/sathyam/media/media_files/pK71nka05ABVdMSjO0nF.jpg)
കോഴിക്കോട്: ലോക്‌സഭ തിരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ കോളിളക്കം ഉണ്ടാക്കിയ വ്യാജ കാഫിർ സ്ക്രീൻഷോട്ടിൻെറ പ്രഭവകേന്ദ്രം സി.പി.എം ബന്ധമുളള വാട്സാപ്പ് ഗ്രൂപ്പുകളാണെന്ന കണ്ടെത്തൽ രാഷ്ട്രീയമായി ഉപയോഗിക്കാൻ യു.ഡി.എഫ് തീരുമാനിച്ചു.
മണ്ഡലത്തിൽ മത-ജാതി ധ്രുവീകരണം ലക്ഷ്യമിട്ട് നടത്തിയ നീക്കമായിരുന്നു വ്യാജകാഫിർ സ്ക്രീൻഷോട്ട് എന്ന് വിലയിരുത്തുന്ന യു.ഡി.എഫ് , പൊലീസ് റിപ്പോർട്ട് മുൻനിർത്തി സി.പി.എമ്മിനെ കടന്നാക്രമിക്കാനാണ് തീരുമാനം.
ഇതിൻെറ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം, വടകര എം.പി ഷാഫി പറമ്പിൽ , യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് തുടങ്ങിയവരെല്ലാം സി.പി.എമ്മിനെ വിമർശിച്ച് രംഗത്തെത്തി.
വ്യാജ കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച സി.പി.എം അനുകൂല വാട്സാപ്പ് ഗ്രൂപ്പിൻെറ അഡ്മിനായ അധ്യാപകനെതിരെ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് യൂത്ത് കോൺഗ്രസ് പരാതി നൽകി. ആറങ്ങോട്ട് എം എൽ പി സ്‌കൂൾ അധ്യാപകനായ റിബേഷ് രാമകൃഷ്ണനെതിരായാണ് പരാതി നൽകിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി. പി. ദുൽഖിഫിലാണ് പരാതി നൽകിയത്.
റിബേഷ് നടത്തിയത് വർഗീയ പ്രചാരണമാണെന്നും സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റായ റിബേഷിനെതിരെ നടപടി വേണമെന്നാണ് യൂത്ത് കോൺഗ്രസിൻെറ പരാതയിലെ ആവശ്യം.
സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചതിലൂടെ സി.പി.എം ചെയ്തത് ഭീകര പ്രവർത്തനത്തിന് സമാനമായ നടപടിയാണെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞത്. വ്യാജ കാഫിർ ഷോട്ട് ആദ്യം ഷെയർ ചെയ്തെന്ന് പൊലീസ് കണ്ടെത്തിയ റിബീഷ് ഡി.വൈ.എഫ്. ഐ ബ്ലോക്ക് സെക്രട്ടറിയാണെന്ന് ചൂണ്ടിക്കാട്ടിയ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം, റിബീഷിനെതിരെ പൊലീസ് കേസെടുക്കാൻ തയാറാകാത്തത് എന്തുകൊണ്ടാണെന്നും ചോദിച്ചു.
വ്യാജ കാഫിർ സ്ക്രീൻഷോട്ട് കേസിൽ കുറ്റക്കാരായവരെ പൊലീസ് സംരക്ഷിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടാനാണ് ലീഗ് നേതൃത്വം ശ്രമിക്കുന്നത്. യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസും പൊലീസ് പ്രതികളായവരെ സംരക്ഷിക്കുന്നു എന്ന ആക്ഷേപം ഉയർത്താനാണ് ശ്രമിച്ചത്.
സി.പി.എമ്മിൻെറ തെറ്റുകൾ പ്രവർത്തകർ തന്നെ ചോദ്യംചെയ്യുന്ന റെഡ് എൻകൌണ്ടർ വേണമെന്നും, ഏത് ഫാക്ടറിയിലാണ് ഈ നുണ ബോംബ് നിർമ്മിച്ചതെന്ന് പോലീസ് വ്യക്തമാക്കണമെന്നും ഷാഫി പറമ്പിൽ എം.പി ആവശ്യപ്പെട്ടു.
എന്നാൽ വ്യാജ കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ യു.ഡി.എഫിൽ നിന്ന് രാഷ്ട്രീയ പ്രതികരണങ്ങൾ ഉണ്ടായിട്ടും സി.പി.എം നേതൃത്വം മൗനം പാലിക്കുകയാണ്. പൊലീസ് റിപ്പോർട്ടിനെ കുറിച്ച് മുഖ്യമന്ത്രിയോട് പ്രതികരണം ആരാഞ്ഞപ്പോഴും പ്രതികരിച്ചില്ല. റിപ്പോർട്ട് കണ്ടിട്ടില്ല, നോക്കട്ടെ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
വ്യാജകാഫിർ സ്ക്രീൻഷോട്ട് ഫേസ് ബുക്ക് പേജിലൂടെ ഷെയർ ചെയ്ത സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. ലതികയെ തളളിപ്പറഞ്ഞ കെ.കെ. ശൈലജ എം.എൽ.എ മാത്രമാണ് പാർട്ടിയിൽ നിന്ന് പ്രതികരിച്ചത്. സമൂഹത്തിൽ മതസ്പർധ ഉണ്ടാക്കുന്നതിന് വഴിവെയ്ക്കുന്ന വ്യാജ കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പത് സ്വന്തം കേന്ദ്രങ്ങളാണെന്ന് വന്നത് സി.പി.എമ്മിനെ വലിയതോതിൽ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. അതാണ് പാർട്ടി നേതൃത്വവും മുഖ്യമന്ത്രിയും പ്രതികരിക്കാതെ ഒഴിഞ്ഞുമാറിയത്.
