/sathyam/media/media_files/vDjJTBHAGhgJrHFYozgJ.jpg)
തൃശൂർ: ചേലക്കരയിലെ ഉപതിരഞ്ഞെടുപ്പിൻെറ പ്രചാരണം ഉച്ചസ്ഥായിയിൽ എത്തിനിൽക്കെ പാർട്ടി കേന്ദ്രകമ്മിറ്റി അംഗവും സംസ്ഥാനത്ത് നിന്നുളള ഏക എം.പിയുമായ കെ. രാധാകൃഷ്ണനെതിരെ സി.പി.എമ്മിൽ നിന്ന് നീക്കം.
ഉപതിരഞ്ഞെടുപ്പിൻെറ പ്രചാരണത്തിൽ സജീവമല്ലെന്നുളള പ്രചാരണം അഴിച്ചുവിട്ടാണ് സംസ്ഥാനത്ത് തന്നെ ഏറ്റവും മികച്ച പ്രതിഛായയുളള നേതാവായ കെ. രാധാകൃഷ്ണന് എതിരെ പാർട്ടിക്കുളളിൽ നീക്കം നടക്കുന്നത്.
രാധാകൃഷ്ണൻ സജീവമല്ലെന്ന പ്രചരണത്തിന് ബലം പകരുന്നതിനായി എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.ആർ. പ്രദീപ് മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്നതും ഇതിനൊപ്പം പ്രചരിപ്പിക്കുന്നുണ്ട്. രാധാകൃഷ്ണനെതിരെ പരാതിപ്പെട്ടെന്ന പ്രചരണം യു.ആർ.പ്രദീപ് നിഷേധിച്ചിട്ടുണ്ട്.
പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായി ഉണ്ടായിട്ടും തനിക്കെതിരെ നടക്കുന്ന തെറ്റായ പ്രചരണങ്ങൾ ബോധ പൂർവമാണെന്ന് കെ.രാധാകൃഷ്ണനും പ്രതികരിച്ചു.
'' ചേലക്കരയിലെ പ്രചരണത്തിന് ഞാൻ സജീവമായിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതു മുതൽ ചേലക്കരയിൽ സജീവമായി പ്രവർത്തനരംഗത്ത് ഉണ്ട്. പാർട്ടി ഏൽപ്പിക്കുന്ന ഉത്തരവാദിത്തം കൃത്യമായി ചെയ്യുന്നയാളാണ് ഞാൻ. ഇടതുമുന്നണിയുടെ ജയത്തിന് തടയിടാനുള്ള ബോധപൂർവമായ പ്രചരണമാണ് ഇപ്പോൾ വന്നിരിക്കുന്ന വാർത്ത.'' കെ. രാധാകൃഷ്ണൻ പ്രതികരിച്ചു.
എന്നിട്ടും രാധാകൃഷ്ണനെ വ്യക്തിഹത്യ ചെയ്യുക ലക്ഷ്യമിട്ടുളള തെറ്റായ പ്രചരണം നിർത്തിയിട്ടില്ല. ചേലക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി യു.ആർ.പ്രദീപ്, കെ. രാധാകൃഷ്ണനെതിരെ പരാതി നൽകിയെന്ന വാർത്ത ഇപ്പോഴും തിരുത്തില്ലാതെ ചില വാർത്താ ചാനലുകളിൽ മുടങ്ങാതെ കാണിക്കുന്നുണ്ട്.
പാർട്ടിക്കുളളിലെ ചില നേതാക്കളുടെ പിന്തുണയോടെയാണ് കെ. രാധാകൃഷ്ണനെതിരെ തെറ്റായ പ്രചരണം അഴിച്ചുവിടുന്നതെന്ന് വ്യക്തമാണ്. തൃശൂർ സി.പി.എമ്മിലെ സമവാക്യങ്ങളാണ് ഇതിന് കാരണമെന്നാണ് സൂചന.
മികച്ച പ്രതിഛായയുളള നേതാവായ കെ. രാധാകൃഷ്ണൻ ജില്ലയിലെ ശാക്തിക ചേരിക്ക് അനഭിമതനാണ്. തൃശൂരിൽ നിന്നുളള വ്യവസായിയോട് ആഭിമുഖ്യം പുലർത്തുന്ന നേതൃനിരയോട് രാധാകൃഷ്ണനും യോജിപ്പില്ല.
ഈ ചേരിയിലെ പ്രമുഖനാണ് ചേലക്കരയിലെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ചുക്കാൻ പിടിക്കുന്നത്. രാധാകൃഷ്ണൻ വിരുദ്ധതയുളള നേതാവിൻെറ അടുപ്പക്കാരനാണ് സ്ഥാനാർത്ഥി യു.ആർ.പ്രദീപ്. മുൻമന്ത്രി കൂടിയായ ഈ നേതാവും അദ്ദേഹത്തിൻെറ അനുകൂലികളുമാണ് ചില വാർത്താ ചാനലുകളെ ഉപയോഗിച്ച് രാധാകൃഷ്ണനെതിരെ നീക്കം നടത്തുന്നത്.
രാധാകൃഷ്ണൻെറ പ്രതിഛായ എപ്പോഴെല്ലാം ഉയർന്നുനിൽക്കുന്നോ അപ്പോഴെല്ലാം ഇത്തരം എതിർ പ്രചരണങ്ങൾ നടക്കാറുണ്ടെന്നും ചേലക്കരയിലെ പാർട്ടി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ 20 ലോക്‌സഭ മണ്ഡലങ്ങളിൽ 19ലും ഇടത് മുന്നണി സ്ഥാനാർത്ഥികൾ തോൽവി ഏറ്റുവാങ്ങിയപ്പോൾ കെ. രാധാകൃഷ്ണൻ മത്സരിച്ച ആലത്തൂരിൽ മാത്രമാണ് ജയിക്കാനായത്.
