/sathyam/media/media_files/xAhldqQdncn7c9THkNV2.jpg)
തിരുവനന്തപുരം: സി.പി.എം. മുന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം മനു തോമസിന് പിന്തുണയുമായി കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍. പാര്‍ട്ടിക്കെതിരേ ശബ്ദിച്ചതിന് ടി പി ചന്ദ്രശേഖരനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ രീതിയില്‍ ഇനിയും ആരെയെങ്കിലും സി പി എം കൊല്ലാന്‍ നോക്കിയാല്‍ അവര്‍ക്ക് കോണ്‍ഗ്രസ് സംരക്ഷണം നല്‍കുമെന്ന് സുധാകരന്‍ പറഞ്ഞു. മനു തോമസിനെതിരെ ആകാശ് തില്ലങ്കേരി ഫെയ്‌സ്ബുക്കില്‍ ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് പരസ്യപിന്തുണ.
മുഖ്യമന്ത്രിയും സി.പി.എമ്മും നല്‍കുന്ന സംരക്ഷണമാണ് കൊലയാളികളുടെ പിന്‍ബലം. ഒറ്റപ്പെട്ട ശബ്ദങ്ങളെ ടി.പി. ചന്ദ്രശേഖരന്‍ മാതൃകയില്‍ തീര്‍ത്തുകളയാം എന്നാണ് സി.പി.എം. കരുതുന്നതെങ്കില്‍ അവര്‍ക്ക് കോണ്‍ഗ്രസ് സംരക്ഷണം നല്‍കും.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊന്ന കേസിലെ പ്രതി ആകാശ് തില്ലങ്കേരി വീണ്ടും വധഭീഷണി മുഴക്കി രംഗത്തുവന്നത് സി പി എം സമുന്നത നേതാക്കളുടെ അറിവോടെയാണ്. ടി പി ചന്ദ്രശേഖരനെ കൊല്ലുന്നതിനു മുമ്പും സമാനമായ ഭീഷണികള്‍ ഉയര്‍ന്നിരുന്നു. അന്നു കുലംകുത്തിയെന്ന് വിളിച്ച് ഭീഷണി മുഴക്കിയ ആളാണ് കേരളത്തിന്റെ മുഖ്യമന്ത്രിയായത്.
ടി പി ചന്ദ്രശേഖരന്‍ കൊലക്കേസിലെ പ്രതികളായ ടി കെ രജീഷ്, ഷാഫി, സിജിത്ത്, ട്രൗസര്‍ മനോജ് എന്നിവര്‍ക്ക് ശിക്ഷായിളവ് നല്കാന്‍ നടത്തിയ നീക്കത്തിനൊടുവില്‍ ഇരകളായത് മൂന്ന് ജയിലുദ്യോഗസ്ഥരാണ്. എന്നാല്‍, ഹൈക്കോടതി ഉത്തരവിനെ വെല്ലുവിളിച്ച് ഇത്തരമൊരു നീക്കം നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ ഒടുങ്ങാത്ത പകയാണ് ഇതിന് പിന്നിലെന്നും സുധാകരന്‍ പറഞ്ഞു.