കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് കെ. സുധാകരനെ മാറ്റാനുളള നീക്കങ്ങൾ വീണ്ടും ശക്തിയാർജിക്കുന്നു. നീക്കം വയനാട് ക്യാംപ് എക്സിക്യൂട്ടിവിന് പിന്നാലെ. രാഷ്ട്രീയകാര്യ സമിതിയിൽ സുധാകരനെതിരെ രൂക്ഷ വിമർശനവുമായി മുതിര്‍ന്ന നേതാക്കള്‍. കൂടോത്രം മുതല്‍ സകലതും പ്രശ്‌നം. ഇന്ദിരാഭവനിലേക്ക് കയറിച്ചെല്ലാൻ പറ്റാത്ത സാഹചര്യമെന്ന് തുറന്നടിച്ച് നേതാക്കള്‍

ലോക്‌സഭ തിരഞ്ഞെടുപ്പിലെ തകർപ്പൻ ജയത്തോടെ മന്ദഗതിയിലായ കോൺഗ്രസിലെ കെ. സുധാകരൻ വിരുദ്ധ നീക്കങ്ങൾക്ക് വീണ്ടും ജീവൻ വെയ്ക്കുന്നു

New Update
 K Sudhakaran on Vizhinjam port

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിലെ തകർപ്പൻ ജയത്തോടെ മന്ദഗതിയിലായ കോൺഗ്രസിലെ കെ. സുധാകരൻ വിരുദ്ധ നീക്കങ്ങൾക്ക് വീണ്ടും ജീവൻ വെയ്ക്കുന്നു.

Advertisment

ബത്തേരിയിൽ നടന്ന കെ.പി.സി.സി ക്യാംപ് എക്സിക്യൂട്ടിവിലെയും പിന്നാലെ നടന്ന കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിലെയും ചർച്ചകളാണ് സുധാകരനെതിരായ നീക്കങ്ങൾക്ക് പുതുജീവൻ പകർന്നിരിക്കുന്നത്.

രാഷ്ട്രീയകാര്യ സമിതിയോഗത്തിൽ കെ. സുധാകരന് എതിരെ ആഞ്ഞടിച്ച മുതിര്‍ന്ന നേതാക്കള്‍ തന്നെയാണ് സുധാകരനെ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാനുളള നീക്കത്തിൻെറ മുൻനിരയിൽ.

സംസ്ഥാനത്തെ കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനിലേക്ക് കയറിച്ചെല്ലാൻ പറ്റാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്നായിരുന്നു രാഷ്ട്രീയകാര്യ സമിതിയില്‍ ഒരു ഉന്നത നേതാവിന്‍റെ തുറന്നുപറച്ചിൽ. 

രക്ഷയായത് ആ 18 സീറ്റുകള്‍ 

സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവരുടെ സാന്നിധ്യത്തിൽ ആയിരുന്നു കെ. സുധാകരനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നത്.

ഇതിന് പിന്നാലെ മണ്ഡലം പുന:സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചൂണ്ടിക്കാട്ടി എ ഗ്രൂപ്പ് നേതാക്കളും സുധാകരനെതിരെ തിരിഞ്ഞതോടെ കെ.പി.സി.സി അദ്ധ്യക്ഷനെ മാറ്റാനുളള നീക്കങ്ങൾക്ക് കൂടുതൽ പിന്തുണ കൈവന്നു.

മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം എ ഗ്രൂപ്പുകൂടി രംഗത്തുവന്നതോടെ സുധാകരന്റെ സ്ഥിതി വീണ്ടും മോശമാകാനാണ് സാധ്യത. ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം കെ.പി.സി.സി അധ്യക്ഷസ്ഥാനത്ത് നിന്ന് കെ.സുധാകരനെ മാറ്റാൻ ആലോചനയുണ്ടായിരുന്നു. എന്നാൽ 18 സീറ്റിലും ജയിച്ചതോടെ ആ ആലോചന മാറ്റിവെയ്ക്കാൻ ഹൈക്കമാൻഡ് നിർ‍‍ബന്ധിതമായി.

18 സീറ്റിലും തകർപ്പൻ ജയം നേടിയതിനൊപ്പം കണ്ണൂർ മണ്ഡലത്തിൽ ലക്ഷത്തിലേറെ വോട്ടിൻെറ ഭൂരിപക്ഷത്തിന് ജയിച്ചുവരിക കൂടി ചെയ്ത കെ. സുധാകരനെ എങ്ങനെ മാറ്റും എന്നതായിരുന്നു നേതൃത്വത്തെ പിന്നോട്ട് വലിച്ച കാരണം. എന്നാൽ അദ്ധ്യക്ഷ പദവിയിൽ തുട‍ർന്ന കെ. സുധാകരൻ വീണ്ടും ഏകപക്ഷീയമായ നീക്കങ്ങളിലൂടെ പ്രമുഖ ഗ്രൂപ്പുകളെയും നേതാക്കളെയും എതിരാക്കുകയാണ്.

ഓവർസീസ് കോൺഗ്രസിൻെറ തലപ്പത്തെ നിയമനം, മണ്ഡലം പ്രസി‍ഡന്റുമാരുടെ നിയമനം , താൽക്കാലിക പ്രസിഡന്റായിരുന്ന എം.എം.ഹസൻ എടുത്ത തീരുമാനങ്ങൾ റദ്ദ് ചെയ്തത് തുടങ്ങി നിരവധി കാര്യങ്ങളാണ് ഗ്രൂപ്പ് നേതാക്കൾക്ക് ഉദാഹരണമായി ചൂണ്ടിക്കാട്ടാനുളളത്. ഈ സാഹചര്യത്തിലാണ് സുധാകരനെ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാനുളള നീക്കങ്ങൾക്ക് തിടുക്കം വെച്ചത്.

