കൽപ്പറ്റ: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ഡാമുകൾ തുറന്നു.
ബാണാസുര സാഗർ, പെരിങ്ങൽകുത്ത്, കക്കയം, ചുള്ളിയാർ, മാട്ടുപ്പെട്ടി, ഷോളയാർ, തെന്മല പരപ്പാർ, പീച്ചി, പഴശ്ശി ഡാമുകൾ തുറന്നു.
പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.
ബാണാസുര സാഗർ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുകയാണ്. സ്പിൽവേ ഷട്ടറുകൾ 75 സെന്റിമീറ്റർ ഉയർത്തും. 61 ക്യുമെക്സ് വെള്ളമാണ് ഒഴുക്കി വിടുന്നത്.
നിലവിൽ രണ്ട്, മൂന്ന് നമ്പർ ഷട്ടറുകളും കൂടി 60 സെന്റീമീറ്ററായി ഉയർത്തി സെക്കൻ്റിൽ 48.8 ക്യുമെക്സ് വെള്ളം ഘട്ടം ഘട്ടമായി പുഴയിലേക്ക് ഒഴുക്കി വിടുന്നുണ്ട്. കരമാൻ തോട്, പനമരം പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.
പഴശ്ശി ഡാമിന്റെ 13 ഷട്ടറുകൾ 3 മീറ്റർ വീതവും ഒരു ഷട്ടർ രണ്ടര മീറ്ററും ഉയർത്തി. നിലവിലെ ജല നിരപ്പ് 23.10 മീറ്ററാണ്. ഡാമിന്റെ താഴെ ഭാഗത്ത് ഇരു കരകളിലുമുള്ള ജനങ്ങൾ ജാഗ്രത പാലിക്കണമെന്നു നിർദ്ദേശം നൽകി.
പീച്ചി ഡാമിന്റെ നാല് ഷട്ടറുകളും നിലവില്‍ എട്ടിഞ്ച് (20സെ.മി) തുറന്നിട്ടുണ്ട്. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ തുടര്‍ച്ചയായി മഴ ലഭിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഡാമിലേക്ക് നീരൊഴുക്ക് വര്‍ദ്ധിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി നാല് ഷട്ടറുകളും കൂടുതല്‍ ഉയര്‍ത്തി. ഇന്ന് രാവിലെ 8 മുതല്‍ ഘട്ടം ഘട്ടമായി നാലിഞ്ച് (10 സെന്റീമീറ്റര്‍) കൂടി ഉയര്‍ത്തും (ആകെ 12 ഇഞ്ച്).
മണലി, കരുവന്നൂര്‍ പുഴകളിലെ ജലനിരപ്പ് നിലവിലേതില്‍ നിന്നും പരമാവധി 20സെ.മീ. കൂടി ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് അസി.എക്‌സി. എഞ്ചിനീയര്‍ അറിയിച്ചു.