/sathyam/media/media_files/gMmcN5xq3o5PiOnDsAI1.jpg)
തിരുവനന്തപുരം: തലസ്ഥാനത്തേക്ക് ചില്ലറ വില്‍പ്പനയ്ക്കായെത്തിച്ച 176 കിലോ തൂക്കം വരുന്ന കഞ്ചാവ് തമിഴ്‌നാട്ടില്‍ സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സംഘം പിടികൂടി. ലഹരി സംഘതലവനായ തിരുവനന്തപുരം ഊരമ്പ് സ്വദേശി ബ്രൂസ് ലി അറസ്റ്റിലായി. സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ചുമതലയുള്ള സിഐ ജി.കൃഷ്ണ കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു തമിഴ്‌നാട്ടിലെ പരിശോധന. ഇന്നലെ വൈകിട്ടോടെ ആയിരുന്നു സംഭവം.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നും തമിഴ്‌നാട്ടിലൂടെ കേരളത്തിലേക്ക് വന്‍തോതില്‍ കഞ്ചാവ് എത്തുന്നുണ്ടെന്ന് വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റേറ്റ് സംഘം തമിഴ്‌നാട് നാംഗുനേരി ടോള്‍ പ്ലാസയ്ക്ക് സമീപം നടത്തിയ പരിശോധനയിലാണ് സംശയാസ്പദമായ രീതിയില്‍ രണ്ട് കാറുകള്‍ കണ്ടെത്തിയത്. എക്‌സൈസ് സംഘം കാറിന് കൈകാണിച്ചു. ഇതോടെ കാര്‍ സംഘത്തെ വെട്ടിച്ച് ഇട റോഡ് വഴി അപകടമായ രീതിയില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.
കാറിനെ പിന്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബ്രൂസ്ലിയെ പിടികൂടിയത്. രണ്ടാമത് വാഹനത്തെ സംഘം പിന്തുടര്‍ന്നെങ്കിലും ഏര്‍വാടി ഭാഗത്ത് വാഹനം ഉപേക്ഷിച്ച് കാറിലുണ്ടായിരുന്നവര്‍ കടന്നു. ഈ വാഹനത്തില്‍ നിന്നാണ് 88 പൊതികളിലായി സൂക്ഷിച്ച് കഞ്ചാവ് ശേഖരം കണ്ടെത്തിയത്.
കാറിന്റെ ഡിക്കിയില്‍ ഭദ്രമായി പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവുണ്ടായിരുന്നത്. ആന്ധ്രയില്‍ നിന്ന് എത്തിച്ചതാണ് പൊതികള്‍ എന്ന് എക്‌സൈസ് അറിയിച്ചു.തുടര്‍ നടപടികള്‍ക്കായി കഞ്ചാവ് നാംഗുനേരി പൊലീസിന് കൈമാറി.