ലോക്‌സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മൂന്ന് സീറ്റുകൾ വരെ നേടുമെന്ന എക്സിറ്റ് പോൾ പ്രവചനത്തിൽ ഞെട്ടി ബി.ജെ.പി നേതൃത്വം; വോട്ട് വിഹിതം 27 ശതമാനമായി ഉയരുമെന്ന പ്രവചനത്തിലും അത്ഭുതംകൂറി നേതൃത്വം ! വോട്ട് വിഹിതം ഉയ‍ർന്നാൽ വമ്പൻ നേട്ടമാകുമെന്ന് ഉറപ്പിച്ച് ബി.ജെ.പി; വോട്ട് വിഹിതം കൂടിയാല്‍ ഇടത്- വലത് മുന്നണികൾക്ക് ഇടയിൽ ഞെരുങ്ങുന്ന പാർട്ടി സ്വന്തം ഇടം ഉണ്ടാക്കിയെന്ന് തെളിയിക്കാനാകുമെന്നും നേതൃത്വം; തൃശൂരിൽ വൻഭൂരിപക്ഷം നേടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ

ഭൂരിപക്ഷം മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരം നടന്നതും എക്കാലവും പാ‍ർട്ടിക്ക് എതിരായിരുന്ന ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ടുബാങ്കിലുണ്ടായ വിഭജനവുമാണ് ബി.ജെ.പിക്ക് പ്രതീക്ഷ നൽകുന്ന ഘടകങ്ങൾ : bjp kerala

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
k surendran1

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പി മികച്ച നേട്ടം കൊയ്യുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങളിൽ ഞെട്ടി സംസ്ഥാന നേതൃത്വം. സംസ്ഥാനത്ത് 1 മുതൽ 3 സീറ്റ് വരെ നേടുമെന്നുളള  വിവിധ മാധ്യമങ്ങളുടെയും ഏജൻസികളുടെയും പ്രവചന സർവേകളാണ് നേതൃത്വത്തെ അത്ഭുത പരതന്ത്രരാക്കിയിരിക്കുന്നത്. 3 സീറ്റുകളിൽ വരെ വിജയിക്കാനാകുമെന്ന പ്രവചനങ്ങൾക്ക് പുറമേ ബി.ജെ.പിയുടെ സംസ്ഥാനത്തെ വോട്ട് വിഹിതം 27 ശതമാനം വരെ ഉയരാമെന്നും എക്സിറ്റ് പോൾ ഫലങ്ങൾ നിരീക്ഷിക്കുന്നുണ്ട്. പാ‍ർട്ടിയുടെ വോട്ട് ശതമാനം കുതിച്ച് ചാടുമെന്ന പ്രവചനവും കേരളത്തിലെ ബി.ജെ.പി നേതൃത്വത്തെ അമ്പരപ്പിച്ചിട്ടുണ്ട്.

Advertisment

ശബരിമല തരംഗം ആഞ്ഞുവീശിയ 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലാണ് സംസ്ഥാനത്ത് ബി.ജെ.പി ഏറ്റവും ഉയർന്ന വോട്ട് നേടിയത്. സവിശേഷ തരംഗങ്ങളൊന്നും പ്രകടം ആല്ലാത്തെ ഈ തിരഞ്ഞെടുപ്പിൽ  വോട്ട് വിഹിതം 25 ശതമാനത്തിലേക്കെങ്കിലും എത്തിയാൽ അത് വമ്പൻ നേട്ടമാണ്. ഇടത് വലത്  മുന്നണികളുടെ മേധാവിത്വത്തിൽ ഞെരുങ്ങിപ്പോയിരുന്ന ബി.ജെ.പിക്ക് കേരളത്തിൽ കൃത്യമായൊരു ഇടം ഉണ്ടായെന്നാണ് അതിലൂടെ വ്യക്തമാകുക. സംസ്ഥാനത്തെ ബി.ജെ.പിക്ക് സംഘടനാപരമായും അത് വലിയ കരുത്ത് പകരും.

