സത്യം ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വഴി കെ. സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റാന്‍ ഗൂഢാലോചന നടക്കുന്നെന്ന് പരാതി. സുധാകരന്‍ അനുകൂലികള്‍ ഹൈക്കമാന്‍ഡിന്‌ പരാതി നല്‍കിയതായി വാര്‍ത്ത പുറത്തുവിട്ടത് 'ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്' ! ദേശീയ മാധ്യമത്തിലെ വാര്‍ത്തയ്ക്ക് പിന്നില്‍ സുധാകരന്‍ അനുകൂലികള്‍ എന്നും ആരോപണം. പ്രതിദിനം 35 ലക്ഷം വരെ വായനക്കാരുള്ള മാധ്യമത്തെ കോണ്‍ഗ്രസിലെ ഏതെങ്കിലും ഗ്രൂപ്പുകളുടെ തൊഴുത്തില്‍ കെട്ടാന്‍ ശ്രമിക്കരുതെന്ന് സത്യം ഓണ്‍ലൈന്‍

വയനാട് നടന്ന കെപിസിസി എക്സിക്യൂട്ടീവ് യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ ഹൈക്കമാന്‍ഡിന്‌ പരാതി നല്‍കിയതായി 'ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്' ആണ് റിപ്പോര്‍ട്ട് ചെയ്തത്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
ks vd

തിരുവനന്തപുരം : കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് കെ സുധാകരനെ പുറത്താക്കാന്‍ ഓണ്‍ലൈന്‍ മാധ്യമം വഴി സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ ഗൂഢാലോചന നടത്തുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്‌ സുധാകരന്‍ അനുകൂലികളുടെ പരാതി.

Advertisment

വയനാട് നടന്ന കെപിസിസി എക്സിക്യൂട്ടീവ് യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ ഹൈക്കമാന്‍ഡിന്‌ പരാതി നല്‍കിയതായി 'ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്' ആണ് റിപ്പോര്‍ട്ട് ചെയ്തത്.


കെ. സുധാകരനെ പുറത്താക്കാന്‍ ലക്ഷ്യം വച്ചുകൊണ്ട് കരുതിക്കൂട്ടി വാര്‍ത്ത നല്‍കുകയാണെന്ന് ആരോപിച്ച് സത്യം ഓണ്‍ലൈനിനെതിരെയാണ് സുധാകരന്‍ അനുകൂലികള്‍ എന്ന വിഭാഗം പത്രത്തിന്‍റെ പേര് ഉള്‍പ്പെടെ രേഖപ്പെടുത്തി ഹൈക്കമാന്‍ഡിന്‌ പരാതി നല്‍കിയിരിക്കുന്നത്. 


അതേസമയം 'ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്' വാര്‍ത്തയില്‍ സത്യം ഓണ്‍ലൈനിന്‍റെ പേര് പരാമര്‍ശിക്കാതെ കോട്ടയത്തുനിന്നുള്ള ഓണ്‍ലൈന്‍ പത്രം എന്ന പരാമര്‍ശത്തോടെയാണ് വാര്‍ത്ത.

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ അറിവോടെയാണ് സുധാകരനെതിരെയുള്ള സത്യം ഓണ്‍ലൈന്‍ വാര്‍ത്തകള്‍ എന്നാണ് പരാതി. തനിക്കെതിരെ നിരന്തരം സത്യം ഓണ്‍ലൈനില്‍ വരുന്ന വാര്‍ത്തകള്‍ ഉത്തരവാദിത്വപ്പെട്ടവര്‍ നിഷേധിക്കാത്ത കാലത്തോളം അത് അര്‍ദ്ധ സത്യമാണെന്ന് പരാതിയില്‍ പറയുന്നതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.


അതേസമയം, കെപിസിസി അധ്യക്ഷന്‍റെ പരാതിയിലെ പരാമര്‍ശങ്ങള്‍ 'സത്യം ഓണ്‍ലൈന്‍' മാനേജ്മെന്‍റ് ശക്തമായി നിക്ഷേധിക്കുകയാണ്. ഏതെങ്കിലും നേതാവിനെ പദവിയില്‍ എത്തിക്കുന്നതിനോ പുറത്താക്കുന്നതിനോ ലക്ഷ്യം വച്ചുകൊണ്ട് വാര്‍ത്തകള്‍ സൃഷ്ടിക്കുക എന്നതല്ല 'സത്യം ഓണ്‍ലൈന്‍' നയമെന്ന് മാനേജ്മെന്‍റ് വ്യക്തമാക്കി.


കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഏര്‍പ്പെടുന്നത് 'സത്യം ഓണ്‍ലൈന്‍' ശൈലിയല്ലെന്നും മാനേജ്മെന്‍റ് വ്യക്തമാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസ്, മുസ്ലീം ലീഗ്, വിവിധ കേരളാ കോണ്‍ഗ്രസുകള്‍, സിപിഎം, സിപിഐ എന്നീ രാഷ്ട്രീയ പാര്‍ട്ടികളെ സംബന്ധിച്ച് ഏറ്റവും ആധികാരികമായി മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് മുന്‍പേ ആദ്യം വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമം 'സത്യം ഓണ്‍ലൈന്‍' ആണ്.

അവയൊക്കെ കൃത്യമായ ഉറവിടങ്ങളില്‍ നിന്നും ലഭിക്കുന്ന ആധികാരിക വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ്. അതിനാല്‍ തന്നെ ഇന്നുവരെ ഒരു വാര്‍ത്തയും തിരുത്തുകയോ പിന്‍വലിക്കുകയോ ചെയ്യേണ്ട സാഹചര്യം സത്യം ഓണ്‍ലൈനിന്‌ ഉണ്ടായിട്ടില്ല. 

ഇത്തരം വാര്‍ത്തകള്‍ക്കെതിരെ പരാതി നല്കാന്‍ പോലും രാഷ്ട്രീയപാര്‍ട്ടികള്‍ തയ്യാറാകാത്തത് അവ യാഥാര്‍ഥ്യം ആണെന്നും കൃത്യമായ സോഴ്സ് ഉള്‍പ്പെടെ ഉള്ളതാണെന്നും ബോധ്യമായ സാഹചര്യത്തിലാണ്.


 കോണ്‍ഗ്രസ് രാഷ്ട്രീയം മാത്രമല്ല 'സത്യം ഓണ്‍ലൈന്‍' കൈകാര്യം ചെയ്യുന്നത് എന്നിരിക്കെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് താത്പര്യങ്ങളുടെ പേരില്‍ സത്യത്തിന്‍റെ പേര് വലിച്ചിഴച്ചത് ഉന്നത പദവികളില്‍ ഇരിക്കുന്ന നേതാക്കളുടെ നിലവാരമില്ലായ്മയാണ് വിളിച്ചോതുന്നത് എന്നാണ് പൊതുവായ വിമര്‍ശനം.


ഗൂഗിള്‍ അനലിറ്റിക്സ് രേഖകള്‍ പ്രകാരം പ്രതിദിനം 25 ലക്ഷം മുതല്‍ 35 ലക്ഷം വരെ വായനക്കാരുള്ള കേരളത്തിലെ ഏറ്റവും വലിയ സ്വതന്ത്ര ഓണ്‍ലൈന്‍ മാധ്യമം ആണ് സത്യം ഓണ്‍ലൈന്‍. ഏറ്റവുമധികം രാഷ്ട്രീയ വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്ന മാധ്യമം എന്ന നിലയില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും ഉള്‍പ്പെട്ട ആളുകള്‍ സത്യം ഓണ്‍ലൈനിന്‌ വായനക്കാരായുണ്ട്. 

'സത്യ'ത്തിന് വാര്‍ത്താ റിപ്പോര്‍ട്ടിങ്ങിനായി രാജ്യത്തെ എല്ലാ മെട്രോ നഗരങ്ങളിലും സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലും ഏറ്റവും ഉയര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ നിരതന്നെയുണ്ട്. അതിനാലാണ് മലയാളത്തിലെ പാരമ്പര്യമുള്ള മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് പോലും ലഭിക്കാത്ത വാര്‍ത്തകള്‍ മിക്കപ്പോഴും ആദ്യം പ്രസിദ്ധീകരിക്കാന്‍ 'സത്യ'ത്തിന് കഴിയുന്നത്. 

മാധ്യമങ്ങളുടെ ഈ കുത്തൊഴുക്കിന്‍റെ കാലത്തും 35 ലക്ഷത്തോളം മലയാളികള്‍ വാര്‍ത്തകള്‍ക്കായി സത്യം ഓണ്‍ലൈനിനെ ആശ്രയിക്കുന്നത് ആ നിലവാരം കാത്തുസൂക്ഷിക്കുന്നതിനാലാണ്. അതിനെയൊക്കെ കോണ്‍ഗ്രസിലെ ഏതെങ്കിലും ഒരു ഗ്രൂപ്പിന്‍റെ തൊഴുത്തില്‍ കൊണ്ടുപോയി കെട്ടാനുള്ള ശ്രമം ചില നേതാക്കളുടെ താല്‍പര്യം സംരക്ഷിക്കുകയെന്ന ഉദ്ദേശ്യത്തോടെ മാത്രമാണ്.

Advertisment