കണ്ണൂരിൽ ബംഗളൂരുവിൽനിന്നെത്തിയ ദമ്പതികളുടെ പക്കൽ നിന്നും 70.66 ഗ്രാം എംഡിഎംഎ പിടികൂടി

മൂന്നര വയസുള്ള മകളുമായാണ് പ്രതികൾ മയക്കുമരുന്ന് കടത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കോഴിക്കോട് സ്വദേശിനിയായ നജീമയുടെ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തിയത്.

New Update
img(183)

കണ്ണൂർ: കണ്ണൂരിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട. ബംഗളൂരുവിൽനിന്നെത്തിയ ദമ്പതികളിൽനിന്ന് 70.66 ഗ്രാം എംഡിഎംഎ പിടികൂടി. ബംഗളൂരുവിൽ താമസക്കാരായ തയ്യിൽ സ്വദേശി ഷാഹുൽ ഹമീദ്, ഭാര്യ നജീമ എന്നിവരാണ് അറസ്റ്റിലായത്. 

Advertisment

മൂന്നര വയസുള്ള മകളുമായാണ് പ്രതികൾ മയക്കുമരുന്ന് കടത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കോഴിക്കോട് സ്വദേശിനിയായ നജീമയുടെ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തിയത്. വിൽപനക്കായി എത്തിച്ചതായിരുന്നു.

ഷാഹുൽ ഹമീദും നജീമയും മയക്കുമരുന്നുമായി ബംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക് ബസിൽ വരുന്നുണ്ടെന്ന് കണ്ണൂര്‍‌ സിറ്റി പൊലീസ് കമീഷണര്‍ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. 

ഇവർ എവിടേക്ക് എത്തുമെന്ന് കൃത്യമായി മനസിലാക്കിയ ഡാൻസാഫ് രാത്രി ജില്ലാ ആശുപത്രി മോർച്ചറി പരിസരത്ത് നിലയുറപ്പിച്ചു. രാവിലെ കണ്ണൂരിലെത്തി ബസിൽനിന്നിറങ്ങിയ ദമ്പതികൾ പ്ലാസ ജങ്ഷനിൽനിന്ന് ഓട്ടോറിക്ഷയിൽ ആശുപത്രി പരിസരത്തെത്തി.

ഇരുവരെയും തിരിച്ചറിഞ്ഞയുടന്‍ ഡാൻസാഫ് അംഗങ്ങൾ ഓട്ടോറിക്ഷ വളഞ്ഞ് പിടികൂടുകയായിരുന്നു. മൂന്നര വയസുള്ള കുഞ്ഞും ഒപ്പമുണ്ടായിരുന്നു. പിങ്ക് പൊലീസും കണ്ണൂർ സിറ്റി പൊലീസും സ്ഥലത്തെത്തി. 

തഹസിൽദാരുടെ സാന്നിധ്യത്തിൽ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. നാർക്കോട്ടിക് എസിപി രാജേഷ്, കണ്ണൂർ സിറ്റി എസിപി പ്രദീപൻ കണ്ണിപ്പൊയിൽ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നൽകി. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

Advertisment