/sathyam/media/media_files/IdsHNOwjujcg6jR8O4lm.jpg)
തിരുവനന്തപുരം: കാഫിർ വ്യാജ സ്ക്രീൻഷോട്ട് സംബന്ധിച്ച പൊലിസ് റിപ്പോർട്ടിലെ കണ്ടെത്തലുകളെ തുടർന്ന് പ്രതിരോധത്തിലായെങ്കിലും സ്ക്രീൻ ഷോട്ടിൻെറ ഉറവിടം കണ്ടെത്താത്തത് പിടിവളളിയാക്കി സി.പി.എം. വ്യാജ സ്ക്രീൻഷോട്ട് ആദ്യം പ്രചരിച്ച പാർട്ടിയുടെ വാട്സാപ്പ്-ഫേസ്ബുക്ക് ഗ്രൂപ്പുകളെ തളളിപ്പറഞ്ഞും കേസിനെ പ്രതിരോധിക്കുന്നുണ്ട്.
പോസ്റ്റിന് പ്രചാരം നൽകിയ സൈബർ ഗ്രൂപ്പുകളെ തളളിപ്പറഞ്ഞെങ്കിലും പോസ്റ്റ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം കെ.കെ.ലതികയെ ന്യായീകരിക്കുകയാണ്. പോസ്റ്റിലെ വിദ്വേഷമുണ്ടാക്കുന്ന പരാമർശം പ്രചരിപ്പിക്കാനല്ല കെ.കെ. ലതിക ശ്രമിച്ചതെന്നും പരാമർശം നാടിന് ആപത്താണെന്ന് പറയുകയായിരുന്നുവെന്നുമാണ് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻെറ ന്യായീകരണം.
ലതിക നടത്തിയ ഇടപെടൽ നാടിനെ രക്ഷിക്കാനുള്ളതായിരുന്നുവെന്നും തകർക്കാനുളളതായിരുന്നില്ലെന്നും ഗോവിന്ദൻ ന്യായികരിക്കുന്നുണ്ട്. പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റിന് ശേഷം സംസ്ഥാന സെക്രട്ടറി നടത്തിയ പത്രസമ്മേളനത്തിൽ കെ.കെ. ലതികയെ ന്യായീകരിച്ചപ്പോൾ പ്രതിക്കൂട്ടിലായത് കേന്ദ്രകമ്മിറ്റി അംഗം കെ.കെ. ശൈലജയാണ്.
കാഫിർ വ്യാജ സ്ക്രീൻഷോട്ടിൻെറ പ്രത്യാഘാതങ്ങൾ ആലോചിക്കാതെ ഫേസ്ബുക്കിൽ പങ്കുവെച്ച ലതികയുടെ നടപടി തെറ്റായിപ്പോയെന്ന് കഴിഞ്ഞദിവസം കെ.കെ. ശൈലജ പ്രതികരിച്ചിരുന്നു. ഈ പ്രതികരണത്തെ അപ്പാടെ തളളുകയാണ് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ചെയ്തത്.
വ്യക്തികൾ പറയുന്നതല്ല പാർട്ടിയുടെ നിലപാട്.പാർട്ടി സെക്രട്ടറി പറയുന്നതാണ് നിലപാടെന്ന് വിശദീകരിച്ച് കൊണ്ടാണ് എം.വി. ഗോവിന്ദൻ കെ.കെ. ശൈലജയെ പരസ്യമായി തിരുത്തിയത്. കണ്ണൂരിൽ നടത്തിയ പ്രതികരണത്തിൽ ഇ.പി. ജയരാജനും ലതികയുടെ വിഷയത്തിൽ ശൈലജയെ തളളിപ്പറഞ്ഞിരുന്നു.
ലതികയുടെ നടപടി തെറ്റായിപ്പോയെന്ന ശൈലജയുടെ പ്രതികരണത്തെപ്പറ്റി മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അത് ശൈലജയോടെ തന്നെ ചോദിക്കണമെന്നായിരുന്നു ജയരാജൻെറ പ്രതികരണം.
കാഫിർ വ്യാജ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ടുളള പോസ്റ്റ് പിന്നീട് കെ.കെ. ലതിക പിൻവലിച്ചിരുന്നു. എങ്കിലും ലതികയുടെ പോസ്റ്റിനെ ന്യായീകരിക്കാതെ വിവാദത്തെ പ്രതിരോധിക്കാനാവില്ലെന്ന വിലയിരുത്തലിലാണ് നേതൃത്വം പിന്തുണച്ച് രംഗത്തെത്തിയത്.
