/sathyam/media/media_files/2025/09/01/kadakampally-2025-09-01-01-53-23.jpg)
തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കൊള്ളയിൽ മുൻ ദേവസ്വം മ്രന്തി കടകംപള്ളി സുരേന്ദ്രനും സംശയനിഴലിൽ.
ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളികൾക്കും ദ്വാരപാലക ശിൽപ്പ പാളികൾക്കും സ്വർണ്ണം പൂശാൻ സ്പോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റിയാണന്ന വിവരം ദേവസ്വം മന്ത്രിക്കും അറിയാമെന്നാണ് മൊഴി.
സ്പോൺസറാകാൻ താൽപര്യം പ്രകടിപ്പിച്ചുള്ള കത്ത് കടകംപള്ളി സുരേന്ദ്രനും നൽകിയതായി ഉണ്ണിക്കൃഷ്ണൻ പോറ്റി പറഞ്ഞിരുന്നതായും മൊഴിയിലുണ്ട്.
ഈ മൊഴിയാണ് മുൻ മന്ത്രിക്ക് കുരുക്കായി മാറുന്നത്.
ദേവസ്വം മന്ത്രിയും തന്ത്രിയും ഉൾപ്പടെയുള്ള ഉന്നതരുമായി പോറ്റിക്ക് അടുപ്പമുണ്ടന്നും അങ്ങിനെയാണ് താൻ പോറ്റിയുമായി സൗഹൃദത്തിലായതെന്നും പത്മകുമാർ മൊഴി നൽകിയിട്ടുണ്ട്. ഇതോടെയാണ് കടകംപള്ളി സുരേന്ദ്രന്റെ മൊഴിയെടുക്കാൻ എസ്.ഐ.ടി ആലോചിക്കുന്നത്.
എന്നാൽ പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത ശേഷമാവും അന്തിമതീരുമാനം.
ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്നും പിടിച്ചെടുത്ത രേഖകളും ഉദ്യോഗസ്ഥ മൊഴിയുമാണ് മുൻ പ്രസിഡന്റ് പത്മകുമാറിന് തിരിച്ചടിയായത്.
നിലവിൽ ദേവസ്വം ഉദ്യോഗസ്ഥരെയും എൻ.വാസുവിനെയും കുറ്റപ്പെടുത്തി കൊണ്ടുള്ളതാണ് പത്മകുമാറിന്റെ മൊഴി.
ഉദ്യോഗസ്ഥർ തന്ന രേഖപ്രകാരമാണ് നടപടിയെടുത്തതെന്ന് പത്മകുമാർ പറയുന്നു. പോറ്റിയുമായി ആറൻമുളയിലും ദേവസ്വം ബോർഡ് ആസ്ഥാനത്തും പത്മകുമാർ പലതവണ കൂടിക്കാഴ്ച നടത്തിയെന്നും എസ്.ഐ.ടി പറയുന്നു.
ഉണ്ണികൃഷ്ണൻ പോറ്റി ദേവസ്വം മന്ത്രിക്ക് നൽകിയ അപേക്ഷയാണ് ബോർഡിന് കൈമറിയതെന്ന് പത്മകുമാർ നൽകിയ മൊഴിയിൽ പറയുന്നു.
പോറ്റിയെ സ്‌പോൺസറാക്കിയത് സർക്കാർ അനുമതിയോടെയെന്ന് ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും മൊഴിയിലുണ്ട്.
ഇതിനിടെ സ്വർണക്കൊള്ളയുടെ ബുദ്ധികേന്ദ്രം പത്മകുമാറെന്ന് സ്ഥിരീകരിക്കുന്ന റിമാൻഡ് റിപ്പോർട്ട് പുറത്തു വന്നിട്ടുണ്ട്.
സ്വർണത്തട്ടിപ്പിന്റെ തുടക്കം പത്മകുമാറിൽ നിന്നാണെന്നും റിപ്പോർട്ടിൽ പറയുന്നു. കട്ടിളപ്പാളി പോറ്റിക്ക് കൈമാറാനുള്ള നിർദേശം പത്മകുമാറിന്റേതായിരുന്നു.
2019 ഫെബ്രുവരിയിലായിരുന്നു ഈ ഇടപെടൽ. സ്വർണത്തെ ചെമ്പാക്കിയ രേഖകൾ തയാറാക്കിയത് ഇതിനുശേഷമാണെന്നും പോറ്റിക്ക് അനുകൂലമായി നടപടി സ്വീകരിക്കാൻ പത്മകുമാർ നിർദേശം നൽകിയെന്നും റിമാന്റ് റിപ്പോർട്ടിൽ പറയുന്നു.
പത്മകുമാറിനെതിരെ എസ്.ഐ.ടിക്ക് ഉദ്യോഗസ്ഥർ മൊഴി നൽകിയെന്നും റിപ്പോർട്ടിലുണ്ട്.
അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്റെയും തന്ത്രിയുടെയും പങ്കിനെപ്പറ്റിയുള്ള അഭ്യൂഹങ്ങൾ നിറയുന്നതിനിടെ പത്മകുമാറിന്റെ മൊഴി നിഷേധിച്ച് കടകംപള്ളി രംഗത്ത് വന്നിട്ടുണ്ട്.
ദേവസ്വം ബോർഡ് എടുക്കുന്ന തീരുമാനങ്ങൾ സർക്കാരിന്റെ അറിവോടെയല്ലെന്നും അഞ്ച് ദേവസ്വം ബോർഡുകളും സ്വതന്ത്രമായി പ്രവർത്തിക്കുന്നവ യാണെന്നുമാണ് കടകംപള്ളിയുടെ ന്യായീകരണം.
ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട ഒരു ഫയലും തന്റെ ഭരണസമയത്ത് വന്നിട്ടില്ല. കട്ടിളപ്പാളികൾ ഇളക്കാൻ പറയാനും സ്വർണം പൂശാൻ പറയാനുമൊന്നും ദേവസ്വം മന്ത്രിക്ക് അധികാരവുമില്ലെന്നും കടകംപള്ളി പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us