മലപ്പുറം: കോഴിക്കോട് കേന്ദ്രീകരിച്ചു കൊണ്ട് ഒരു കാലത്ത് സജീവമായിരുന്ന നക്സലേറ്റ് പ്രവർത്തനങ്ങളുടെ മുൻ നിരയിലുണ്ടായിരുന്ന എഴുത്തുകാരനും നാടക സംവിധായാകനുമായിരുന്നു ഇപ്പോഴത്തെ സിനിമ നടൻ ജോയ് മാത്യു.
ജനകീയ സാംസ്‌കാരിക വേദിയിലൂടെ തീവ്ര ഇടതുപക്ഷ ആശയങ്ങൾക്ക് കരുത്തു പകരാൻ പ്രവർത്തിച്ചിരുന്ന ക്ഷുഭിത യൗവനങ്ങളുടെ പ്രതിനിധി. പിന്നീട് സിനിമ രംഗത്ത് വന്നപ്പോൾ തന്റെ നിലപാടുകളിലും മാറ്റം വരുത്തിയ ജോയ് മാത്യു കടുത്ത സിപിഎം വിമർശകനായി മാറി. നേതൃത്വത്തെ നേരിട്ട് വിമർശിക്കുന്ന ശൈലിയാണ് ജോയ് മാത്യുവിന്റേത്.
മൂന്ന് പതിറ്റാണ്ടുകാലം സിപിഎമ്മിനുവേണ്ടി രക്തസാക്ഷിയായി ജീവിച്ചു മരിച്ച പുഷ്പന് ആദരാഞ്ജലി അർപ്പിച്ചു കൊണ്ട് എഴുതിയ കുറിപ്പിൽ, പുഷ്പന് വിദഗ്ധ ചികിത്സ നടത്തിയില്ലെന്നു മാത്രമല്ല, പുഷ്പന്റെ ചികിത്സാര്‍ത്ഥം എന്നൊരു പ്രസ്താവന പോലും നടത്താതെ ശയ്യാവലംബിയുടെ കട്ടിലിനു ചുറ്റും പാട്ടും പാടി നൃത്തം വക്കുന്ന കോമാളിത്തത്തിലേക്ക് പാര്‍ട്ടി അധപ്പതിച്ചെന്ന് ജോയ് മാത്യു വിമർശിച്ചിരുന്നു.
അധികാരത്തിനു വേണ്ടി ഒറ്റുകാരെയും കൂടെക്കൂട്ടുന്ന അവസ്ഥയാണ് പാര്‍ട്ടിയില്‍ പിന്നെയുണ്ടായതെന്നും ജോയ് മാത്യു കുറ്റപ്പെടുത്തി.
/sathyam/media/media_files/2025/06/10/fpfG5eNacUQiMed6IEbd.jpg)
'എമ്പുരാൻ' വിവാദത്തി ൽ, സിനിമയെ എതിർത്ത സംഘപരിവാറിന്‍റെ വല്യേട്ടനാണ് ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് വേണ്ടി അലമുറയിടുന്ന സി.പി.എം എന്നും ജോയ് മാത്യു കുറ്റപ്പെടുത്തിയിരുന്നു. തിരുവനന്തപുരത്ത് ആശമാരുടെ സമരം ശക്തിപ്പെട്ടപ്പോൾ പിന്തുണയുമായി എത്തിയ നടൻ അപ്പോഴും വിമർശന സ്വരം കടുപ്പിച്ചു.
ഇപ്പോൾ നിലമ്പൂരിൽ യു ഡി എഫ് സ്ഥാനാർഥി ആര്യാടൻ ഷൌക്കത്തിനു വേണ്ടിയും ജോയ് മാത്യു രംഗത്ത് വന്നിരിക്കുകയാണ്.
സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഷൗക്കത്ത് നിയമസഭയിൽ എത്തണമെന്ന് ജോയ് മാത്യു പറഞ്ഞു. സ്ഥാനാർഥിയുടെ പര്യടനത്തിൽ ജോയ് മാത്യു പ്രസംഗിക്കുക യും ചെയ്തു.
പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായും നല്ല ബന്ധം പുലർത്തുന്ന ജോയ് മാത്യുവിന്റെ സാംസ്‌കാരിക രംഗത്തെ പൂർണ പിന്തുണ കോൺഗ്രസ്സും അഭ്യർത്ഥിച്ചിട്ടുണ്ട്.