 ഇന്ദിരാ ഭവന്‍റെ പവിത്രത ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ ?

ബത്തേരിയിൽ ചേർന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് മുതിര്‍ന്ന നേതാക്കള്‍തന്നെ കെ.സുധാകരനെതിരെ പൊട്ടിത്തെറിച്ചത്. പാർട്ടി ആസ്ഥാനത്ത് കെ. സുധാകരൻ സ്ഥിരമായി വരാത്തതും ഇന്ദിരാ ഭവനിൽ നിന്ന് ആഭിചാരക്രിയകളുടെ അവശിഷ്ടങ്ങൾ കണ്ടെടുത്തതും അടക്കമുളള വിഷയങ്ങൾ ഉന്നയിച്ചാണ് നേതാക്കളുടെ വിമർശനം.

കോൺഗ്രസ് പ്രവർത്തകർ പരിപാവനമായി  കാണുന്ന ഇന്ദിരാഭവനിലേക്ക് കയറി ചെല്ലാൻ പറ്റാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്ന്  അവര്‍ തുറന്നടിച്ചു. 

കെ.പി.സി.സി ആസ്ഥാനത്ത് നടക്കുന്ന കാര്യങ്ങൾ പുറത്തു പറയാൻ കൊള്ളില്ലെന്നും ചില നേതാക്കള്‍ പറഞ്ഞതായാണ് പുറത്ത് വരുന്ന വിവരം.

കൂടോത്ര ആരോപണം തൻെറ നേർക്ക് തിരിച്ചുവിടാനുളള നീക്കങ്ങളാണ് വൈകാരിക പ്രതികരണങ്ങൾക്ക് ഒരു നേതാവിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന. മണ്ഡലം പ്രസിഡന്റുമാരുടെ ഏകപക്ഷീയമായ നിയമനത്തെ ചോദ്യം ചെയ്ത് എ ഗ്രൂപ്പ് നേതൃത്വവും കെ. സുധാകരനെതിരെ ആഞ്ഞടിച്ചു.

ആഞ്ഞടിച്ച് എ ഗ്രൂപ്പും 

മണ്ഡലം പ്രസിഡന്റുമാരെ ആരാണ് നിയമിച്ചതെന്ന ചോദ്യമാണ് ഗ്രൂപ്പ് നേതാവായ കെ.സി. ജോസഫ്  കെ. സുധാകരന് നേരെ ഉയർത്തിയത്. സുധാകരനെ  മറയാക്കി ഒരു വിഭാഗം  പാർട്ടിയിൽ നടക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് നടത്തുന്നതെന്ന വിമർശനവും രാഷ്ട്രീയ കാര്യ സമിതിയിൽ ഉയർ‍ന്നു. എന്നാൽ എല്ലാം കേട്ടിരുന്ന കെ. സുധാകരൻ ആരോപണങ്ങളോട് പ്രതികരിക്കാൻ തയാറാകാതിരുന്നത് ശ്രദ്ധേയമായി. 

രാഷ്ട്രീയകാര്യ സമിതിയിലെ വിമർശനങ്ങൾക്ക് ഹൈക്കമാൻഡ് പ്രതിനിധികളും സാക്ഷിയായ പശ്ചാത്തലത്തിൽ ദേശിയ നേതൃത്വത്തിൽ നിന്ന് അനുകൂല തീരുമാനം വരുമെന്ന പ്രതീക്ഷയിലാണ് ഗ്രൂപ്പ് നേതൃത്വം. സുധാകരനെതിരായ വികാരത്തിൻെറ തീവ്രത തിരിച്ചറിയുന്ന ദേശിയ നേതൃത്വം അദ്ദേഹത്തെ മാറ്റാനുളള ആലോചനയിലേക്ക് ഇതുവരെ കടന്നിട്ടില്ല.

പകരക്കാരനും തടസം ?

സുധാകരനെ മാറ്റിയാൽതന്നെ പകരക്കാരനായി ആരെ കൊണ്ടുവരും എന്നതാണ് ഹൈക്കമാൻഡിനെ അലട്ടുന്ന പ്രധാന പ്രശ്നം. ഈഴവ തീയ്യ വിഭാഗത്തിൽ നിന്നുളള സുധാകരനെ മാറ്റിയാൽ അതേ വിഭാഗത്തിൽ നിന്നുളള നേതാവിനെ തന്നെ പകരക്കാരനായി കണ്ടെത്തേണ്ടിവരും. ഈഴവ വിഭാഗത്തിൽ നിന്ന് കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന നേതാവ് അടൂർ പ്രകാശ് മാത്രമാണ്.

എന്നാൽ ആറ്റിങ്ങൽ ലോകസഭാ മണ്ഡലത്തിലെ പ്രചരണരംഗത്ത് ഉണ്ടായ വീഴ്ചകളിൽ ഹൈക്കമാൻഡിന് അദ്ദേഹത്തോട് എതിർപ്പുണ്ട്. ജയിക്കാൻ ഒട്ടും താൽപര്യമില്ലാത്തത് പോലെയാണ് അടൂർ പ്രകാശ് ആറ്റിങ്ങൽ പ്രവർത്തിച്ചതെന്നാണ് ഹൈക്കമാൻഡിന് ലഭിച്ചിരിക്കുന്ന വിവരം. ചില കളങ്കിത വ്യവസായികളുമായുള്ള പ്രകാശിന്‍റെ ബന്ധം പ്രതികൂലമാകും.

Advertisment