/sathyam/media/media_files/2024/12/04/rSHHGVp95SmChhBw2cPU.jpg)
ഡൽഹി: കേരള ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് കെ രാമകൃഷ്ണനെ ഓച്ചിറ പരബ്രഹ്‌മ ക്ഷേത്രത്തിലെ അഡ്മിനിസ്ട്രേറ്റർ ആയി നിയമിക്കാൻ സുപ്രീം കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ആർ മഹാദേവൻ എന്നിവർ അടങ്ങിയ ബെഞ്ചിന്റെത് ആണ് ഉത്തരവ്.
ക്ഷേത്ര ഭരണസമിതിയിലേക്ക് നാല് മാസത്തിനുള്ളിൽ തെരെഞ്ഞെടുപ്പ് നടത്താൻ അഡ്മിനിസ്ട്രേറ്ററോട് സുപ്രീം കോടതി നിർദേശിച്ചു. ക്ഷേത്ര ഭരണത്തിനുള്ള ബൈലോ അനുസരിച്ച് ആയിരിക്കണം തെരെഞ്ഞെടുപ്പ് എന്നും സുപ്രീം കോടതി നിർദേശിച്ചു.
ക്ഷേത്ര ഭരണസമിതിയിലേക്കുള്ള തെരെഞ്ഞെടുപ്പ് ഉൾപ്പടെ നടത്താൻ രണ്ട് ഉദ്യോഗസ്ഥരെ അഡ്മിനിസ്ട്രേറ്റർക്ക് നിയമിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ഇതിൽ ഒരാൾ ജില്ലാ ജഡ്ജി കേഡറിൽ പെട്ട വ്യക്തിയായിരിക്കണം. രണ്ടാമത്തെ ആൾ നിയമ മേഖലയിൽ നിന്നുള്ള വ്യക്തി ആയിരിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു.
ഭരണസമിതി തെരഞ്ഞെടുപ്പും ആയി ബന്ധപ്പെട്ട് അഡ്മിനിസ്ട്രേറ്റർക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അത് നീക്കാൻ വിചാരണ കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഭരണസമിതി തെരെഞ്ഞെടുപ്പ് നടത്താൻ എല്ലാവരും അഡ്മിനിസ്ട്രേറ്ററോട് സഹകരിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു.
ഓച്ചിറ പരബ്രഹ്‌മ ക്ഷേത്രത്തിലെ ഭരണസമിതിയുടെ കാലാവധി 2022 മെയ് അവസാനിച്ചിരുന്നു. എന്നാൽ ഭരണസമിതിയിലേക്ക് തെരെഞ്ഞെടുപ്പ് നടക്കാത്തതിനാൽ സമിതി തുടരുക ആയിരുന്നു. ഇതിനിടെ കേരള ഹൈക്കോടതി ക്ഷേത്ര ഭരണത്തിന് ജസ്റ്റിസ് എ.വി രാമകൃഷ്ണ പിള്ളയെ അഡ്മിനിസ്ട്രേറ്റർ ആയി നിയമിച്ചു.
ഹൈക്കോടതിയുടെ ഈ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തതോടെ പഴയ ഭരണസമിതി വീണ്ടും അധികാരം ഏറ്റെടുത്തു. ഈ ഭരണസമിതിക്ക് തുടരാൻ അർഹത ഇല്ലെന്നും, ഉടൻ ചുമതല പുതിയ അഡ്‌മിനിറ്റ്രേറ്റർക്ക് കൈമാറണം എന്നും സുപ്രീം കോടതി നിർദേശിച്ചു.
ക്ഷേത്രത്തിന്റെ നിലവിലെ ഭരണസമിതിക്ക് വേണ്ടി സീനിയർ അഭിഭാഷകരായ കോളിൻ ഗോൺസാൽവസ്, തോമസ് പി ജോസഫ്, അഭിഭാഷകൻ നൂർ മുഹമ്മദ് എന്നിവർ ഹാജരായി. ക്ഷേത്രത്തിന്റെ സ്ഥാനികൾക്ക് വേണ്ടി അഭിഭാഷകരായ എം എസ് വിഷ്ണു ശങ്കർ, ശ്രീറാം പറക്കാട്ട് എന്നിവർ ഹാജരായി.
നിലവിലെ ഭരണസമിതിയെ നീക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചവർക്ക് വേണ്ടി സീനിയർ അഭിഭാഷകൻ വി ചിദംബരേഷ്, അഭിഭാഷകൻ അതുൽ ശങ്കർ വിനോദ് എന്നിവർ ഹാജരായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us