കോഴിക്കോട്: പാലക്കാട് ഉപ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ തലയില്‍ കെട്ടിവച്ച് നേതൃമാറ്റമെന്ന ആവശ്യം ശക്തമാക്കാനുള്ള ബിജെപിയിലെ ഒരു വിഭാഗത്തിൻ്റെ നീക്കത്തെ തടയിട്ട് പാർട്ടി കേന്ദ്ര നേതൃത്വം.
പാലക്കാട് പരാജയത്തിന്‍റെ കാരണക്കാരനാക്കി സുരേന്ദ്രനെ വിലയിരുത്താന്‍ ലക്ഷ്യം വച്ചുള്ള ചരടുവലികള്‍ ഉപതെരെഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ ഉണ്ടായിട്ടുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നേതൃത്വത്തിന്റെ തീരുമാനം.
കൃഷ്ണാകുമാറിന്റെ തോല്‍വിയിലൂടെ സുരേന്ദ്രന്‍റെ കസേര തെറിപ്പിക്കുകയായിരുന്നു ചില കേന്ദ്രങ്ങള്‍ ലക്ഷ്യം വച്ചതെന്ന സൂചനകള്‍ ദേശീയ നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്.
മാത്രമല്ല, കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിലെ തൃശ്ശൂരിലെ മിന്നും ജയം മറന്നാണ് സുരേന്ദ്രനെതിരെ പാർട്ടിയിൽ പടനീക്കം ശക്തമാക്കുന്നത്. എന്നാൽ കെ സുരേന്ദ്രന് പിന്തുണയുമായി പാർട്ടി കേന്ദ്ര നേതൃത്വം പെട്ടന്ന് തന്നെ ഇടപ്പെട്ടത് എതിർപ്പ് ഉയർത്തിയവർക്ക് തിരിച്ചടിയായി.
സംസ്ഥാനത്തു പാര്‍ട്ടി ആദ്യമായി നഗരസഭാ ഭരണം പിടിച്ച പാലക്കാട്ട് ഉപതെരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിയെച്ചൊല്ലിയാണ് ബി.ജെ.പിയില്‍ കലാപം തുടങ്ങിയത്.
പാലക്കാട്ടെ സ്ഥാനാർത്ഥി നിർണയ ഘട്ടത്തിൽ തന്നെ എതിർ ശബ്ദമുയർത്തി കെ സുരേന്ദ്രന്റെ നീക്കങ്ങളെ തടയിടാൻ പാർട്ടിയിലെ ഒരു വിഭാഗം ശ്രമം തുടങ്ങിയിരുന്നു. എന്നാൽ ആ നീക്കം വിജയിച്ചില്ല. പിന്നെ പല ഘട്ടത്തിലായി ഒളിഞ്ഞും തെളിഞ്ഞും ചിലർ കൃഷ്ണകുമാറിനെതിരെയും സുരേന്ദ്രനെതിരെയും നീക്കം തുടങ്ങി. ജയം ലക്ഷ്യമിട്ടിറങ്ങിയ ബിജെപിക്ക് പക്ഷെ തിരഞ്ഞെടുപ്പിൽ പ്രതീക്ഷച്ച വോട്ടു പോലും ലഭിക്കാനായില്ല എന്നതിലേയ്ക്ക് വരെ എത്തി കാര്യങ്ങൾ.
കൃത്യമായ ആസൂത്രണം ഇക്കാര്യത്തിൽ നടന്നു എന്ന് വേണം അനുമാനിക്കാൻ. സന്ദീപ് വാര്യർ നടത്തിയ രാഷ്ട്രീയ നീക്കം വരെ കൃത്യമായ അജണ്ടയുടെ ഭാഗമായിരുന്നു. പാലക്കാട്ടെ പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ തലയില്‍ കെട്ടിവച്ച് നേതൃമാറ്റമെന്ന ആവശ്യം ശക്തമാക്കാനായിരുന്നു ആ നീക്കം.
സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ നടന്ന മുഴുവന്‍ കാര്യങ്ങളും സുരേന്ദ്രന്റെ താല്‍പര്യ പ്രകാരമാണെന്ന ആക്ഷേപം ഉയർത്തി കെ സുരേന്ദ്രനെതിരെ ആരോപണങ്ങളുടെ ഒരു ശരശയ്യ തന്നെ തീർത്തു. കെ. സുരേന്ദ്രന്‍ മുഴുവന്‍ സമയവും ക്യാമ്പ് ചെയ്ത് നേതൃത്വം നല്‍കിയിട്ടും വോട്ട് കുറഞ്ഞത് വലിയ വീഴ്ചയായാണ് ഇവർ വിലയിരുത്തിയത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കെ സുരേന്ദ്രൻ മത്സരിച്ച വയനാട്ടിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം നൽകിയ സന്ദീപ് വാര്യരെ സുരേന്ദ്രനില്‍ നിന്നും അകറ്റാൻ നടത്തിയ നീക്കത്തിൽ വരെ വലിയ ഗൂഢാലോചന നടന്നതായി വേണം സംശയിക്കാൻ.
