ആലുവ: കുപ്രസിദ്ധ ഗുണ്ടയെ പൊലീസ് സാഹസികമായി പിടികൂടി. ആലുവ തായിക്കാട്ടുകര സ്വദേശി കടുവ ഷഫീഖ് എന്നറിയപ്പെടുന്ന ഷഫീഖിനെയാണ് ആലുവ പൊലീസ് പിടികൂടിയത്. പൊലീസിനെ കണ്ട് കാറില്‍ നിന്നിറങ്ങിയോടിയ പ്രതിയെ പിന്തുടര്‍ന്നാണ് പിടികൂടിയത്.
ചാലക്കുടി പൊലീസ് രജിസ്റ്റര്‍ ചെയ്ത മയക്കുമരുന്ന് കേസില്‍ പ്രതിയായ ഷഫഖ് ജയില്‍ ശിക്ഷ അനുഭവിച്ചുവരികയായിരുന്നു. പത്ത് ദിവസത്തെ പരോള്‍ കിട്ടിയ പ്രതി പിന്നീട് ജയിലില്‍ തിരിച്ചുകയറാതെ മുങ്ങി.
രണ്ടു വര്‍ഷമായി ഒളിവിലായിരുന്ന ഇയാള്‍ കഴിഞ്ഞ ദിവസം രാത്രി ചവറുപാടം ഭാഗത്ത് ഒരു കാറില്‍ ഇയാള്‍ ഉണ്ടെന്നറിഞ്ഞ് ആലുവ എസ്.ഐ നന്ദകുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് അങ്ങോട്ട് തിരിച്ചു.
പൊലീസ് വളഞ്ഞതോടെ ഇയാള്‍ കാര്‍ അപകടകരമായ വിധത്തില്‍ പിന്നോട്ടെടുത്തു. തുടര്‍ന്ന് ഇരുട്ടത്തേക്ക് ഇറങ്ങിയോടിയ പ്രതിയെ സാഹസികമായി പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. 2013 മുതല്‍ ആലുവ പൊലീസ് സ്റ്റേഷന്‍ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ് കടുവ ഷഫീഖ് എന്നറിയപ്പെടുന്ന ഷഫീഖ്.
2020ല്‍ ചാലക്കുടിയില്‍ 138 കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ ഉള്‍പ്പെട്ട് ജയിലിലായി. 10 വര്‍ഷത്തെ തടവാണ് ഇയാള്‍ക്ക് വിധിച്ചത്. ഇതിനിടെയായിരുന്നു പരോളിലിറങ്ങി മുങ്ങിയത്.
ഡി വൈ എസ് പി ടി.ആര്‍ രാജേഷ്,എസ്.ഐ കെ നന്ദകുമാര്‍, സീനിയര്‍ സി.പി.ഒ മരായ മാഹിന്‍ഷാ അബൂബക്കര്‍, മുഹമ്മദ് അമീര്‍, പി.എ നൗഫല്‍, സി.ടി മേരിദാസ്, വി.എ അഫ്‌സല്‍, തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്. ഇയാളെ ചാലക്കുടി പൊലീസിന് കൈമാറി.