തന്ത്രി കണ്ഠരര് രാജീവരർക്കെതിരെ നിലപാട് കടുപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. തന്ത്രിക്കും ഭാര്യക്കും കണക്കിൽപ്പെടാത്ത കോടികളുടെ നിക്ഷേപമുണ്ടെന്ന് എസ്‌ഐടി കോടതിയെ അറിയിച്ചതോടെ കുരുക്ക് വീണ്ടും മുറുകി. തന്ത്രി 'പൊതുസേവകൻ്റെ' പരിധിയിലാണെന്നും അഴിമതി നിരോധന നിയമം ബാധകമെന്നും പ്രോസിക്യൂഷൻ. ജാമ്യം നൽകരുതെന്ന് എസ്.ഐ.ടി, നിർണായക വിധി 18ന്

New Update
thanthri kandararu rajeevaru

തിരുവനന്തപുരം: ശബരിമല സ്വർണക്കൊളള കേസിൽ അറസ്റ്റിലായ  തന്ത്രി കണ്ഠരര് രാജീവരർക്കെതിരെ നിലപാട് കടുപ്പിച്ച് പ്രത്യേക അന്വേഷണ സംഘം.

Advertisment

തന്ത്രിക്കും ഭാര്യക്കും ആദായ നികുതി വകുപ്പിനെ അറിയിക്കാത്ത നിക്ഷേപം ഉണ്ടെന്ന് കോടതിയെ അറിയിച്ചുകൊണ്ടാണ് അന്വേഷണ സംഘം നിലപാട് കർശനമാക്കിയത്.


തന്ത്രിയുടെ ജാമ്യാപേക്ഷയെ എതിർത്ത എസ്ഐടി കുടുംബാംഗങ്ങളുടെ അടക്കം സാമ്പത്തിക സ്രോതസിൻ്റെ തെളിവുകൾ കോടതിയിൽ ഹാജരാക്കി.


സ്വകാര്യ പണമിടപാട് സ്ഥാപനമായ കുന്നത്തുകളത്തിൽ ചിട്ടി ഫണ്ടിൽ വൻ നിക്ഷേപം  ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. തന്ത്രിയുടെ പേരിൽ 2.05 കോടി രൂപയുടെയും  തന്ത്രിയുടെ ഭാര്യയുടെ പേരിൽ 62 ലക്ഷവും നിക്ഷപമുണ്ട്.

kantararu rajeevaru

ഇതെല്ലാം ആദായ നികുതി വകുപ്പിനെ അറിയിച്ചിട്ടുളള നിക്ഷേപമല്ല, കണക്കിൽപ്പെടാത്ത പണമാണ് എന്നാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരിക്കുന്നത്.

ജാമ്യാപേക്ഷയെ എതിർത്തുകൊണ്ടുളള വാദത്തിനിടയിൽ നിലപാട് കർശനമാക്കിയതിലൂടെ തന്ത്രിക്ക് സ്വർണക്കൊളളയിൽ പ്രധാന പങ്കുണ്ടെന്നും സാമ്പത്തിക നിക്ഷേപങ്ങൾ ഇതിൻെറ തെളിവാണെന്നും സ്ഥാപിക്കാനാണ് അന്വേഷണ സംഘത്തിൻെറ ശ്രമം.


സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിക്ഷേപിച്ചിരിക്കുന്ന വൻതുകയുടെ സ്രോതസ് എന്താണ്, ഇത് ശബരിമല സ്വർണക്കൊളളയെ തുടർന്നുണ്ടായ സാമ്പത്തിക നേട്ടത്തിൻെറ തെളിവാണോ എന്നതെല്ലാം അന്വേഷിക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.


ജാമ്യം നിരസിക്കുന്നതിന് വേണ്ടിയുളള കാര്യങ്ങൾ എന്ന നിലയിലാണ് ഈ വാദങ്ങൾ അവതരിപ്പിച്ചത്. തന്ത്രിയുടെ അറസ്റ്റിന് പിന്നാലെ തന്നെ അദ്ദേഹത്തിൻെറ  സാമ്പത്തിക ഇടപാടുകളെ കുറിച്ച്  ആക്ഷേപങ്ങൾ പുറത്തുവന്നിരുന്നു.