പോസ്റ്റ് പങ്കുവെച്ച ലതികയുടെ നടപടിയെ തളളിപ്പറഞ്ഞാൽ അതിൻെറ ഉത്തരവാദിത്തം പാർട്ടിക്കുമേലാകുമെന്നാണ് സി.പി.എം നേതാക്കളുടെ വിചാരം.
പോസ്റ്റ് പങ്കു വെച്ചതല്ല, അത് നിർമ്മിച്ചതിനെയാണ് പ്രധാനപ്രശ്നമായി ഉയർത്തിക്കൊണ്ടുവരേണ്ടത്. ലതികയുടെ പോസ്റ്റിനെ തളളിപ്പറഞ്ഞാൽ പിന്നെ അതിലേക്ക് മാത്രമായിരിക്കും മാധ്യമശ്രദ്ധ. കാഫിർ പോസ്റ്റിൻെറ ഉറവിടം കണ്ടെത്തിയാലേ സത്യം പുറത്തുവരു എന്ന നിലപാട് ശക്തമായി ഉന്നയിക്കാൻ തീരുമാനിച്ചത് കൊണ്ടാണ് ലതികയുടെ നടപടിയെ ന്യായീകരിക്കേണ്ടി വന്നതെന്നും നേതൃത്വം വിശദീകരിക്കുന്നു.
പാർട്ടിയ്ക്ക് വേണ്ടി സൈബർ ലോകത്ത് പടവെട്ടുന്ന ഗ്രൂപ്പുകളെയും പേജുകളെയും തളളി പറഞ്ഞതും കൃത്യമായ ലക്ഷ്യങ്ങളോടെയാണ്. സൈബർ ഗ്രൂപ്പുകളുടെ ഇടപെടൽ പലപ്പോഴും പാർട്ടിക്ക് ഗുണത്തേക്കാളേറെ ദോഷം ഉണ്ടാക്കുന്നു എന്നാണ് അടുത്തകാലത്തായി സി.പി.എമ്മിൻെറ വിലയിരുത്തൽ.
പോരാളി ഷാജി പോലുളള എഫ് ബി പേജുകളെ പരസ്യമായി എതിർത്തത് ഈ വിലയിരുത്തലിൻെറ ഭാഗമായിരുന്നു. പാർട്ടിയുടെ നയത്തിനും നിലപാടിനും നിരക്കാത്ത അഭിപ്രായങ്ങളും പ്രതികരണങ്ങളും പോസ്റ്റുകളായി പേജുകളിൽ പ്രത്യക്ഷപ്പെടുന്നത് വലിയതോതിൽ ദോഷകരമാകുന്നുണ്ട്.
എതിരാളികളെ രാഷ്ട്രീയ മാന്യതക്ക് നിരക്കാത്ത ഭാഷയിൽ അഭിസംബോധന ചെയ്യുന്നതും അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്നതും പാർട്ടിക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. പാർട്ടിയുടെ ഔദ്യോഗിക പേജെന്ന പരിവേഷം ഇത്തരം പേജുകൾക്ക് ലഭിക്കുന്നതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഇതെല്ലാം കൊണ്ടാണ് " പോരാളി ഷാജിയാണോ ഇടതുപക്ഷം'' എന്ന് എം.വി.ഗോവിന്ദൻ ചോദിച്ചത്.
എന്നാൽ വ്യാജസ്ക്രീൻ ഷോട്ട് വിവാദത്തിൽ അജ്ഞാതരായ അഡ്മിൻമാരുളള പോരാളി ഷാജി പോലുളള പേജുകളെ തളളിപ്പറയുന്ന നടപടി കൊണ്ടുമാത്രം കഴിയില്ല. കാരണം കാഫിർ വ്യാജസ്ക്രീൻഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത് റെഡ് എൻകൗണ്ടർ എന്ന വാട്സാപ്പ് ഗ്രൂപ്പിലാണ്. ഡി.വൈ.എഫ്.ഐ വടകര ബ്ളോക്ക് കമ്മിറ്റി പ്രസിഡന്റും സി.പി.എം അംഗവുമായി റിബേഷ് രാമകൃഷ്ണനാണ് ഈ വാട്സാപ്പ് ഗ്രൂപ്പിൻെറ അഡ്മിൻ.
പാർട്ടി അംഗം ചെയ്ത പ്രവർത്തി പൊലിസ് റിപ്പോർട്ടിൽ തെളിവായി നിൽക്കുമ്പോൾ സൈബർ ഗ്രൂപ്പുകളെ തളളി പറഞ്ഞത് കൊണ്ടുമാത്രം കാര്യമുണ്ടോ എന്നാണ് സി.പി.എമ്മിന് നേരെ ഉയരുന്ന ചോദ്യം.