കാഫിര്‍ വിവാദം; അദ്ധ്യാപകനായ റിബേഷിനെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു

റിബേഷിനെതിരെ വകുപ്പുതല നടപടി ആവശ്യപ്പെട്ടായിരുന്നു പരാതി.

New Update
kafir ribesh

ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വടകര മണ്ഡലത്തില്‍ പ്രചരിച്ച കാഫിര്‍ സ്‌ക്രീന്‍ഷോട്ട് റെഡ് എന്‍കൗണ്ടേഴ്സ് ഗ്രൂപ്പില്‍ ആദ്യം പങ്കുവെച്ച ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് പ്രസിഡന്റ് ആര്‍.എസ്. റിബേഷിനെതിരെ അന്വേഷണം വകുപ്പുതല പ്രഖ്യാപിച്ചു. അദ്ധ്യാപകനായ റിബേഷിനെതിരെ പൊതു വിദ്യാഭ്യാസവകുപ്പാണ് അന്വേഷണം പ്രഖ്യാപിച്ചത്. ആറങ്ങോട്ട് എം.എല്‍.പി. സ്‌കൂളിലെ അധ്യാപകനായ റിബേഷിനെതിരെ വകുപ്പ് തല നടപടി ആവശ്യപ്പെട്ട് നല്‍കിയ പരാതിയിലാണ് നടപടി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി. ദുല്‍ഖിഫിലാണ് പരാതിക്കാരന്‍.

Advertisment

തോടന്നൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കാണ് അന്വേഷണ ചുമതല. റിബേഷിനെതിരെ വകുപ്പുതല നടപടി ആവശ്യപ്പെട്ടായിരുന്നു പരാതി. അധ്യാപകനെതിരെ പോലീസ് കേസെടുത്തതായുള്ള പരാതിയിന്മേല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടിരിക്കുന്നത്.

വിവാദമായ സ്‌ക്രീന്‍ഷോട്ട് ആദ്യം പങ്കുവെച്ചത് റിബേഷ് ആണെന്ന് പോലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എവിടെനിന്ന് സന്ദേശം ലഭിച്ചുവെന്ന് റിബേഷ് പോലീസിനോട് വെളിപ്പെടുത്തിയിരുന്നില്ല. പോലീസ് റിബേഷിന്റെ ഫോണ്‍ കസ്റ്റഡിയിലെടുത്ത് ജില്ലാ ഫൊറന്‍സിക് സയന്‍സ് ലാബില്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് റിബേഷിനെ ക്രൂശിക്കാന്‍ അനുവദിക്കില്ലെന്നാണ് ഡി.വൈ.എഫ്.ഐ. നിലപാട്.

വടകരയിലെ വിവാദ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് നിര്‍മിച്ചത് ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്‍ ആണെന്ന് തെളിയിക്കുന്നവര്‍ക്ക് സമ്മാനം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ. 25 ലക്ഷം രൂപയാണ് സമ്മാനമായി വടകര ബ്ലോക്ക് കമ്മിറ്റി പ്രഖ്യാപിച്ചത്. ആവശ്യമുള്ളവര്‍ക്ക് ഫോണ്‍ പരിശോധിക്കാമെന്നും കമ്മിറ്റിയുടെ പോസ്റ്ററില്‍ പറയുന്നു.  ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മിറ്റിയുടെ ഔദ്യോ?ഗിക ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഇനാം പ്രഖ്യാപിച്ചത്.

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ പ്രതിരോധം തീര്‍ക്കുന്നതിനായി ഡിവൈഎഫ്‌ഐ വടകരയില്‍ ബഹുജന പൊതുയോഗം സംഘടിപ്പിച്ചിരുന്നു. ജനങ്ങളെ കാര്യങ്ങള്‍ ധരിപ്പിക്കുന്നതിനൊപ്പം നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഡിവൈഎഫ്‌ഐ നേതാക്കള്‍ പറഞ്ഞു. 

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുല്ലയ്ക്ക് റിബേഷ് കഴിഞ്ഞ ദിവസം വക്കീല്‍ നോട്ടിസ് അയച്ചിരുന്നു. തനിക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണമാണ് എന്ന് ആരോപിച്ചാണ് റിബേഷ് വക്കീല്‍ നോട്ടിസ് അയച്ചത്.

റെഡ് എന്‍കൗണ്ടര്‍ എന്ന ഇടത് അനുകൂല വാട്സാപ്പ് ഗ്രൂപ്പില്‍ റിബേഷ് ഷെയര്‍ ചെയ്ത പോസ്റ്റാണ് പിന്നീട് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കപ്പെട്ടതെന്ന അനുമാനത്തില്‍ പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. 'റിബേഷിന്റെ മൊഴിയെടുത്തെങ്കിലും പോസ്റ്റ് ലഭിച്ചത് എവിടെനിന്നാണെന്ന് പറയാന്‍ കഴിഞ്ഞിട്ടില്ല. പോസ്റ്റ് സൃഷ്ടിച്ചത് റിബേഷ് ആണോ അതോ ഡൗണ്‍ലോഡ് ചെയ്തതാണോ എന്നറിയാന്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്കയച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisment