്ടി സ്ഥനാര്‍ഥികളാക്കയതെന്നു നേതാക്കള്‍ പറയുന്നു.


ചുമ്മാതൊരു സുപ്രഭാതത്തില്‍ കേരളാ കോണ്‍ഗ്രസിന് എല്‍.ഡി.എഫ് സീറ്റു നല്‍കിയതല്ല. പാര്‍ട്ടിയുടെ വളര്‍ച്ച മുന്നില്‍ക്കണ്ടാണ് അര്‍ഹിക്കുന്ന പരിഗണന കേരളാ കോണ്‍ഗ്രസ് ലഭിച്ചത്. 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് മുന്നണിയില്‍ നിന്ന് 12 നിയമസഭാ സീറ്റുകളിലേക്കു മത്സരിച്ച ജോസ് കെ. മാണി വിഭാഗത്തിന് 5 സീറ്റുകളില്‍ വിജയിക്കാന്‍ കഴിഞ്ഞിരുന്നു.

ചങ്ങനാശേരി, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, റാന്നി, ഇടുക്കി എന്നിവയാണവ. അന്നു യു.ഡി.എഫിന് എടുത്തു പറയാനുണ്ടായതു പാലയില്‍ ജോസ് കെ. മാണിയുടെ പരാജയം മാത്രം. എന്നാല്‍, ആ പരാജയമാണ് ഇന്നു പാര്‍ട്ടിയെ ഇന്നു കാണുന്ന തരത്തിലേക്കു വളര്‍ത്തിയെടുക്കാന്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണിയെ സഹായിച്ചത്. 


കാസര്‍ഗോഡ് ജില്ലയിലെ ഒസങ്ങാടി മുതല്‍ തിരുവനന്തപുരം ജില്ലയിലെ പൊഴിയൂര്‍ വരെ നീണ്ട നിവര്‍ന്നു കിടക്കുന്ന കേരളത്തില്‍ അദ്ദേഹം ജോസ് കെ. മാണി സഞ്ചരിച്ചു പാര്‍ട്ടി വളര്‍ത്തി. 


ആ വളര്‍ച്ച അംഗീകരിച്ചതുകൊണ്ടാണ് എല്‍.ഡി.എഫ് ഇത്ര വലിയ അംഗീകാരം നല്‍കിയത്. ഇക്കുറി പരമാവധി സീറ്റുകളില്‍ വിജയം ഉറപ്പിച്ചുള്ള പ്രവര്‍ത്തനമാണു കേരളാ കോണ്‍ഗ്രസ് നടത്തുന്നത്.

jose k mani-5

ഒരിക്കല്‍ പടിയിറക്കി വിട്ട ചരിത്ര മണ്ടത്തരം തിരുത്തി, ജോസ് കെ. മാണിയെയും കൂട്ടരെയും എല്‍.ഡി.എഫില്‍ നിന്ന് അടര്‍ത്തിയെടുക്കാനുള്ള യു.ഡി.എഫ് ശ്രമങ്ങള്‍ക്കു കൂടിയാണ് ഇതോടെ തിരിച്ചടിയായത്. 


ജോസ് കെ. മാണി പുറത്തുപോയാല്‍ ഒന്നും സംഭവിക്കില്ലെന്ന യു.ഡി.എഫ് നേതൃത്വത്തിന്റെ പ്രതീക്ഷകളും തകിടം മറിക്കുന്നതായിരുന്നു പിന്നാലെ കടന്നുവന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും.


ഈ വിജയതുടര്‍ച്ച ഇരട്ടിയായി ആവര്‍ത്തിക്കാനാകുമെന്നു കേരളാ കോണ്‍ഗ്രസിനു വിശ്വാസമുണ്ടെന്നും നേതാക്കള്‍ പറയുന്നു.

Advertisment