സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന 'കലപില' അവധിക്കാല ക്യാമ്പിനു തുടക്കം

New Update
kalapila camp

തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി കോവളം വെള്ളാര്‍ ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജില്‍ സംഘടിപ്പിക്കുന്ന 'കലപില സമ്മര്‍ ക്യാമ്പ് 2025' ന്‍റെ രണ്ടാം പതിപ്പിന് തുടക്കമായി.


Advertisment

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം), കേരള അക്കാദമി ഓഫ് സ്കില്‍സ് എക്സലന്‍സ് (കെഎഎസ്ഇ), കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജ് എന്നിവ സംയുക്തമായാണ് ആറ് ദിവസത്തെ ക്യാമ്പ് സംഘടിപ്പിക്കുന്നത്.


അഞ്ചു വയസു മുതല്‍ പതിനാറ് വയസുവരെ പ്രായമുള്ള 89 കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. ശുചിത്വ സന്ദേശം നല്കുന്നത് ലക്ഷ്യമിട്ട് ശുചിത്വ മിഷന്‍റെ ഔദ്യോഗിക ചിഹ്നമായ ചൂലേന്തിയ കാക്കയില്‍ പ്രതീകാത്മകമായി തൂവലുകള്‍ പതിപ്പിച്ച് കുട്ടികള്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത കലാകാരന്‍ പരാഗ് പന്തീരാങ്കാവാണ് ലോഗോയുടെ രൂപം കുട്ടികള്‍ക്കായി നിര്‍മിച്ചത്.


ചടങ്ങില്‍ കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ പി ആര്‍ മാനേജര്‍ അഷിത അബ്ദുള്‍ അസീസ്, കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ വിനോദ് ടി വി, കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ശ്രീപ്രസാദ് എന്നിവരും പങ്കെടുത്തു. തുടര്‍ന്ന് പ്രശസ്ത തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് ബിപിന്‍ ദാസ് പരപ്പനങ്ങാടി നയിക്കുന്ന തിയേറ്റര്‍ വര്‍ക് ഷോപ്പും നടന്നു.


ക്യാമ്പില്‍ മുടിയേറ്റ്, നിഴല്‍ പാവക്കൂത്ത്, പുന്നാട് പൊലിക, ലഹരിക്കെതിരെയുള്ള സന്ദേശവുമായി മാങ്ങോ ട്രീ മാജിക് അടക്കം നിരവധി കലാ സാംസ്കാരിക പരിപാടികളും നടക്കും. കലാപരിപാടികള്‍ ആസ്വദിക്കാന്‍ സന്ദര്‍ശകര്‍ക്കും അവസരം ഒരുക്കിയിട്ടുണ്ട്. കുട്ടികളില്‍ സര്‍ഗാത്മകത, നവീകരണം, സംരംഭക മനോഭാവം എന്നിവ വളര്‍ത്തുന്ന വിധത്തിലാണ് ക്യാമ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.


കല, കരകൗശലം, വൈദഗ്ധ്യം, സര്‍ഗ്ഗാത്മകത, സംരംഭകത്വം, പ്രശ്നപരിഹാരം എന്നിവ സംയോജിപ്പിച്ച് കുട്ടികളില്‍ വ്യക്തിത്വവും നവീകരണവും പരിപോഷിപ്പിക്കുന്ന വര്‍ക്ക്ഷോപ്പുകളും സംവേദനാത്മക പ്രവര്‍ത്തനങ്ങളും ക്യാമ്പില്‍ ഉണ്ടായിരിക്കും. 'കലപില 2025' സ്റ്റാര്‍ട്ടപ്പ് എക്സിബിഷനുകളും കെഎസ് യുഎം സ്റ്റാര്‍ട്ടപ്പുകളുടെ നൂതന പദ്ധതികള്‍ പ്രദര്‍ശിപ്പിക്കുന്ന പ്രദര്‍ശനങ്ങളും ക്യാമ്പിന്‍റെ പ്രത്യേകതയാണ്. സ്റ്റാര്‍ട്ടപ്പ് സ്ഥാപകരുമായും പ്രൊഫഷണലുകളുമായും സംവദിക്കാനുള്ള അവസരവും ക്യാമ്പ് അംഗങ്ങള്‍ക്ക് ലഭിക്കും. റോബോട്ടിക്സ് ഉള്‍പ്പെടെ ഏകദേശം 20 വര്‍ക്ക് ഷോപ്പുകള്‍ ഉണ്ടാകും.




ചിത്രകലാ പരിശീലനം, ഫേസ് പെയിന്‍റിംഗ്, കളരി, സ്കേറ്റിംഗ്, മ്യൂസിക്, സുംബ, നാടകം, കളിമണ്ണില്‍ പാത്ര ശില്‍പ നിര്‍മാണം, ചുവര്‍ചിത്രരചന, പട്ടം നിര്‍മ്മാണം, ഷാഡോ പപ്പെട്രി, ജയന്‍റ് പപ്പെട്രി, നീന്തല്‍, പാചകം, വയല്‍ അനുഭവം, കമ്മ്യൂണിറ്റി ജീവിതം, സാഹിത്യ സാംസ്കാരിക പരിപാടികള്‍ തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങളില്‍ കൈകോര്‍ക്കാന്‍ ക്യാമ്പ് അവസരമൊരുക്കും.

Advertisment