കോൺ​ഗ്രസിന്റെ 'കടക്ക് പുറത്ത്' ക്യാമ്പയിനെ പ്രതിരോധിക്കാൻ പണിപ്പെട്ട് സൈബർ സഖാക്കൾ. സിപിഎമ്മിന് വികസന നേട്ടം മാത്രം പറഞ്ഞാൽ പേരാ, രാഷ്ട്രീയമായും ചെറുത്തുനിൽക്കേണ്ടി വരും. 'ഉറപ്പാണ് എൽ.ഡി.എഫ്' എന്ന മുദ്രാവാക്യത്തിൽ ഭരണംപിടിച്ച പിണറായിക്ക് അതേ നാണയത്തിൽ തന്നെ തിരിച്ചടി. നിർണായകമായ 90 ദിവസത്തിൽ മുങ്ങുമോ കപ്പലും കപ്പിത്താനും ?

New Update
kadakkpurath

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, മുഖ്യമന്ത്രി പിണറായി വിജയനെയും എൽ.ഡി.എഫ് സർക്കാരിനെയും ലക്ഷ്യമിട്ട് കോൺഗ്രസ് ആരംഭിച്ചിരിക്കുന്ന 'കടക്ക് പുറത്ത്' സോഷ്യൽ മീഡിയ ക്യാമ്പയിൻ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. 

Advertisment

മുഖ്യമന്ത്രി മുൻപ് മാധ്യമങ്ങളോട് നടത്തിയ വിവാദമായ പരാമർശത്തെ തന്നെ അദ്ദേഹത്തിനെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കുകയാണ് ഇതിലൂടെ പ്രതിപക്ഷം ചെയ്യുന്നത്.


2017-ൽ സിപിഎം - ആർ.എസ്.എസ് സമാധാന ചർച്ചയ്ക്ക് മുൻപായി മാധ്യമങ്ങളോട് മുഖ്യമന്ത്രി പറഞ്ഞ 'കടക്ക് പുറത്ത്' എന്ന പ്രയോഗം ഇന്നും ജനമനസ്സുകളിൽ സജീവമാണ്. ഇത് സർക്കാരിന്റെ 'ധാർഷ്ട്യത്തിന്റെ' അടയാളമായി ചിത്രീകരിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. 


ഭരണത്തുടർച്ചയുടെ രണ്ടാം ഘട്ടത്തിൽ സർക്കാർ നേരിടുന്ന രൂക്ഷ വിമർശനങ്ങളെ ഈ മുദ്രാവാക്യവുമായി ബന്ധിപ്പിക്കുന്നത് വഴി വൈകാരികമായ ഒരു തരംഗം വോട്ടർമാർക്കിടയിൽ ഉണ്ടാക്കാൻ കഴിയുമെന്നാണ് കോൺഗ്രസിൻെറ പ്രതീക്ഷ.

"ഇനി 90 ദിനങ്ങൾ കൂടി മാത്രം, കടക്ക് പുറത്ത് കാലം" എന്ന ടാഗ്‌ലൈനോടെയുള്ള പ്രചാരണം സർക്കാരിന്റെ കാലാവധി അവസാനിക്കാറായെന്ന മുന്നറിയിപ്പാണ് നൽകുന്നത്. 

pinara

ശബരിമല സ്വർണ്ണക്കവർച്ച  ഉൾപ്പെടെയുള്ള പുതിയ ആരോപണങ്ങളെ ഈ ക്യാമ്പയിനുമായി കോൺഗ്രസ് കോർത്തിണക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ യുവാക്കളെ ആകർഷിക്കാൻ ഇത്തരം ലളിതവും എന്നാൽ ശക്തവുമായ മുദ്രാവാക്യങ്ങൾക്ക് സാധിക്കും.


മുൻകാലങ്ങളിൽ സോഷ്യൽ മീഡിയയിൽ എൽ.ഡി.എഫിനുണ്ടായിരുന്ന ആധിപത്യത്തിന് ബദലായി ശക്തമായ ഒരു സൈബർ വിംഗിനെ കോൺഗ്രസ് ഇപ്പോൾ സജ്ജമാക്കിയിട്ടുണ്ട്. 


കെ.പി.സി.സി അധ്യക്ഷൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ഒരേസമയം കവർ ഫോട്ടോകൾ മാറ്റിയും പോസ്റ്റുകൾ പങ്കുവെച്ചും ഈ ക്യാമ്പയിൻ ഏറ്റെടുത്തത് അണികൾക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.

