തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യ ഐടി ക്യാമ്പസായ ടെക്നോപാര്‍ക്കിന്‍റെ രൂപീകരണത്തിലും വളര്‍ച്ചയിലും നിര്‍ണായക പങ്കുവഹിച്ച മുന്‍ പൊതുമരാമത്ത് ചീഫ് എഞ്ചിനീയര്‍ കെ. മാധവന്‍ പിള്ളയ്ക്ക് ആദരവുമായി ടെക്നോപാര്‍ക്ക് ജീവനക്കാര്‍. ടെക്നോപാര്‍ക്ക് തലസ്ഥാനത്ത് പ്രവര്‍ത്തനമാരംഭിച്ചതിന്‍റെ 35-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് മാധവന്‍ പിള്ളയെ ആദരിച്ചത്. ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായരും (റിട്ട.) മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ജീവനക്കാരും അദ്ദേഹത്തെ സ്വീകരിച്ചു.
ടെക്നോപാര്‍ക്കിനായി ഭൂമി ഏറ്റെടുക്കുന്നതില്‍ പ്രാരംഭ ഘട്ടത്തില്‍ കാലതാമസമുണ്ടാക്കാവുന്ന തടസ്സങ്ങള്‍ പരിഹരിച്ചത് മാധവന്‍ പിള്ളയാണെന്ന് കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) പറഞ്ഞു. ടെക്നോപാര്‍ക്ക് പദ്ധതിയുടെ സമയബന്ധിതമായ പൂര്‍ത്തീകരണം ഉറപ്പാക്കാന്‍ അദ്ദേഹത്തിന്‍റെ ഇടപെടല്‍ നിര്‍ണായമായിരുന്നു. സര്‍വീസില്‍ നിന്ന് വിരമിച്ചതിനു ശേഷവും ടെക്നോപാര്‍ക്കിന്‍റെ വിവിധ സമിതികളില്‍ ബാഹ്യ സാങ്കേതിക ഉപദേഷ്ടാവായും അംഗമായും അദ്ദേഹം സേവനമനുഷ്ഠിക്കുന്നു. ടെക്നോപാര്‍ക്കിലെ പുതിയ പദ്ധതികള്‍, അടിസ്ഥാന സൗകര്യ വികസനം, നയരൂപീകരണം എന്നിവയില്‍ നിര്‍ണായക ഉപദേശം നല്‍കാന്‍ അദ്ദേഹം ഇപ്പോഴും ഒപ്പമുണ്ടെന്നും സഞ്ജീവ് നായര്‍ കൂട്ടിച്ചേര്‍ത്തു.
ടെക്നോപാര്‍ക്കിന്‍റെ തുടക്കം മുതല്‍ നിലവിലെ ക്വാഡ് പദ്ധതി വരെ അടിസ്ഥാന സൗകര്യ വികസനത്തിനായി കെ. മാധവന്‍ പിള്ള നല്‍കിയ സാങ്കേതിക ഉപദേശം മാതൃകാപരമാണെന്ന് ടെക്നോപാര്‍ക്ക് ജിഎം (പ്രോജക്റ്റ്സ്) മാധവന്‍ പ്രവീണ്‍ പറഞ്ഞു. എല്ലാ പ്രധാന അടിസ്ഥാനസൗകര്യ പദ്ധതികളുടെയും ആസൂത്രണത്തിലും നിര്‍വഹണത്തിലും അദ്ദേഹത്തിന്‍റെ സമര്‍പ്പണവും പ്രതിബദ്ധതയും മാര്‍ഗനിര്‍ദ്ദേശവും അദ്ദേഹത്തെ ടെക്നോപാര്‍ക്കിലെ യുവ എഞ്ചിനീയര്‍മാര്‍ക്ക് യഥാര്‍ഥ മാതൃകയാക്കുന്നുവെന്നും മാധവന്‍ പ്രവീണ്‍ കൂട്ടിച്ചേര്‍ത്തു.
ടെക്നോപാര്‍ക്ക് സമൂഹത്തിന്‍റെ ആദരവിന് മാധവന്‍ പിള്ള നന്ദി പറഞ്ഞു. എഞ്ചിനീയര്‍ എന്ന നിലയില്‍ 35 വര്‍ഷത്തെ പരിചയമുള്ള തനിക്ക് ഏറ്റെടുത്ത പദ്ധതികളുടെ പങ്കാളിയാകാനും മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കാനും സാധിച്ചിട്ടുണ്ട്. സമര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കാനും മുന്നിലെത്തുന്ന പദ്ധതികളുടെ എല്ലാ വശങ്ങളും മനസ്സിലാക്കാനും പുതിയ തലമുറയിലെ എഞ്ചിനീയര്‍മാര്‍ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
35-ാം വാര്‍ഷികത്തിന്‍റെ ഭാഗമായി ടെക്നോപാര്‍ക്ക് ജീവനക്കാര്‍ക്കായി നിരവധി പരിപാടികളാണ് സംഘടിപ്പിച്ചത്. തിരുവനന്തപുരം അഗസ്ത്യം ഫൗണ്ടേഷനിലെ ഗുരുക്കള്‍ ഡോ. എസ് മഹേഷിന്‍റെ മോട്ടിവേഷന്‍-വെല്‍നസ് ക്ലാസും നടന്നു. 'ദി ക്വാഡ്, വേള്‍ഡ് ട്രേഡ് സെന്‍ററുമായി (ഡബ്ല്യുടിസി) സഹകരിച്ചുള്ള പദ്ധതികളും സാമൂഹിക-സാംസ്കാരിക പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ട്.