കേരളത്തിന് ദേശീയ തലത്തിൽ കൂടുതൽ പരിഗണന ലഭിക്കണമെന്ന് ആത്മവിശ്വാസത്തോടെ ആവശ്യപ്പെടാൻ അത് സഹായകരമാകും. തൃശ്ശൂരിനും തിരുവനന്തപുരത്തിനും പുറമെ ആറ്റിങ്ങലും പാലക്കാടും ആലപ്പുഴയും ഉൾപ്പെടെ 6 മണ്ഡലങ്ങളിൽ വിജയപ്രതീക്ഷയുണ്ടെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നശേഷം  ബിജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

തൃശൂരിലാണ് ഉറപ്പായും ജയിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. പൊതുവിൽ വിജയിക്കും എന്ന് പറയുന്നുണ്ടെങ്കിലും തിരുവനന്തപുരത്തിൻെറ കാര്യത്തിൽ തൃശൂരിൻെറ അത്ര ആത്മവിശ്വാസം ബി.ജെ.പി നേതൃത്വത്തിനില്ല. എന്നിരുന്നാലും നേതൃത്വത്തിൻെറ അവകാശവാദത്തിന് കുറവൊന്നുമില്ല.

'' എക്സിറ്റ് പോളിനേക്കാൾ വലിയ വിജയം കേരളത്തിൽ ബി.ജെ.പി നേടും. ആറ് വരെ സീറ്റുകൾ കേരളത്തിൽ നേടാനാവുമെന്നാണ് പ്രതീക്ഷ. തിരുവനന്തപുരം, ആറ്റിങ്ങൽ, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, പാലക്കാട്, തൃശ്ശൂർ എന്നിവിടങ്ങളിൽ പ്രതീക്ഷയുളളത്. 25 ശതമാനത്തിലധികം വോട്ട് കേരളത്തിൽ കിട്ടും. പ്രധാനമന്ത്രിക്ക് അനുകൂലമായ വോട്ടാണിത്. യു.ഡി.എഫിനും എൽ.ഡി.എഫിനും വോട്ട് കുറയും. സംസ്ഥാന സ‍ർക്കാരിന് എതിരായ ഭരണവിരുദ്ധ വികാരം യു.ഡി.എഫിന് ഗുണകരമാകാൻ പോകുന്നില്ല. അത് ബി.ജെ.പിക്ക് അനുകൂലമായ വോട്ടായി മാറും. 2021 ലെ പരാജയത്തിൽ നിന്ന് കാര്യങ്ങൾ ഉൾക്കൊണ്ടു പ്രവ‍ർത്തിച്ചിരുന്നു. മൈനോറിറ്റി വോട്ടുകൾ അടക്കം ലഭിച്ചിട്ടുണ്ട്. തൃശൂരിൽ നല്ല ഭൂരിപക്ഷത്തിനാകും വിജയിക്കാൻ പോകുന്നത്. മാസ് സപ്പോർട്ട് ബി.ജെ.പി സ്ഥാനാ‍ർത്ഥിക്ക് കിട്ടിയിട്ടുണ്ട്. സി.പി.എം വോട്ട് മറിച്ചെന്ന പ്രതീക്ഷയിലാകും കെ. മുരളീധരൻെറ പ്രതികരണമെന്ന് തോന്നുന്നു. ബി.ജെ.പി മികച്ച നേട്ടം ഉണ്ടാക്കുന്നതിൽ സംശയം വേണ്ട'' ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ  കെ.സുരേന്ദ്രൻ പറഞ്ഞു.

എ.ബി.പി ന്യൂസ് സീ വോട്ടർ 1-3 സീറ്റുകൾ,ഇന്ത്യാ ന്യൂസ് ഡി ഡൈനാമിക്സ് 2 സീറ്റ്,   ഇന്ത്യാ ടുഡേ മൈ അക്സിസ് 2-3 സീറ്റ് എന്നിങ്ങനെയാണ് കേരളത്തിലെ ബി.ജെ.പിക്ക് അനുകൂലമായ എക്സിറ്റ് പോൾ ഫലങ്ങൾ.  മറ്റെല്ലാ സർവെകളും കുറഞ്ഞത് ഒരു സീറ്റെങ്കിലും ബിജെപിക്ക് പ്രവചിക്കുന്നുണ്ട്. ഭൂരിപക്ഷം മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരം നടന്നതും എക്കാലവും പാ‍ർട്ടിക്ക് എതിരായിരുന്ന ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ടുബാങ്കിലുണ്ടായ വിഭജനവുമാണ് ബി.ജെ.പിക്ക് പ്രതീക്ഷ നൽകുന്ന ഘടകങ്ങൾ. വോട്ട് വിഹിതം കുത്തനെ ഉയരാനും ഇതേ ഘടകങ്ങൾ സഹായകരമാകുമെന്നാണ് നേതൃത്വത്തിൻെറ പ്രതീക്ഷ.

Advertisment