ഇരിട്ടി: ഇരിട്ടിയിൽ വൻ മയക്കുമരുന്നു വേട്ട. ബംഗളൂരുവിൽ നിന്ന് കൂട്ടുപുഴ വഴി കണ്ണൂരിലേക്ക് കാറിൽ കടത്തുകയായിരുന്ന 100 ഗ്രാം എം.ഡി.എം.എ ജില്ല പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും ഇരിട്ടി എസ്.ഐ ഷറഫുദ്ദീന്റെ നേതൃത്വത്തിൽ പൊലീസും ചേർന്ന് പിടികൂടി.
ബംഗാൾ സ്വദേശിനി ഉൾപ്പെടെ രണ്ടുപേരെ അറസ്റ്റു ചെയ്തു. കടത്താനുപയോഗിച്ച കാറും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കോഴിക്കോട് സ്വദേശി മുഹമ്മദ് അമീർ (34), വെസ്റ്റ് ബംഗാൾ സ്വദേശിനി സൽമ ഖാത്തൂൻ (30) എന്നിവരാണ് പിടിയിലായത്.
കൂട്ടുപുഴയിൽ വാഹന പരിശോധനക്കിടയിലാണ് ഇവർ പിടിയിലാകുന്നത്. പൊലീസ് കണ്ണൂർ റൂറൽ ജില്ലയിൽ നടത്തിവരുന്ന സ്‌പെഷൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ജില്ലയിലെ പ്രധാന മയക്കുമരുന്ന് കടത്തു സംഘത്തിൽപ്പെട്ട ഇരുവരും പിടിയിലാകുന്നത്.
പ്രതികൾ പയ്യാമ്പലത്ത് ഫ്ലാറ്റിൽ ദമ്പതികളെന്ന വ്യാജേന താമസിച്ചുവരുകയാണ്. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലും കോഴിക്കോട്ടും ഉൾപ്പെടെ ഇരുവരും മയക്കുമരുന്ന് വിൽപന നടത്തിവരുകയായിരുന്നു. ഇവരെക്കുറിച്ച് നേരത്തെതന്നെ എസ്.പിയുടെ സ്‌ക്വാഡിന് വിവരം ലഭിച്ചിരുന്നു.