തിരുവനന്തപുരം: ചരിത്രത്തിലില്ലാത്ത ചതിയാണ് പിണറായി വിജയനും പാർട്ടിയും നവീൻ ബാബുവിന്റെ കുടുംബത്തോട് ചെയ്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാണ് കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നത് എന്നും സുരേന്ദ്രൻ വ്യക്തമാക്കി.
ആദ്യ ഘട്ടം മുതൽ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും കണ്ണൂരിലെ പാർട്ടി ഘടകവും കൊലയാളികൾക്കൊപ്പമായിരുന്നു. പത്തനംതിട്ടയിലെ സിപിഎം നേത്യത്വം ജനങ്ങൾക്ക് മുൻപിൽ തങ്ങൾ നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമാണ് എന്ന് വരുത്തി തീർക്കാനുള്ള നാടകമാണ് ഇവിടെ അരങ്ങേറിയത്.
ഇപ്പോൾ കുടുംബത്തിന് എല്ലാ കാര്യങ്ങളും ബോധ്യമായിട്ടുണ്ട്. അതുകൊണ്ടാണ് അവർ അവസാന ആശ്രയമായി കോടതിയെ സമീപിച്ചത്. പ്രത്യേക അന്വേഷണ സംഘം ദിവ്യയെയും കളക്ടറേയും പൂർണമായും സംരക്ഷിക്കുന്ന തരത്തിലാണ് അന്വേഷണം നടത്തുന്നത്. എല്ലാ തെളിവുകളും നശിപ്പിക്കാൻ ആവശ്യമായ അന്വേഷണമാണ് നടക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.