പൊട്ടി പോയ തിരുവല്ലയിലെ ധനകാര്യ സ്ഥാപനത്തിൽ തന്ത്രിക്ക് രണ്ട് കോടിരൂപയുടെ നിക്ഷേപം ഉണ്ടെന്നായിരുന്നു പുറത്തുവന്ന വിവരം. എന്നാൽ പണമിടപാട് സ്ഥാപന ഉടമ ഇത് നിഷേധിച്ചിരുന്നു.

thanthri kandararu rajeevaru-3

താന്ത്രികാവകാശം ഉണ്ടായിരുന്ന 2024-25 വർഷത്തിൽ മാത്രം ശബരിമലയിൽ നിന്ന് 7.26ലക്ഷം രൂപ ദക്ഷിണയായി തന്ത്രി കൈപ്പറ്റിയെന്നും പ്രത്യേക  അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്.


തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിന്ന് ഇത്രയും തുക കൈപ്പറ്റിയ സാഹചര്യത്തിൽ തന്ത്രിയും പൊതു സേവകൻെറ ഗണത്തിൽപ്പെടും.


അതുവഴി തന്ത്രി അഴിമതി നിരോധന നിയമത്തിൻെറ പരിധിയിൽ വരുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. 2004 മുതൽ തന്ത്രിക്ക് ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമുണ്ടെന്നും പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്.

പ്രോസിക്യൂഷൻെറയും പ്രതിയുടെയും വാദം കേട്ട കോടതി 18 ന് ജാമ്യാപേക്ഷയിൽ വിധി പറയും.

കഴിഞ്ഞ ദിവസം പ്രതിഭാഗം വാദം പൂർത്തിയായിരുന്നു. ആചാരപരമായ കാര്യങ്ങളിൽ അല്ലാതെ ക്ഷേത്രത്തിൻെറ ഭരണപരമായ കാര്യങ്ങളിൽ തന്ത്രിക്ക് ഇടപെടാനാകില്ലെന്നാണ് പ്രതിഭാഗം വാദിച്ചത്.


വൈക്കം മഹാദേവ ക്ഷേത്രവുമായി ബന്ധപ്പെട്ട ഉത്തരവുകൾ ഉയർത്തിക്കാട്ടിക്കൊണ്ടായിരുന്നു തന്ത്രി കണ്ഠരര് രാജീവരുടെ വാദം.


ക്ഷേത്രത്തിലെ ആചാരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഭരണപരമായ ചുമതല വഹിക്കുന്നവർ ഉപദേശം ചോദിക്കുമ്പോൾ അത് നൽകുക എന്നതിൽ കവിഞ്ഞ് ഒരു പങ്കും സ്വർണക്കൊളളയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തന്ത്രിക്ക് ഇല്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു.

1502350-swarna-kolla

തിങ്കളാഴ്ച രണ്ടര മണിക്കൂർ സമയമെടുത്തായിരുന്നു തന്ത്രിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കൊല്ലം വിജിലൻസ് കോടതിക്ക് മുൻപാകെ വാദങ്ങൾ നിരത്തിയത്. ജാമ്യേപക്ഷയെ നഖശിഖാന്തം എതിർത്ത പ്രോസിക്യൂഷൻ തന്ത്രി കണ്ഠരര് രാജീവരുടെ സാമ്പത്തിക നിക്ഷേപങ്ങളാണ് ആയുധമാക്കിയത്.

ശബരിമല സ്വർണക്കൊളളയുമായി ബന്ധപ്പെട്ട അന്വേഷണത്തിൻെറ ഭാഗമായി സ്വർണപ്പാളികൾ ശാസ്ത്രീയ പരിശോധന നടത്താൻ പ്രത്യേക അന്വേഷണ സംഘം മൂന്ന് സ്ഥലങ്ങൾ ഹൈക്കോടതിയെ അറിയിച്ചു.ഇക്കാര്യത്തിൽ ഈമാസം 19ന് തീരുമാനം അറിയിക്കും എന്ന് ഹൈക്കോടതി വ്യക്തമാക്കി.

Advertisment