/sathyam/media/media_files/2025/07/30/gurudevikrithikal-2025-07-30-23-18-00.jpeg)
കാലടി: ശ്രീനാരായണഗുരുദേവന്റെ ദർശനങ്ങൾ കൂടുതൽ പ്രസക്തമായ ആധുനികകാലത്ത് മലയാളിയുടെ ജ്ഞാനദൃഷ്ടിയെ വലയം ചെയ്തിരിക്കുന്ന ഇരുട്ടിനെ പുറന്തള്ളി വെളിച്ചമാകാനാകുന്ന ആഴവും പരപ്പുമുള്ള അനവദ്യകാവ്യങ്ങളായ ഗുരുദേവകൃതികളിലേയ്ക്ക് ശുദ്ധസംഗീതത്തെ സന്നിവേശിപ്പിച്ച് ശ്രദ്ധനേടിയ ഗായകനാണ് ദുർഗ്ഗാദാസ് മലയാറ്റൂർ.
ഗുരുദേവ കൃതികൾക്ക് കർണ്ണാടക സംഗീതത്തിന്റെ രാഗഛായ പകർന്ന് കച്ചേരിയുടെ പരമ്പരാഗത ചിട്ടവട്ടങ്ങളോടെയാണ് ദുർഗ്ഗാദാസിന്റെ അവതരണം.
അതുകൊണ്ടുതന്നെ ആസ്വാദകർക്ക് അത് വേറിട്ടൊരനുഭവമായി മാറുകയാണ്. പന്ത്രണ്ടോളം കൃതികൾ ഇത്തരത്തിൽ ദുർഗ്ഗാദാസ് ചിട്ടപ്പെടുത്തിയിട്ടുണ്ട്.
ഇതിൽ രണ്ടെണ്ണം ഗീതങ്ങളാണ്. അരുണചന്ദ്രിക, ആഭോഗി രാഗങ്ങളിലാണ് ഇവരണ്ടും ചിട്ടപ്പെടുത്തിയിട്ടുള്ളതെന്ന് ദുർഗ്ഗാദാസ് പറഞ്ഞു. ഗുരുദേവനെക്കുറിച്ചുള്ള ഒരു ലളിതഗാനംകൂടി ഇദ്ദേഹം സൃഷ്ടിച്ചെടുത്തിട്ടുണ്ട്.
മാണിക്യമംഗലം ശിവകൃഷ്ണൻ മാഷിന്റെ കീഴിൽ ഇരുപത്തിലേറെ വർഷത്തെ ശാസ്ത്രീയസംഗീതപഠനം പൂർത്തിയാക്കിയശേഷമാണ് ഗുരുദേവകൃതികൾക്ക് സംഗീതം പകരുക എന്ന ലക്ഷ്യത്തിലേയ്ക്കു നീങ്ങിയത്.
വേദികളിൽ ഗുരുദേവകൃതികളും ഭജനകളും കോർത്തിണക്കിയുള്ള മികച്ച അവതരണത്തിലൂടെ ശ്രീനാരായണീയ സമൂഹങ്ങൾക്കിടയിൽ ദേശീയശ്രദ്ധനേടിയ ഒരു കലാകാരനായി ഇതിനോടകം മാറിക്കഴിഞ്ഞു ദുർഗ്ഗാദാസ്.
ഇന്ത്യക്കകത്തും പുറത്തുമായി ഓൺലൈനിൽ സംഗീതക്ലാസ്സുകൾ നടത്തുന്നതിനാൽ ധാരാളം ശിഷ്യസമ്പത്തുമുണ്ട്.
ശ്രീനാരായണഗുരു ജയന്തി, സമാധി ദിനങ്ങളിലേയ്ക്കായുള്ള സംഗീതപരിപാടികളുടെ പരിശീലനത്തിരക്കുകളിലാണ് ഗായകൻ. ഇദ്ദേഹത്തിന്റെ സംഗീതപരിപാടികൾ ആവശ്യമുള്ളവർക്ക് 9961701179 എന്ന നമ്പറിൽ ബന്ധപ്പെടാം.