പിണറായി സർക്കാരിനെതിരെയുള്ള 'കടക്ക് പുറത്ത്' ക്യാമ്പയിൻ കേവലം ഒരു സോഷ്യൽ മീഡിയ ട്രെൻഡ് മാത്രമല്ല, മറിച്ച് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രതിപക്ഷത്തിന്റെ ആക്രമണാത്മകമായ രാഷ്ട്രീയ തന്ത്രത്തിന്റെ തുടക്കം കൂടിയാണ്. 

ഭരണവിരുദ്ധ വികാരം വോട്ടായി മാറ്റുന്നതിൽ ഈ ക്യാമ്പയിൻ എത്രത്തോളം വിജയിക്കുമെന്ന് വരും ദിവസങ്ങളിലെ രാഷ്ട്രീയ നീക്കങ്ങൾ വ്യക്തമാക്കും.

1526538-cn

കടക്ക് പുറത്ത്  ക്യാമ്പയിന്റെ രണ്ടാം ഘട്ടമെന്നോണം വിവിധ വിഭാഗങ്ങളെ ലക്ഷ്യം വെച്ചുള്ള പോസ്റ്ററുകളും മുദ്രാവാക്യങ്ങളും അടുത്തഘട്ടത്തിൽ പുറത്തിറക്കുന്നത്. മുഖ്യമന്ത്രിയുടെ വ്യക്തിത്വത്തെയും ഭരണശൈലിയെയും ഒരുപോലെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കുന്ന ഉള്ളടക്കങ്ങൾ പ്രചരണരംഗത്തേക്ക് എത്തും. 


"ധാർഷ്ട്യത്തിന്റെ 10 വർഷം" തലക്കെട്ടിൽ മുഖ്യമന്ത്രിയുടെ ശരീരഭാഷയെയും സംസാരശൈലിയെയും മുൻനിർത്തിയുള്ള പ്രചാരണമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. "ചോദ്യം ചോദിച്ചാൽ കടക്ക് പുറത്ത്, നീതി ചോദിച്ചാൽ തടവറ; ഇതാണോ ജനകീയ ഭരണം?" എന്ന പോസ്റ്ററുകളും നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും.


സർക്കാരിനെതിരെ ശബ്ദമുയർത്തുന്നവരെ അടിച്ചമർത്തുന്നു എന്ന സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കുകയാണ് ഇതിന് പിന്നിലെ ലക്ഷ്യം. സർക്കാരിൻെറ സാമ്പത്തിക പ്രതിസന്ധിക്ക് ഒപ്പം ധൂർത്തും ചർച്ചാ വിഷയമാക്കുന്ന പ്രചരണോപാധികളും അണിയറയിൽ തയാറായിട്ടുണ്ട്.

സംസ്ഥാനത്തിന്റെ കടക്കെണിയും മുഖ്യമന്ത്രിയുടെ യാത്രകളും ഹെലികോപ്റ്റർ വാടകയുമെല്ലാം ചർച്ചയാക്കുകയാണ് ഉദ്ദേശം.

2f33327d-2f97-45f3-a661-02ce93477e64

എൽ.ഡി.എഫ് കേന്ദ്രങ്ങൾ ഇതിനെ പ്രതിരോധിക്കുന്നത് സർക്കാരിന്റെ വികസന നേട്ടങ്ങൾ (കെ-ഫോൺ, ലൈഫ് മിഷൻ, സ്കൂൾ നവീകരണം) ഉയർത്തിക്കാട്ടിയാണ്. 

എന്നാൽ, 'കടക്ക് പുറത്ത്' പോലുള്ള ലളിതമായ ക്യാമ്പയിനുകൾക്ക് ലഭിക്കുന്ന 'റീച്ച്' പലപ്പോഴും ഗൗരവമേറിയ വികസന ചർച്ചകളേക്കാൾ കൂടുതലായിരിക്കും എന്നത് സർക്കാരിന് വെല്ലുവിളിയാണ്.

2021-ൽ 'ഉറപ്പാണ് എൽ.ഡി.എഫ്' എന്ന മുദ്രാവാക്യം സോഷ്യൽ മീഡിയയിൽ പടർന്നതുപോലെ, അതേ നാണയത്തിൽ മറുപടി നൽകാനാണ് ഇത്തവണ കോൺഗ്രസ് സൈബർ വിംഗ് ലക്ഷ്യമിടുന്നത്.

Advertisment