ശക്തമായ ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ച ലോക്‌സഭ തിരഞ്ഞെടുപ്പിൽ രാധാകൃഷ്ണൻെറ പ്രതിഛായയിലാണ് ജയിച്ചതെന്ന് വ്യക്തമാണ്. ഈ വിലയിരുത്തൽ മാധ്യമങ്ങളും ശക്തമായി ഏറ്റെടുത്തിരുന്നു.
ലോക്‌സഭയിലെ സി.പി.എമ്മിൻെറ പ്രതിപക്ഷ നേതാവായ കെ. രാധാകൃഷ്ണൻ സി.പി.എമ്മിൻെറ നേതൃശ്രേണിയിൽ ഉയരങ്ങളിലേക്കെത്തുമെന്നും ഉറപ്പാണ്. ഈ ഘട്ടത്തിലാണ് ജില്ലയിലെ ശാക്തിക ചേരി രാധാകൃഷ്ണന് എതിരെ ആക്ഷേപം അഴിച്ചുവിട്ടത്.
യു.ആർ. പ്രദീപിൻെറ റോഡ് ഷോയിൽ കെ. രാധാകൃഷ്ണൻ ഒപ്പം ഉണ്ടായിരുന്നില്ല എന്നതാണ് പരാതി ഉണ്ടെന്ന് പ്രചരിപ്പിക്കുന്നവരുടെ പ്രധാന ആയുധം. പാലക്കാട് മണ്ഡലം ഒഴിഞ്ഞ കോൺഗ്രസിലെ ഷാഫി പറമ്പിൽ അവിടുത്തെ സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിനെ കൊണ്ടുനടക്കുന്നത് പോലെ രാധാകൃഷ്ണൻ യു.ആർ. പ്രദീപിനെ പരിഗണിക്കുന്നില്ലെന്ന പരാതിയും പ്രചരണത്തിൻെറ ഭാഗമാണ്.
ഉപ തിരഞ്ഞെടുപ്പിൻെറ സംഘടനാ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് പ്രവർത്തിക്കുന്ന കെ. രാധാകൃഷ്ണൻ മറ്റ് പരിപാടികളുടെ തിരക്കുളളതുകൊണ്ടാണ് റോഡ് ഷോയിൽ പങ്കെടുക്കാതെ പോയതെന്ന് മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി എത്തിയിട്ടുളള സംസ്ഥാന നേതാക്കൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
ഈ ദിവസങ്ങളിൽ സ്ഥാനാർത്ഥി മണ്ഡല പര്യടനത്തിലായിരുന്നുവെന്നും ശനിയാഴ്ച മുതൽ നടക്കുന്ന റോഡ് ഷോയിൽ സ്ഥാനാർത്ഥിക്കൊപ്പം രാധാകൃഷ്ണനും പങ്കാളിയാകുമെന്നും നേതാക്കൾ അറിയിച്ചു.
1996 മുതൽ 2016വരെ തുടർച്ചയായി ചേലക്കര മണ്ഡലത്തെ പ്രതിനീധീകരിച്ചു പോരുന്ന കെ. രാധാകൃഷ്ണൻ ഒഴിഞ്ഞപ്പോഴാണ് 2016ൽ യു.ആർ.പ്രദീപ് ആദ്യമായി എം.എൽ.എയായത്. 2021ലെ നിയമ സഭാ തിരഞ്ഞെടുപ്പിൽ രാധാകൃഷ്ണനെ വീണ്ടും സ്ഥാനാർത്ഥിയാക്കാൻ സംസ്ഥാന നേതൃത്വം തീരുമാനിച്ചപ്പോഴാണ് ഒരു ടേം മാത്രം എം.എൽ.എ ആയിരുന്ന പ്രദീപിന് മാറേണ്ടിവന്നത്.
രാധാകൃഷ്ണൻ രാജിവെച്ച ഒഴിവിൽ പ്രദീപിനെ സ്വാഭാവിക സ്ഥാനാർത്ഥിയായി പരിഗണിക്കുകയും ചെയ്തു. ഈ തീരുമാനത്തെ അനുകൂലിച്ച രാധാകൃഷ്ണനെ ലക്ഷ്യം വെച്ച് തെറ്റായ പ്രചരണം നടക്കുന്നത് പ്രദീപിൻെറ വിജയസാധ്യതയെ തന്നെ ബാധിക്കാനിടയുണ്ട്.
പാർട്ടിയിൽ നിന്ന് ഒതുക്കൽ നേരിടുന്നത് കൊണ്ടാണ് രാധാകൃഷ്ണനെ മന്ത്രിസ്ഥാനം രാജിവെയ്പിച്ച് ലോകസഭയിലേക്ക് നാടുകടത്തിയതെന്ന പ്രചരണം
ഇപ്പോൾ തന്നെ മണ്ഡലത്തിലുണ്ട്. അതിനൊപ്പം രാധാകൃഷ്ണനെ വ്യക്തിപരമായി അവഹേളിക്കുന്ന പ്രചാരണം കൂടിയാകുമ്പോൾ ഫലത്തെ സ്വാധീനിക്കുമെന്നാണ് പ്രവർത്തകരുടെ ആശങ്ക.