ന്യൂനപക്ഷ സംരക്ഷണം മതനിരപേക്ഷ നിലപാടിൻെറ ഭാഗമാണെന്ന് പ്രഖ്യാപിച്ച് പ്രവർത്തിക്കുന്ന പാർട്ടിയുടെ കേന്ദ്രങ്ങളാണ് സമൂഹത്തിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിച്ചതെന്ന് വരുന്നതിൻെറ അപകടം സി.പി.എം നേതൃത്വത്തെ കുറച്ചൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്. പാർട്ടിയുടെ പ്രഖ്യാപിത നിലപാടിൽ വെളളം ചേർക്കുന്ന സമീപനമാണ് സംഭവിച്ചതെന്ന് നേതൃത്വം തിരിച്ചറിയുന്നുമുണ്ട്.
വയനാട് ദുരന്തത്തിൻെറ വാർത്തകളിൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന മാധ്യമങ്ങൾ വ്യാജസ്ക്രീൻഷോട്ട് വിവാദത്തിൽ അധികം ശ്രദ്ധിക്കാത്തത് മാത്രമാണ് സി.പി.എമ്മിന് ആശ്വാസകരമായ കാര്യം. വ്യാജകാഫിർ സ്ക്രീൻഷോട്ടിൻെറ ഉപജ്ഞാതാക്കൾ സി.പി.എം സൈബർ കേന്ദ്രങ്ങളാണെന്ന പൊലീസ് കണ്ടെത്തൽ വന്നതോടെ ഇതുസംബന്ധിച്ച കേസ് നിർണായകമായ വഴിത്തിരിവിൽ എത്തിനിൽക്കുകയാണ്. പിടിച്ചെടുത്ത ഫോണുകളുടെ പരിശോധന പൂർത്തിയാകുന്നതോടെ കേസിൽ പുതിയ സംഭവവികാസങ്ങൾ സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വ്യാജ കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ സൈബർ സഖാക്കളുടെ പങ്ക് വ്യക്തമായതോടെ കിട്ടിയ അവസരം മുതലെടുത്ത് സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനമാണ് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ നടത്തുന്നത്.
''സി.പി.എമ്മിൻെറ സൈബർ ഗ്രൂപ്പുകളിലാണ് ഇപ്പോൾ അന്വേഷണം എത്തി നിൽക്കുന്നത്. കുറ്റം കോൺഗ്രസിന്റെയും ലീഗിന്റെയും മേലെ ചാരി വെച്ച് സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ സിപിഎം നടത്തിയ ക്രൂരമായ ശ്രമമാണ് പുറത്ത് വന്നത്. വോട്ട് പിടിക്കാൻ ഏത് ഹീനമായമാർഗവും ഉപയോഗിക്കുമെന്ന് സി.പി.എം തെളിയിച്ചു. ജനങ്ങൾക്കിടയിൽ മതപരമായ ഭിന്നിപ്പ് ഉണ്ടാകാനായിരുന്നു ശ്രമം.
ഭീകര പ്രവർത്തനത്തിന് സമാനമായ വിദ്വേഷ പ്രവർത്തനമാണ് സി.പി.എം നടത്തിയത്. വിദ്വേഷം പ്രവർത്തനത്തിന് ഗവേഷണം നടത്തുന്ന ബിജെപി പോലും സി.പി.എമ്മിന് മുമ്പിൽ നാണിച്ച് തലതാഴ്ത്തും. പ്രതികൾ ആരാണെന്ന് പൊലീസിന് കൃത്യമായി അറിയാം. അവർ പ്രതികളെ മറച്ചു പിടിക്കുന്നു. ഉന്നതരായ നേതാക്കൾക്ക് ഈ കേസിൽ പങ്കുണ്ട്. എത്ര വൃത്തികെട്ട ഹീനമായ പ്രവൃത്തിയാണ് സി.പി.എം നടത്തിയത്.
ഇനി ഒരു പാർട്ടിയും സംഘപരിവാറിനെ പോലെ ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമങ്ങൾ നടത്തരുത്. സി.പി.എം നേതൃത്വം ഇതിൽ മറുപടി പറയണം, ജനങ്ങൾക്ക് മുമ്പിൽ മാപ്പ് പറയാൻ തയാറാകണം. ഹൈക്കോടതി ചെവിക്ക് പിടിച്ചത് കൊണ്ടാണ് ഇപ്പോൾ പൊലീസ് റിപ്പോർട്ട് പുറത്ത് വിട്ടത്. ഇല്ലെങ്കിൽ ഷാഫി പറമ്പിലിനെയും, യൂത്ത് ലീഗ് പ്രവർത്തകൻ കാസിമിനെയും ഈ കേസിൽ പ്രതികൾ ആക്കി ആഘോഷിച്ചേനേ. ഇതിൽ കെ.കെ. ലതികയ്ക്കും പങ്കുണ്ട്. കൂടുതൽ അന്വേഷണം വന്നാൽ അത് ചില കുടുംബങ്ങളിൽ എത്തി നിൽക്കും.'' സതീശൻ ആഞ്ഞടിച്ചു.