/sathyam/media/media_files/2025/09/29/2b7b149b-f33a-4fa3-9a4f-df9814774c5a-2025-09-29-22-07-05.jpg)
കാഞ്ഞിരപ്പള്ളി: കുടിവെള്ള സ്രോതസ്സിന്റെ സമീപത്ത് കക്കൂസ് മാലിന്യം തള്ളിയ രണ്ട് ടാങ്കർ ലോറികളെ കാഞ്ഞിരപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയാണ്. ഇവരുടെ ഫോൺ ലൊക്കേഷൻ ഡാറ്റയും ശാസ്ത്രീയമായി പരിശോധിക്കുന്നു.
പാലമ്പ്ര റോഡിലെ ഹോളിക്രോസ് മഠത്തിന്റെയും രാജവീഥി കവലയുടെയും സമീപത്ത് കൈത്തോട്ടിലേക്കാണ് കക്കൂസ് മാലിന്യം ഒഴുക്കിയത്. ചേർത്തലയിലുള്ള ഒരു സ്വകാര്യ കമ്പനിയുടെ സർവീസ് ലോറികളാണിത്.
സെപ്റ്റംബർ 19-നാണ് ഈ സംഭവം നടന്നത്. കാരക്കൽ, മാളിയേക്കൽ എന്നീ കുടിവെള്ള പദ്ധതികളുടെ വെള്ളം ശേഖരിക്കുന്ന കുളത്തിന് സമീപത്താണ് മലിനീകരണം നടന്നത്. ഇതോടെ നൂറോളം കുടുംബങ്ങളുടെ കുടിവെള്ള വിതരണം തടസപ്പെട്ടു.
പത്തു ദിവസങ്ങൾ പിന്നിട്ടിട്ടും ജലം പൂർണമായി ശുദ്ധിയാകാത്തതിനാൽ പമ്പിംഗ് പുനരാരംഭിക്കാനായിട്ടില്ല. ഇനി നാല് ദിവസം കൂടി സൂപ്പർ ക്ലോറിനേഷൻ നടത്തിയതിന് ശേഷം ജലത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തിയാലേ പമ്പിംഗ് ആരംഭിക്കൂ എന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
സംഭവത്തിന് പിന്നാലെ നാട്ടുകാർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വാർഡ് മെമ്പർ സിന്ധു മോഹൻ, പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ, മറ്റു പഞ്ചായത്ത് അംഗങ്ങൾ എന്നിവർ അന്വേഷണത്തിന് പൂർണ പിന്തുണ നൽകി. പൂഞ്ഞാർ എം.എൽ.എ. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ പ്രത്യേക ഇടപെടലോടെ അന്വേഷണം വേഗത്തിലായി.
കാഞ്ഞിരപ്പള്ളി എരുമേലി റോഡിലും പാലമ്പ്ര റോഡിലും സ്ഥാപിച്ചിരുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് രണ്ട് ടാങ്കർ ലോറികളെ തിരിച്ചറിഞ്ഞു. തുടർന്ന് റൂട്ട്മാപ്പ് തയ്യാറാക്കി ചേർത്തലയിൽ നിന്നാണ് ലോറികൾ പിടികൂടിയത്. ഡ്രൈവർമാരെയും രണ്ടു ഏജൻറ്മാരെയും പോലീസ് ചോദ്യം ചെയ്യുന്നു.
ഡ്രൈവർമാർ പരിസര പ്രദേശങ്ങളിൽ നിന്നാണ് മാലിന്യം ശേഖരിച്ചതെന്ന് സംശയമുണ്ടെങ്കിലും ഉറവിടം സംബന്ധിച്ച വിവരം അവർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച ശേഷം നിയമാനുസൃതമായി അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് വ്യക്തമാക്കി.
നാട്ടുകാർ പ്രതീക്ഷയോടെ പോലീസ് നടപടികളോട് സഹകരിക്കുമ്പോൾ, കുറ്റക്കാർക്കെതിരെ കഠിന നടപടി ആവശ്യപ്പെട്ട് പ്രദേശത്ത് ശക്തമായ പൊതുജന പ്രതിഷേധം തുടരുകയാണ്.