/sathyam/media/media_files/2EdTgHlMSqMddMNC6qN1.jpg)
കോഴിക്കോട്: സംഘടനയെ ആകെ പ്രതിക്കൂട്ടിലാക്കിയ കാഫിർ വ്യാജ സ്ക്രീൻഷോട്ട് വിവാദത്തിൽ പ്രതിരോധം തീർക്കാൻ ഡി.വൈ.എഫ്.ഐ. ഇന്ന് വടകരയിൽ പൊതുയോഗം സംഘടിപ്പിച്ച് വിവാദത്തിന് ഡി.വൈ.എഫ്.ഐ മറുപടി പറയും.
കാഫീർ സ്ക്രീൻഷോട്ട് കേസ് ഡി.വൈ.എഫ്.ഐക്ക് നേരെ തിരിയുന്നു എന്നുകണ്ടാണ് വടകരയിൽ ബഹുജന പൊതുയോഗം സംഘടിപ്പിക്കാൻ സംഘടന തീരുമാനിച്ചത്. ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് പ്രസിഡൻ്റ റിബേഷ് രാമകൃഷ്ണൻ്റെ പേര് പൊലീസ് റിപ്പോർട്ടിൽ ഉൾപ്പെട്ടതാണ് സംഘടനയെ പ്രതിരോധത്തിലാക്കിയത്.
റിബേഷ് അഡ്മിനായ റെഡ് എൻകൗണ്ടർ എന്ന വാട്സാപ്പ് ഗ്രൂപ്പിലാണ് കാഫിർ വ്യാജ സ്ക്രീൻഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടതെന്നാണ് പൊലീസിൻെറ കണ്ടെത്തൽ. വടകരയിൽ നടക്കുന്ന വിശദീകരണയോഗത്തിൽ ഇതിനെല്ലാം ജില്ലാ സെക്രട്ടറി പി.സി ഷൈജു മറുപടി പറയും.
ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്താനുളള ശ്രമങ്ങളുടെ ഭാഗമായാണ് യോഗം. ഇതിനൊപ്പം നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഡി.വൈ.എഫ്.ഐ നേതാക്കൾ അറിയിച്ചു. ഇതിൻ്റെ ഭാഗമായാണ് നിർവ്യാജം ഖേദം പ്രകടിപ്പിക്കണമെന്നാവശ്യപ്പെട്ട് റിബേഷ് രാമകൃഷ്ണൻ മുൻ എം.എൽ.എയും ലീഗ് നേതാവുമായ പാറക്കൽ അബ്ദുള്ളയ്ക്ക് വക്കിൽ നോട്ടീസ് അയച്ചത്.
തനിക്കെതിരെയുള്ള പ്രചാരണം വഴി സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാനാണ് പാറക്കൽ അബ്ദുള്ള ശ്രമിച്ചെതെന്ന് വക്കീൽ നോട്ടീസിൽ റിബേഷ് ആരോപിച്ചു. പരസ്യമായി ഖേദം പ്രകടിപ്പിക്കുകയും അത് പ്രസിദ്ധീകരിക്കുകയും ചെയ്യണമെന്ന് നോട്ടീസിലെ ആവശ്യം.
എന്നാൽ ആഭ്യന്തര മന്ത്രിക്കും അന്വേഷണ ഉദ്യോഗസ്ഥർക്കും എതിരെയാണ് റിബേഷ് വക്കീൽ നോട്ടിസ് അയക്കേണ്ടതെന്നാണ് പാറക്കൽ അബ്ദുളളയുടെ മറുപടി. ഹൈക്കോടതിയിൽ സമർപ്പിച്ച പൊലീസ് റിപ്പോർട്ടിലുളള വിവരം മാത്രമാണ് പുറത്തു പറഞ്ഞതെന്നും പാറക്കൽ അബ്ദുളള പ്രതികരിച്ചു.
ഡി.വൈ.എഫ്.ഐ നീക്കത്തിന് ബദലായി യു.ഡി.എഫും പ്രക്ഷോഭ പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ട്. പൊലീസ് പ്രതികളെ സംരക്ഷിക്കുകയാണെന്നാരോപിച്ച് യു.ഡി.എഫ് തിങ്കളാഴ്ച വടകര എസ്.പി ഓഫീസിലേക്ക് മാർച്ച് നടത്തും.
കാഫിർ വ്യാജസ്ക്രീൻഷോട്ട് ആദ്യം പ്രചരിച്ചത് സി.പി.എം സൈബർ ഗ്രൂപ്പുകളിലാണെന്ന് വ്യക്തമായിട്ടും അഡ്മിൻമാർക്കെതിരെ കേസ് എടുക്കാത്തതാണ് യു.ഡി.എഫിനെ പ്രക്ഷോഭരംഗത്തേക്ക് നയിച്ചത്.