/sathyam/media/media_files/2026/01/16/yaswant-varma-2026-01-16-13-16-29.jpg)
ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയില്‍ നിന്നും നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി.
വിഷയത്തില്‍ അന്വേഷണത്തിനായി പാര്‍ലമെന്ററി സമിതി രൂപീകരിച്ച നടപടിക്കെതിരെയാണ് ജസ്റ്റിസ് വര്‍മ സുപ്രീംകോടതിയെ സമീപിച്ചത്.
ഇംപീച്ച് നടപടികളുടെ ഭാഗമായിട്ടാണ് മൂന്നംഗ സമിതിയെ ലോക്‌സഭ സ്പീക്കര്‍ നിയോഗിച്ചത്.
ജഡ്ജസ് ഇംപീച്ച്‌മെന്റ് ആക്ടിന്റെ അടിസ്ഥാനത്തിലാണ് ഇംപീച്ചുമെന്റിനു മുന്നോടിയായി ഇത്തരമൊരു നടപടിയിലേക്ക് ലോക്‌സഭ കടന്നത്.
എന്നാല്‍ ഈ നടപടി നിയമവിരുദ്ധമാണെന്നാണ് അലഹാബാദ് ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്.
നിയമപ്രകാരം വീഴ്ച സംഭവിച്ചിട്ടുള്ളതിനാല്‍ സമിതി രൂപീകരിച്ചത് നിലനില്‍ക്കില്ലെന്നും ജസ്റ്റിസ് വര്‍മ വാദിച്ചു.
എന്നാല്‍ ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വാദങ്ങള്‍ ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ച് തള്ളി.
ലോക്‌സഭ സ്പീക്കര്‍ക്ക് സമിതി നിയോഗിക്കാന്‍ അധികാരമുണ്ടെന്നും, ഈ അധികാരങ്ങളിലേക്ക് സുപ്രീംകോടതി ഇടപെടരുതെന്നും ലോക്‌സഭ സെക്രട്ടേറിയറ്റ് അഭ്യര്‍ത്ഥിച്ചിരുന്നു.
കഴിഞ്ഞ ഓഗസ്റ്റിലാണ് സ്പീക്കര്‍ ഇംപീച്ച്‌മെന്റ് നടപടികള്‍ ആരംഭിച്ചത്.
2025 മാര്‍ച്ച് 14 നാണ് ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഒദ്യോഗിക വസതിയില്‍ തീപിടിത്തമുണ്ടാകുന്നത്.
തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് കത്തിക്കരിഞ്ഞ നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്.
സംഭവത്തിനു പിന്നാലെ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഡല്‍ഹിയില്‍ നിന്നും അലഹാബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us