കാഫിർ വ്യാജ സ്ക്രീൻഷോട്ടിനെച്ചൊല്ലി 'സമ്മാന വെല്ലുവിളി'കള്‍. സ്ക്രീൻഷോട്ട് നിർമ്മിച്ചത് റിബേഷാണെന്ന്‌ തെളിയിച്ചാൽ 25 ലക്ഷം നൽകാമെന്ന് ഡിവൈഎഫ്ഐ. സ്ക്രീൻഷോട്ട് നിർമ്മിച്ചത് റിബേഷ് അല്ലെങ്കിൽ ആരാണെന്ന് വെളിപ്പെടുത്തിയാൽ 25 ലക്ഷം അങ്ങോട്ട് നല്‍കാമെന്ന്‌ യൂത്ത് കോൺഗ്രസും. എംഎസ്എഫിൻ്റെ 10 ലക്ഷം സ്വീകരിക്കാൻ സഖാക്കളില്ലെ എന്ന് പരിഹസിച്ച്‌ യൂത്ത് ലീഗ്‌

റിബേഷ് രാമകൃഷ്ണനാണ് സ്ക്രീൻഷോട്ട് നിർമ്മിച്ചത് എന്ന് തെളിയിച്ചാൽ 25 ലക്ഷം രൂപ നൽകാമെന്നാണ് ഡി.വൈ.എഫ്.ഐയുടെ വെല്ലുവിളി

New Update
ribesh dyfi

കോഴിക്കോട് : കാഫിർ വ്യാജസ്ക്രീൻ ഷോട്ട് കേസ് നിർണായക വഴിത്തിരിവിൽ എത്തി നിൽക്കെ വടകരയിൽ യുവജന സംഘടനകൾ തമ്മിൽ 'സമ്മാന വെല്ലുവിളി'. വ്യാജസ്ക്രീൻഷോട്ടിൻെറ പ്രചരണത്തിൻെറ തുടക്കം ഇടത് സൈബർ ഗ്രൂപ്പുകളിൽ നിന്നാണെന്ന പൊലീസ് റിപ്പോര്‍ട്ട്‌ വൻ ചർച്ചയായതോടെയാണ് യഥാർത്ഥ പ്രതിയെ പിടിക്കാൻ സമ്മാനം പ്രഖ്യാപിച്ച് സംഘടനകൾക്കിടയിൽ വെല്ലുവിളി നടക്കുന്നത്.

Advertisment

കാഫിർ വ്യാജ സക്രീൻ ഷോട്ട് ആദ്യം പ്രചരിച്ചത്  സംഘടനയുടെ വടകര ബ്ലോക്ക്‌ പ്രസിഡൻറ് റിബേഷ് രാമകൃഷ്ണൻ അഡ്മിനായ വാട്സാപ്പ് ഗ്രൂപ്പിലാണെന്ന കണ്ടെത്തലോടെ പ്രതിരോധത്തിലായ ഡി.വൈ.എഫ്.ഐയാണ് പ്രതിയെന്ന് തെളിയിക്കാൻ ഇനാം പ്രഖ്യാപിച്ചത്.

റിബേഷ് രാമകൃഷ്ണനാണ് സ്ക്രീൻഷോട്ട് നിർമ്മിച്ചത് എന്ന് തെളിയിച്ചാൽ 25 ലക്ഷം രൂപ നൽകാമെന്നാണ് ഡി.വൈ.എഫ്.ഐയുടെ വെല്ലുവിളി. കാഫിർ സ്ക്രിൻഷോട്ട് വിവാദത്തിലെ പ്രതിരോധം മറി കടക്കാൻ സംഘടിപ്പിച്ച വിശദീകരണയോഗത്തിലാണ് ഡി.വൈ.എഫ്.ഐ വെല്ലുവിളി നടത്തിയത്.


റിബേഷ് രാമകൃഷ്ണനെ വേദിയിലിരുത്തിയാണ് സമ്മാന വെല്ലുവിളി നടത്തിയത്. റിബേഷ് അഡ്മിനായ റെഡ് എൻകൗണ്ടർ എന്ന വാട്സാപ്പ് ഗ്രൂപ്പിലാണ് കാഫിർ സ്ക്രീൻഷോട്ട് ആദ്യം പ്രത്യക്ഷമായത്.


റിബേഷാണ് നിർമ്മിച്ചതെന്ന് തെളിയിക്കാൻ വെല്ലുവിളിച്ച ഡ‍ി.വൈ.എഫ്.ഐക്ക് മുന്നിൽ മറ്റൊരു വെല്ലുവിളിയുമായി യൂത്ത് കോൺഗ്രസും രംഗ പ്രവേശം നടത്തി. കാഫിർ സ്ക്രീൻഷോട്ട് നിർമ്മിച്ചത് റിബേഷ് അല്ലെങ്കിൽ ആരാണെന്ന് വെളിപ്പെടുത്തിയാൽ 25 ലക്ഷം രൂപ അങ്ങോട്ട് നൽകാം എന്നാണ് യൂത്ത് കോൺഗ്രസിൻെറ വെല്ലുവിളി.

ഡി.വൈ.എഫ്.ഐയുടെ വെല്ലുവിളിക്ക് മറുപടിയുമായി യൂത്ത് ലീഗും രംഗത്തുവന്നു. എം.എസ്.എഫിൻ്റെ 10 ലക്ഷം സ്വീകരിക്കാൻ സഖാക്കളില്ലെ ? എന്നാണ് യൂത്ത് ലീഗ് ഉയർത്തുന്ന ചോദ്യം. കോഴിക്കോട് ജില്ലാ സെക്രട്ടറി പി.കെ മുഹമ്മദ്‌ ഖാസിമിന്റെതാണ് കാഫിർ പോസ്റ്റ് എന്ന് തെളിയിക്കുന്നവർക്ക് മുസ്‌ലിം യൂത്ത് ലീഗ് തിരുവള്ളൂർ പഞ്ചായത്ത്‌  കമ്മറ്റി നേരത്തെ 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.

സ്ക്രീൻഷോട്ട് ഖാസിമിന്റെതെന്ന് തെളിയിച്ച് റിബേഷിനെ രക്ഷപ്പെടുത്താനും,  10 ലക്ഷം രൂപ കരസ്ഥമാക്കാനുമുള്ള അവസരം ഉപയോഗപ്പെടുത്തണമെന്നാണ് യൂത്ത് ലീഗിൻെറ പരിഹാസച്ചുവയുളള പ്രതികരണം.

കാഫിർ വിവാദത്തിൽ യഥാർത്ഥ പ്രതികളെ പിടിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫും, ആർ.എം.പിയും ഇന്ന്  വടകര എസ്.പി ഓഫീസിലേക്ക്  മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്. കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ പ്രതിഷേധം ശക്തമാക്കുന്നതിൻെറ ഭാഗമായാണ് മാർച്ച് നടത്തുന്നത്. മുൻ എം.പി കെ. മുരളീധരൻ മാർച്ച് ഉദ്ഘാടനം ചെയ്യും. സംഭവത്തിൽ പൊലീസ് നടപടി പ്രതികളെ സംരക്ഷിക്കുന്നതാണെന്നാണ് യു.‍‍ഡി.എഫ് ആരോപിക്കുന്നത്.

Advertisment