/sathyam/media/media_files/2026/02/11/anil-mathu-biju-2026-02-11-23-17-52.jpg)
കൊച്ചി : മലയാളം വാർത്താ ചാനലുകളിലെ മാധ്യമ പ്രവർത്തകരിൽ അന്വേഷണാത്മക റിപോർട്ടുകൾ കൊണ്ട് ശ്രദ്ധേയനായ അനിൽ ഇമ്മാനുവേൽ റിപോർട്ടർ ടിവിയിൽ.
മനോരമ ന്യൂസിൽ നിന്ന് പടിയിറങ്ങിയ ശേഷം മാധ്യമ സിൻഡിക്കേറ്റ് എന്ന പേരിൽ വെബ് സൈറ്റും ഡിജിറ്റൽ പ്ളാറ്റ് ഫോമും നടത്തിവന്ന അനിൽ ഇമ്മാനുവേൽ ഇന്ന് റിപോർട്ടർ ടിവിയിൽ ജോലിയിൽ പ്രവേശിച്ചു.
അന്വേഷണാത്മക വാർത്തകളുടെ ചുമതലക്കാരനായിട്ടാണ് ചങ്ങനാശേരി സ്വദേശിയായ അനിൽ ഇമ്മാനുവേൽ റിപോർട്ടർ ടിവിയിൽ എത്തിയിരിക്കുന്നത്.
ഇന്ന് കളമശേരിയിലെ ചാനൽ ആസ്ഥാനത്ത് നടന്ന ചാനൽ റിപോർട്ടർമാരുടെ റിഫ്രഷർ ക്യാമ്പിൽ മാനേജുമെൻറ് അനിൽ ഇമ്മാനുവേലിനെ അവതരിപ്പിച്ചു.
എഡിറ്റോറിയൽ ബോർഡിൽ നിന്ന് സുജയ പാർവതി, ജിമ്മി ജെയിംസ് എന്നിവരുടെ രാജി സൃഷ്ടിച്ച തിരിച്ചടിക്കിടയിൽ നല്ല മാധ്യമ പ്രവർത്തകൻ എന്ന പേരുളള അനിൽ ഇമ്മാനുവേൽ ചാനലിൽ എത്തിയത് റിപോർട്ടറിലെ മാധ്യമ പ്രവർത്തകരുടെ ആത്മവീര്യം ഉയർത്തിയിട്ടുണ്ട്.
സുജയ പാർവതിക്ക് പകരക്കാരിയായി റിപോർട്ടർ മാനേജുമെൻറ് കണ്ടെത്തിയ മാതൃഭൂമി ന്യൂസിലെ മാതു സജിയും ഇന്ന് ചാനലിൽ ജോലിയിൽ പ്രവേശിച്ചു.
റിഫ്രഷർ ക്യാമ്പിൽ വെച്ചാണ് മാതുവിനെയും റിപോർട്ടർ ടിവിയിലേക്ക് സ്വാഗതം ചെയ്തത്. മീഡിയാ വൺ ചാനലിൻെറ എക്സിക്യൂട്ടിവ് എഡിറ്ററായി ചുമതലയേൽക്കുന്നതിനായി റിപോർട്ടറിൽ നിന്ന് രാജിവെച്ച ജിമ്മി ജെയിംസ് അടുത്തയാഴ്ച റിപോർട്ടറിൽ നിന്ന് ഇറങ്ങും.
/sathyam/media/post_attachments/Xp7DcFegizJ9f6gpZWoN.jpg)
തൊണ്ടിമുതൽ തിരിമറി കേസിൽ ആൻറണി രാജുവിനെ അയോഗ്യനാക്കുന്ന നിയമ നടപടിയിലേക്ക് എത്തിച്ചത് അനിൽ ഇമ്മാനുവേലിൻെറ റിപോർട്ടുകളായിരുന്നു.
മനോരമ ന്യൂസിൽ ഇരുന്ന് നടത്തിയ അന്വേഷണം വാർത്തയായി നൽകാൻ എഡിറ്റോറിയൽ മേധാവികൾ വിസമ്മതിച്ചതോടെ അവിടെ നിന്ന് ഇറങ്ങി ഒറ്റയാൻ പോരാട്ടം നടത്തുകയായിരുന്നു.
അനിലിൻെറ വിട്ടുവീഴ്ച ഇല്ലാത്ത പോരാട്ടത്തിന് ഒടുവിലാണ് തേഞ്ഞുമാഞ്ഞുപോകുമെന്ന് കരുതിയിരുന്ന തൊണ്ടിമുതൽ തിരിമറി കേസിൽ ആൻറണി രാജുവിനെ കുറ്റക്കാരനെന്ന് വിധിക്കുന്നത്.
ശിക്ഷിക്കപ്പെട്ടതോടെ എം.എൽ.എ സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ട അവസ്ഥയിലാണ് മുൻ മന്ത്രി കൂടിയായ ആൻറണി രാജു.
