കോട്ടയം: കൈലിയുടുത്തു തലയില്‍ തോര്‍ത്തും കെട്ടി തനി നാടന്‍ കര്‍ഷകനായി കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി, ചീഫ് വിപ്പ് എന്‍. ജയരാജ്, ജോബ് മൈക്കിള്‍ എം.എല്‍.എ, മുന്‍ എം.പി. തോമസ് ചാഴികടാന്‍ എന്നിവര്‍ കഷകരോടൊപ്പം കോട്ടയത്തു റബര്‍ ബോര്‍ഡ് ഓഫീസ് മാര്‍ച്ച് നടത്തി.
റബര്‍ കര്‍ഷകരോടുള്ള കേന്ദ്ര അവഗണന അസാനിപ്പിക്കുക, റബിന്റെ താങ്ങുവില വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോട്ടയത്തു റബര്‍ ബോര്‍ഡ് ഓഫീസിലേക്കു നടത്തിയ മാര്‍ച്ചിലാണു വ്യത്യസ്ഥമായ പ്രതിഷേധം അരങ്ങേറിയത്.
കലക്ടറേറ്റിനു മുന്‍പില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ പ്രവര്‍ത്തകരും കര്‍ഷക വേഷമായ ലുങ്കിയും തോര്‍ത്തും ധരിച്ചു കൊണ്ടാണു പ്രതിഷേധ സമരത്തില്‍ പങ്കെടുത്തത്. കാര്‍ഷിക ഉപകരണങ്ങളായ റബര്‍ കത്തി, കൂട, ബഡ് തൈകള്‍, വെട്ടി മാറ്റിയ റബര്‍ മരങ്ങള്‍ എന്നിവയുമായി നൂറുകണക്കിനു കര്‍ഷകരാണു അണിനിരന്നത്. റബര്‍ബോര്‍ഡ് ആസ്ഥാനത്തിനു മുന്‍പില്‍ റബര്‍ ഷീറ്റ് കത്തിച്ചു നടത്തിയ പ്രതിഷേധം പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി ഉദ്ഘാടനം ചെയ്തു.
റബര്‍ ഇറക്കുമതിചുങ്ക വരുമാനമായി 2019 മുതല്‍ 2023 വരെ കേന്ദ്രസര്‍ക്കാരിനു ലഭിച്ച 7575 കോടി രൂപ ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ വഴി റബര്‍ കര്‍ഷകര്‍ക്കു നേരിട്ടു നല്‍കണമെന്നു ജോസ് കെ. മാണി പറഞ്ഞു. വിവിധ കാലങ്ങളിലായി 2000 ത്തോളം കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ റബര്‍ വിലസ്ഥിരത ഫണ്ടിലൂടെ സംസ്ഥാനത്തെ റബര്‍ കര്‍ഷകര്‍ക്ക് നല്‍കിയിട്ടുണ്ട്.
റബര്‍ ഇറക്കുമതി ചുങ്കമടക്കമുള്ള മുഴുവന്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതി ചുങ്കം കര്‍ഷകരുടെ വിയര്‍പ്പിന്റെ വിലയാണ്. കക്ഷിരാഷ്ട്രീയത്തിന് അതീതമായി രാജ്യത്തെ കാര്‍ഷികമേഖലയില്‍ നിന്നുള്ള മുഴുവന്‍ എം.പിമാരുമായി ബന്ധപ്പെട്ടു കേരള കോണ്‍ഗ്രസ് (എം) ഈ വിഷയം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഉയര്‍ത്തും.
ആഗോളസാമ്പത്തിക കരാര്‍ മൂലം ഇറക്കുമതി ചുങ്കത്തിലൂടെ കേന്ദ്രസര്‍ക്കാരിനു ലഭിച്ച മുഴുവന്‍ അധിക വരുമാനവും കര്‍ഷകര്‍ക്ക് അവകാശപ്പെട്ടതാണ്. മുതല്‍മുടക്കിന് ആനുപാതികമായ വരുമാനം കാര്‍ഷികമേഖലയില്‍ നിന്നും ലഭിക്കാത്ത പട്ടിണിപ്പാവങ്ങളുടെ വിയര്‍പ്പാണ് ഈ പണം.
റബര്‍ കര്‍ഷകര്‍ക്കു മാത്രമല്ല, ആഗോളകരാര്‍ മൂലം ഏതു കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഇങ്ങോട്ട് ഇറക്കുമതിചെയ്യുന്നുണ്ടോ അതില്‍ നിന്നു ലഭിക്കുന്ന വരുമാനം കര്‍ഷകര്‍ക്കു ലഭിക്കണം. കേരളത്തില്‍ നിലവില്‍ ആര്‍.പി.ഐ.എസ് പദ്ധതി ഉള്ളതുമൂലം ഈ തുക വളരെ വിജയകരമായി കര്‍ഷകര്‍ക്കു നല്‍കാന്‍ കഴിയുമെന്നും ജോസ് കെ. മാണി ചൂണ്ടിക്കാട്ടി.
കോട്ടയം ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു അധ്യക്ഷത വഹിച്ചു. ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ്, വൈസ് ചെയര്‍മാന്‍ തോമസ് ചാഴികാടന്‍, ജോബ് മൈക്കിള്‍ എം.എല്‍.എ, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ, സണ്ണി തെക്കേടം, ബേബി ഉഴുത്തുവാല്‍, ജോസ് ടോം, വിജി എം.തോമസ്, സഖറിയാസ് കുതിരവേലി, ഫിലിപ്പ് കുഴികുളം,
ജോര്‍ജുകുട്ടി അഗസ്തി, ജോസഫ് ചാമക്കാല, ഔസേപ്പച്ചന്‍ വാളിപ്ലാക്കല്‍, റെജികുന്നംകോട്, ജോസ് പുത്തന്‍കാലാ, സിറിയക് ചാഴികാടന്‍, പെണ്ണമ്മ ജോസഫ്, സാജന്‍ തൊടുക, ബൈജുപുതിയിടത്തുചാലില്‍, നിര്‍മ്മലജിമ്മി, പി.എം മാത്യു, ഡാന്റിസ് കൂനാനിക്കല്‍,
മാത്തച്ചന്‍ പ്ലാത്തോട്ടം, ജോജി കുറുത്തിയാന്‍, ലാലിച്ചന്‍ കുന്നിപ്പറമ്പില്‍, എ.എം മാത്യു, ടോബിന്‍ കെ.അലക്‌സ്, തോമസ് ടി കീപ്പുറം, സാജന്‍ കുന്നത്ത്, മാത്തുക്കുട്ടി കുഴിഞ്ഞാലില്‍, സോണി തെക്കേല്‍, ബിനോ ചാലക്കുഴി, രാജു ആലപ്പാട്ട്, ബിജു ചക്കാല, പി.സി കുര്യന്‍, ഡി. പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.