/sathyam/media/media_files/2025/09/24/judicial-city-2025-09-24-16-12-51.jpg)
തിരുവനന്തപുരം: കളമശ്ശേരിയിൽ ജുഡീഷ്യൽ സിറ്റി സ്ഥാപിക്കാൻ മന്ത്രിസഭാ യോഗം ഔദ്യോഗിക അംഗീകാരം നൽകി. പ്രാരംഭ നടപടികൾക്കായി ആഭ്യന്തര വകുപ്പിന് ചുമതല ഏൽപ്പിച്ചിട്ടുണ്ട്.
ഏകദേശം 1000 കോടി രൂപയുടെ ചെലവിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള മൂന്ന് ടവറുകളായി കോടതി സമുച്ചയം നിർമ്മിക്കുന്നതാണ് പദ്ധതി. എച്ച്.എം.ടി.-യിൽ നിന്ന് ഏറ്റെടുക്കുന്ന 27 ഏക്കർ ഭൂമിയിലാണ് ജുഡീഷ്യൽ സിറ്റി ഉയരുന്നത്.
2023-ലെ മുഖ്യമന്ത്രി – ചീഫ് ജസ്റ്റിസ് വാർഷികയോഗത്തിൽ എടുത്ത തീരുമാനത്തെ അടിസ്ഥാനപ്പെടുത്തിയാണ് മന്ത്രിസഭയുടെ അംഗീകാരം. നിയമമന്ത്രി പി.രാജീവിന്റെയും ഹൈക്കോടതി ജഡ്ജിമാരുടെയും നേതൃത്വത്തിലുള്ള സംഘമാണ് കളമശ്ശേരിയിലെ സ്ഥലത്തെത്തി വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കിയത്.
പദ്ധതിയുടെ വിശദാംശങ്ങൾ ഇങ്ങനെ
🔹12 ലക്ഷത്തിലധികം ചതുരശ്ര അടി വിസ്തൃതിയിൽ മൂന്ന് ടവറുകൾ
🔹ഭരണഘടനയിലെ ആർട്ടിക്കിൾ 14, 19, 21 പ്രതിനിധീകരിക്കുന്ന രീതിയിൽ രൂപകൽപന
🔹പ്രധാന ടവറിൽ ഏഴ് നിലകളും മറ്റു രണ്ട് ടവറുകളിൽ ആറ് നിലകളുമുള്ള സൗകര്യങ്ങൾ
🔹61 കോടതി ഹാളുകൾ (ചീഫ് ജസ്റ്റിസിന്റേതുൾപ്പെടെ)
🔹രജിസ്ട്രാർ ഓഫീസ്, ഓഡിറ്റോറിയം, ലൈബ്രറി ബ്ലോക്ക്
🔹അഡ്വക്കേറ്റ് ജനറൽ ഓഫീസ്, അഭിഭാഷക ചേംബറുകൾ
🔹പാർക്കിംഗ്, മഴവെള്ള സംഭരണി തുടങ്ങിയ അനുബന്ധ സൗകര്യങ്ങൾ
നിലവിലുള്ള ഹൈക്കോടതി മന്ദിരത്തിന് സ്ഥല പരിമിതി നേരിടുന്നതിനാലാണ് പുതിയ സമുച്ചയം നിർമ്മിക്കാൻ നീക്കം തുടങ്ങിയത്.
ഹൈക്കോടതി വ്യാപനത്തിനായി അധിക ഭൂമി ഏറ്റെടുക്കുന്നത് പ്രായോഗികമല്ലെന്ന സാഹചര്യത്തിലാണ് കളമശ്ശേരി ജുഡീഷ്യൽ സിറ്റി എന്ന തീരുമാനം എടുത്തതെന്ന് മന്ത്രി പി.രാജീവ് വ്യക്തമാക്കി.
അടുത്ത ഘട്ടമായി കേന്ദ്രസഹായം ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ ആഭ്യന്തരവകുപ്പ് ആരംഭിക്കും.