/sathyam/media/media_files/cOHqaub6pFJZCQThxhbb.jpg)
ന്യൂഡല്‍ഹി: തൃശൂരില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സുരേഷ് ഗോപി നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതില്‍ വീഴ്ച പറ്റിയതാണ് തോല്‍വിക്ക് കാരണമെന്ന് തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍. എക്സ് എംപി പാസ് വാങ്ങാനും ഔദ്യോഗിക വസതി ഒഴിയാനുമായി ഡൽഹിയിലെത്തിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
താൻ തന്നെയാണ് തെറ്റ് ചെയ്തത്. ഉറപ്പായും ജയിക്കാവുന്ന സിറ്റിങ് സീറ്റിൽ നിന്നും മാറി മത്സരിച്ചു. അതിന്റെ ഫലം അനുഭവിക്കേണ്ടിവന്നു. ആര്‍ക്കെതിരെയും പരാതി പറഞ്ഞില്ല. ആര്‍ക്കെതിരെയും നടപടിയെടുക്കാനും ആവശ്യപ്പെട്ടിട്ടില്ല.
രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് തന്നോട് അഭിപ്രായം ചോദിച്ചത് ബഹുമതിയായി കാണുന്നു. ഒരു തിരഞ്ഞെടുപ്പോടുകൂടി ലോകം അവസാനിക്കില്ല. തൃശൂരില്‍ മാത്രമാണ് ക്രൈസ്തവ വോട്ടുകളില്‍ വിള്ളലുണ്ടായത്. കോട്ടയത്തും, ഇടുക്കിയിലും നല്ല ഫലമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
പത്മജ പാര്‍ട്ടി മാറിയത് ഒരു ശതമാനം പോലും ബാധിച്ചിട്ടില്ല. വയനാട്ടില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്നാണ് ആഗ്രഹം. എംപിയല്ലാത്ത സ്ഥിതിക്ക് ഡല്‍ഹിയിലേക്ക് വരേണ്ട ആവശ്യമില്ല. ഒരു വര്‍ഷത്തേക്ക് പ്രവര്‍ത്തനരംഗത്തേക്കില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.