എന്‍.ഡി.എ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സന്ദീപ് വാര്യരെ അപമാനിച്ച് ഇറക്കിവിട്ടതിന് പിന്നിലും ഔദ്യോഗിക പക്ഷത്തിലെ ചിലരുടെ കടുംപിടുത്തമായിരുന്നു.
ആ യോഗത്തില്‍ സന്ദീപിനെ സ്വാഗതം പറയാന്‍ ചുമതലപ്പെടുത്തിയത് സുരേന്ദ്രനായിരുന്നു. അതിനായി വേദിയിലേയ്ക്ക് വന്ന സന്ദീപിനെ വേദിയില്‍ കയറാന്‍ അനുവദിക്കാതെ തിരിച്ചുവിട്ടത് ഒരു സംസ്ഥാന വൈസ് പ്രസിഡന്‍റ് ആയിരുന്നു.
സന്ദീപ് വാര്യരെ അനുനയിപ്പിക്കുന്നതിന് പകരം പ്രകോപിപ്പിക്കുന്ന സമീപനമാണ് അതിനു ശേഷവും ഉണ്ടായത്. പ്രചരണത്തിന്റെ ആദ്യഘട്ടത്തില്‍ നഗരസഭയിലെ കൗണ്‍സിലര്‍മാരുടെ പങ്കാളിത്തം കുറഞ്ഞിരുന്നു. കൗണ്‍സിലറായ കൃഷ്ണാകുമാറിന്റെ ഭാര്യയുമായുള്ള ഭിന്നതയും അതിനു കാരണമായിരുന്നു.
ഇവരെ പിന്നീട് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമാക്കുന്നതില്‍ വീഴ്ച പറ്റിയത് പോലും സുരേന്ദ്രന്റെ വീഴ്ചയായി മാറ്റാനാണ് ഒരു കൂട്ടർ ശ്രമിച്ചത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാന്‍ സംസ്ഥാന പ്രസിഡന്റിന് സാധിച്ചില്ലെന്ന് വരുത്തി സുരേന്ദ്രന്‍റെ വൺമാൻ ഷോയാണ് നടക്കുന്നത് എന്നു സ്ഥാപിക്കാനായിരുന്നു നീക്കം. എന്നാല്‍ പി.കെ. കൃഷ്ണദാസ്, എം.ടി. രമേശ്, എ.എന്‍. രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയ നേതാക്കളൊക്കെ പാലക്കാട്ട് പ്രചാരണത്തിനെത്തിയിരുന്നു.
പക്ഷെ തെരഞ്ഞെടുപ്പിൽ തോറ്റപ്പോൾ അതിന്റെ ഉത്തരവാദിത്വം മുഴുവൻ കെ സുരേന്ദ്രന്റെ തലയിൽ കെട്ടിവച്ചു. സംഘടനാ സംവിധാനമാകെ ഇല്ലാതാക്കുന്ന സമീപനമാണ് പാലക്കാട് ഉണ്ടായിരിക്കുന്നത്.
അതിന് പരിഹാരം കാണാൻ കൂട്ടായി ശ്രമിക്കുന്നതിനു പകരം എല്ലാം സംസ്ഥാന അധ്യക്ഷന്റെ പരാജയമായി ചിത്രീകരിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് ഇപ്പോൾ ബിജെപിക്കുള്ളിൽ നടക്കുന്നത്.
ആ നീക്കത്തെ കണ്ടുകൊണ്ട് തന്നെയാണ് പരാജയത്തിന്റെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച് കെ സുരേന്ദ്രൻ രാജി സന്നദ്ധത കേന്ദ്ര നേതൃത്വത്തെ അറിയിച്ചതും. സുരേന്ദ്രനെതിരെ കളമറിഞ്ഞു കളിച്ചവർക്കെതിരെ ഒരു കളം മുന്നേ എറിഞ്ഞുള്ള ആ കളി ഫലം കാണുകയും ചെയ്തു.
കെ സുരേന്ദ്രന്റെ രാജി ഈ ഘട്ടത്തിൽ ആവശ്യമില്ലെന്നുള്ള സംസ്ഥാന പ്രഭാരി പ്രകാശ് ജാവേദേക്കറുടെ പ്രസ്താവന സുരേന്ദ്രന്റെ നേതൃത്വത്തിന് വെല്ലുവിളി ഉയർത്തിയവർക്ക് തിരിച്ചടിയായിരിക്കുകയാണ്.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുവരെ കെ സുരേന്ദ്രൻ തന്നെ പാർട്ടിയെ നയിക്കുമെന്ന് വ്യക്തം. ലോക്സഭാ തെരെഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപിയുടെ വോട്ട് വിഹിതം വര്‍ദ്ധിപ്പിച്ചതില്‍ സുരേന്ദ്രന്‍റെ പങ്ക് നേതൃത്വം തിരിച്ചറിയുന്നുണ്ടെന്ന് വ്യക്തം.