കല്‍പ്പറ്റ: മേപ്പാടി ചൂരൽമലയിൽ ഇന്നലെ ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധിച്ച നാട്ടുകാർക്കെതിരെ പൊലീസ് കേസ് എടുത്തു.
വില്ലേജ് ഓഫീസറെ കയ്യേറ്റം ചെയ്തുവെന്നും വാഹനത്തിന് കേടുവരുത്തിയെന്നും ആരോപിച്ചാണ് പൊലീസ് കേസെടുത്തത്.
ചൂരൽമല സ്വദേശികളായ ആറു പേർക്കെതിരെയാണ് മേപ്പാടി പൊലീസ് കേസ് എടുത്തത്.
മുണ്ടക്കൈ, ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസത്തിലെ പാളിച്ചകളും സുരക്ഷിത മേഖലകൾ തിരിച്ച അശാസ്ത്രീയതയും ചോദ്യം ചെയ്തായിരുന്നു പ്രതിഷേധം.
വില്ലേജ് ഓഫീസറെയും തഹസിൽദാരെയും പ്രതിഷേധിച്ച നാട്ടുകാർ തടഞ്ഞിരുന്നു. പിന്നാലെ പൊലീസും നാട്ടുകാരും തമ്മിൽ ഉന്തും തള്ളുമുണ്ടായിരുന്നു.
ദുരന്തബാധിതർക്ക് ഒരു സഹായവും നൽകാതെ സർക്കാർ കേസെടുക്കുന്നുവെന്ന് ടി സിദ്ദീഖ് എം എൽ എ കുറ്റപ്പെടുത്തി.
പ്രതിഷേധിക്കുന്നവരെ നിശബ്ദരാക്കാൻ കേസെടുക്കുന്നത് രാഷ്ട്രീയ തീരുമാനമെന്നും സിദ്ദീഖ് പറഞ്ഞു.