കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടില്ലെങ്കില്‍ സര്‍ക്കാരിന് വലിയ പ്രക്ഷോഭങ്ങള്‍ സഹിക്കേണ്ടി വരുമെന്ന് കെ. മുരളീധരന്‍. ഇടതുമന്ത്രിമാരുടെ ദുര്‍ഭരണം കണ്ട് സഹികെട്ടാണ് കാട്ടുമൃഗങ്ങള്‍ നാട്ടില്‍ ഇറങ്ങുന്നതെന്നും പരിഹാസം

New Update

പാലക്കാട്: കര്‍ഷകരുടെ നീറുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടില്ലെങ്കില്‍ ഒന്നേകാല്‍ വര്‍ഷം സര്‍ക്കാരിന് പ്രക്ഷോഭങ്ങള്‍ സഹിക്കേണ്ടി വരുമെന്ന് കെപിസിസി മുന്‍ പ്രസിഡന്റ് കെ. മുരളീധരന്‍ പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കോട്ടമൈതാനത്ത് നടത്തിയ കലം കമഴ്ത്തി സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisment

തുടര്‍ഭരണം ലഭിക്കുമെന്ന സിപിഎമ്മിന്റെ ധാരണ മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം മാത്രമാണ്. കര്‍ഷകര്‍ക്കായി നിരവധി സമര പോരാട്ടങ്ങളാണ് യുഡിഎഫും കോണ്‍ഗ്രസും നടത്തിയത്. എന്നാല്‍ ഇതൊന്നും മുഖവിലക്കെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഇതിന് എല്‍ഡിഎഫ് കനത്ത വില നല്‍കേണ്ടി വരും. 

കേരളത്തിലെ പല ഭാഗത്തും കര്‍ഷകര്‍ ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുകയാണ്. മലയോരമേഖലകളില്‍ കൃഷി ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായ സാഹചര്യമാണ് കര്‍ഷകര്‍ നേരിടുന്നത്. 1972 ഇന്ദിരാഗാന്ധി വന്യജീവി നിയമം പാസാക്കിയത് മറ പിടിച്ചാണ് സര്‍ക്കാര്‍ തടസ്സം നില്‍ക്കുന്നത്. 

എന്നാല്‍ വന്യജീവി നിയമം ഭേദഗതി ചെയ്യണമെന്നാണ് കര്‍ഷകരുടെ ആവശ്യം. അന്നത്തെ കാലത്ത് സിംഹം ഉള്‍പ്പടെയുള്ള മൃഗങ്ങള്‍ക്ക് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു. അന്നാണ് ഈ നിയമം നടപ്പാക്കിയത്. ഇന്ന് സ്ഥിതി മാറി മൃഗങ്ങള്‍ പെറ്റുപെരുകുകയാണ്. മലയോര മേഖലകളില്‍ മാത്രമല്ല, നാട്ടിന്‍പുറങ്ങളില്‍ വരെ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്. 

publive-image

ഇത് പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ പ്രധാനമന്ത്രിയെ കാണണമെന്നും കെ. മുരളീധരന്‍ ആവശ്യപ്പെട്ടു.

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇടതുമന്ത്രിമാരുടെ ദുര്‍ഭരണം കണ്ടു സഹികെട്ടാണ് കാട്ടുമൃഗങ്ങള്‍ നാട്ടില്‍ ഇറങ്ങുന്നതെന്നും അദ്ദേഹം പരിഹസിച്ചു. 

വന്യമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങിയാല്‍ ജനങ്ങള്‍ക്ക് നിയമം കയ്യിലെടുക്കേണ്ടി വരും. ഭയാനകമായ ഈ സ്ഥിതിവിശേഷം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും കെ. മുരളീധരന്‍ കുറ്റപ്പെടുത്തി. കര്‍ഷകരെ ഗുരുതരമായി ബാധിക്കുന്ന എലപ്പുള്ളിയിലെ ബ്രൂവറി എന്തു നേരിടേണ്ടി വന്നാലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.

A

ദിവസങ്ങളോളമായി സമരം നടത്തുന്ന ആശാവര്‍ക്കര്‍മാരെ അധിക്ഷേപിക്കാനാണ് സര്‍ക്കാരും സിപിഎം നേതാക്കളും ശ്രമിക്കുന്നത്. ആശാവര്‍ക്കര്‍മാരുടെ സമരം എത്രയും വേഗം പരിഹരിക്കണം. തൊഴിലുറപ്പ് തൊഴിലാളികളെ അണിനിരത്തിയാണ് സിപിഎം ആശാവര്‍ക്കര്‍മാരുടെ പേരില്‍ സമരം നടത്തുന്നത്.

രണ്ടുകാര്യങ്ങള്‍ നടപ്പാക്കാന്‍ കോണ്‍ഗ്രസും യുഡിഎഫും അനുവദിക്കില്ല. ബ്രൂവറിയെ നാടുകടത്തും. കിഫ്ബി റോഡിനു വേണ്ടി പണിതീര്‍ത്ത ടോള്‍ ബൂത്തുകള്‍ ജനങ്ങള്‍ അടിച്ചു തകര്‍ക്കും. അതിനൊപ്പം യുഡിഎഫ് ഒറ്റക്കെട്ടായി ഉണ്ടാവുമെന്നും കെ. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

ഡിസിസി പ്രസിഡന്റ് എ. തങ്കപ്പന്‍ അധ്യക്ഷനായിരുന്നു. എ.പി അനില്‍കുമാര്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ വി.ടി. ബല്‍റാം, അബ്ദുള്‍ മുത്തലിബ്, സി. ചന്ദ്രന്‍, കെ.എ. തുളസി, സി.വി ബാലചന്ദ്രന്‍, മുന്‍ എംപി രമ്യ ഹരിദാസ്, പി. ഹരിഗോവിന്ദന്‍, പി. ബാലഗോപാല്‍, പി.വി. രാജേഷ്, സുമേഷ് അച്യുതന്‍, ജി. ശിവരാജന്‍, വി. രാമചന്ദ്രന്‍, എസ്.കെ. അനന്തകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Advertisment