കണ്ണൂരിൽ സിനിമ കാണുന്നതിനിടെ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകര്‍ന്നു; നാല് പേര്‍ക്ക് പരിക്കേറ്റു

New Update
SAHINA

കണ്ണൂര്‍:സിനിമ കാണുന്നതിനിടെ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകര്‍ന്ന് നാല് പേര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ മട്ടന്നൂരിലെ സഹിന സിനിമാസിലായിരുന്നു അപകടം. ഇന്ന് വൈകിട്ട് 6.15 ഓടെയാണ് സംഭവം. തിയേറ്ററിന്റെ ഒരു ഭാഗത്ത് കോണ്‍ക്രീറ്റ് റൂഫിന് മുകളിലായി വാട്ടര്‍ ടാങ്ക് ഉണ്ടായിരുന്നു. ടാങ്ക് തകര്‍ന്നതോടെ റൂഫും തകര്‍ന്ന് താഴേക്ക് പതിക്കുകയായിരുന്നു.

Advertisment

അപകടത്തിന് പിന്നാലെ വാട്ടര്‍ ടാങ്ക് പൊട്ടി മുകളില്‍ നിന്ന് വെള്ളം തിയേറ്ററിലേക്ക് ഒഴുകിയെത്തി. വാട്ടര്‍ ടാങ്കിനൊപ്പം കെട്ടിടത്തിലെ സിമന്റ് കട്ടകളും സീലിങ്ങും സീറ്റിലേക്ക് വീണാണ് സിനിമ കാണാനെത്തിയവര്‍ക്ക് പരിക്കേറ്റത്.

സംഭവത്തെ തുടര്‍ന്ന് സിനിമ പ്രദര്‍ശനം തടസപ്പെട്ടു. സീലിങ്ങിന് അടിയില്‍ കുടുങ്ങിയ സിനിമ കാണുകയായിരുന്നയാളുകള്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ നാല് പേരെയും ആശുപത്രിയിലേക്ക് മാറ്റി. ഒരാള്‍ക്ക് സാരമായ പരിക്കുണ്ട്. അപകടത്തെ തുടര്‍ന്ന് തിയേറ്ററിലെത്തി നാട്ടുകാര്‍ പ്രതിഷേധിച്ചു. പരിക്കേറ്റയാളുകളെ തിയേറ്ററുമായി ബന്ധപ്പെട്ട ആരും തിരിഞ്ഞു നോക്കുന്നില്ല എന്നും നാട്ടുകാര്‍ ആരോപിച്ചു.


 

Advertisment