അന്വേഷണാത്മക റിപോർട്ടിങ്ങിൽ മലയാള ടെലിവിഷൻ വാർത്താ രംഗത്ത് തൻേറതായ സ്ഥാനം അടയാളപ്പെടുത്തിയ അനിൽ ഇമ്മാനുവേലിന് കളങ്കിത പ്രതിഛായയുളള റിപോർട്ടർ ടിവിയിൽ എത്രമാത്രം ശോഭിക്കാനാവുമെന്ന ചോദ്യം ഉയരുന്നുണ്ട്.
/sathyam/media/post_attachments/wp-content/uploads/2022/07/Picsart_22-07-25_10-00-38-584-304398.jpg)
മുട്ടിൽ മരംമുറി കേസിൽ പ്രതികളായ റിപോർട്ടർ മാനേജുമെൻറിന് എതിരെ 35 കുറ്റപത്രങ്ങൾ സമർപ്പിച്ചതിന് പിന്നാലെയാണ് അനിലിൻെറ ചാനൽ പ്രവേശനം.എതിരാളികളെ കരുതിക്കൂട്ടി ആക്രമിക്കുന്ന ശൈലിയുളള റിപോർട്ടർ മാനേജുമെൻറിന് വഴങ്ങിയാൽ അനിൽ ഇമ്മാനുവേൽ ഇത്രകാലം കൊണ്ട് കെട്ടിപ്പടുത്ത വിശ്വാസ്യത തരിപ്പണമാകും.
ഏഷ്യാനെറ്റ് ന്യൂസിൽ ഇൻവെസ്റ്റിഗേറ്റിവ് വാർത്തകൾ ചെയ്തിരുന്ന ടി.വി. പ്രസാദിൻെറ അനുഭവം അനിലിന് മുന്നിലുണ്ട്.
മരംമുറി കേസിനെ പ്രതിരോധിക്കാനും മാനേജുമെൻറിൻെറ എതിരാളികളെ നേരിടാനും രംഗത്തിറങ്ങിയ ടി.വി. പ്രസാദ് ഇപ്പോൾ പഴയ പ്രതിഛായയുടെ നിഴലിൽ പോലുമില്ല. സ്വയം ജാഗ്രത പുലർത്തിയില്ലെങ്കിൽ അനിൽ ഇമ്മാനുവേലിനും പ്രസാദിൻെറ ദുർഗതി നേരിടേണ്ടി വരും.
അന്വേഷണാത്മക റിപോർട്ടർ അനിൽ ഇമ്മാനുവേൽ ടെലിവിഷൻ വാർത്താ രംഗത്തേക്ക് തിരിച്ചുവരവ് നടത്തിയപ്പോൾ മലയാള ടെലിവിഷൻ വാർത്താ രംഗത്ത് അന്വേഷണത്മക റിപോർട്ടിങ്ങിന് വഴിവെട്ടിയ ബിജു പങ്കജ് ചാനൽ മേഖല വിട്ടുപോയി.
സൂര്യാ ടിവിയിലും ഏഷ്യാനെറ്റ് ന്യൂസിലും പിന്നീട് മാതൃഭൂമി ന്യൂസിലും ശ്രദ്ധേയമായ ഇൻവെസ്റ്റിഗേറ്റീവ് റിപോർട്ടുകൾ അവതരിപ്പിച്ച ബിജു പങ്കജ് അന്വേഷണാത്മക റിപോർട്ടങ്ങിലെ ആധികാരിക ശബ്ദമായിരുന്നു.
/sathyam/media/post_attachments/view/acePublic/alias/contentid/1k2hhfsfvshgn9vmfex/0/biju-pankaj-880531.webp)
മാതൃഭൂമി ന്യൂസിൽ സീനിയർ ഡെപ്യൂട്ടി എഡിറ്ററായിരുന്ന ബിജു പങ്കജ്, മാതൃഭൂമിയുടെ ഡിജിറ്റൽ വിഭാഗത്തിലേക്കാണ് മാറിയത്.
ഡിജിറ്റൽ വിഭാഗത്തിൽ വീഡിയോ വിഭാഗത്തിൻെറ ചുമതലക്കാരനായാണ് ബിജു പങ്കജിൻെറ മാറ്റം.ചാനൽ മാനേജുമെൻറിന് അന്വേഷണാത്മക വാർത്തകളോടും സിബിഐ, ഇ.ഡി, കസ്റ്റംസ് തുടങ്ങിയ ഏജൻസികളിൽ നിന്നുളള വാർത്തകളോടും താൽപര്യമില്ലാതായതോടെ മാതൃഭൂമിയിൽ കുറെക്കാലമായി പരിസ്ഥിതി റിപോർട്ടുകളിലായിരുന്നു ബിജു പങ്കജ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.
വനവുമായി ബന്ധപ്പെട്ട ഡോക്യുമെൻററികളും ബിജു പങ്കജിന് നിരവധി പുരസ്കാരങ്ങൾ നേടി കൊടുത്തിരുന്നു.അതും മടുത്തതോടെയാണ് അങ്ങോട്ട് ആവശ്യപ്പെട്ട് ബിജു പങ്കജ് ചാനൽ രംഗം വിട്ട് ഡിജിറ്റൽ വിഭാഗത്തിലേക്ക് മാറിയതെന്നാണ് മാതൃഭൂമി ന്യൂസിൽ നിന്ന് ലഭിക്കുന്ന വിവരം
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us