/sathyam/media/media_files/2025/02/01/LBz6QmiwUr87I5zsHPlm.jpg)
കണ്ണൂര്‍: സി.പി.എം ജില്ലാ സമ്മേളനത്തിന് തളിപ്പറമ്പയിൽ തുടക്കമായതോടെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് എം.വി.ജയരാജൻ തുടരുമോ എന്നതാണ് ജില്ലയിലെ പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കും ഇടയിലുളള ചർച്ച.
ജില്ലാ സെക്രട്ടറി സ്ഥാനത്ത് ഒരു ടേം കൂടി ബാക്കിയുളളതിനാൽ എം.വി ജയരാജന് പദവിയിൽ തുടരാൻ സാങ്കേതികമായി തടസങ്ങളൊന്നുമില്ല.
എന്നാൽ സംസ്ഥാന സമ്മേളനത്തോടെ സി.പി.എമ്മിൽ സംഭവിക്കാൻ പോകുന്ന മാറ്റങ്ങൾ കണക്കിലെടുക്കുമ്പോൾ എം.വി.ജയരാജൻ മാറാനുളള സാധ്യത തളളിക്കളയാനാകില്ല.
സംസ്ഥാന സമ്മേളനത്തിന് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസിൽ നടക്കുന്ന ഇളക്കി പ്രതിഷ്ഠയിൽ എം.വി.ജയരാജന് നിർണായക പദവി ലഭിക്കാനിടയുണ്ട്.
ഇപ്പോൾ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്ത് തുടരുന്ന പി.ശശി, സംസ്ഥാന സമ്മേളനത്തിന് ശേഷം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി മാറുമെന്നാണ് പാർട്ടിയിൽ പ്രചരിക്കുന്ന അഭ്യൂഹം.
പി. ശശിയുടെ ഒഴിവിലേക്ക് പിണറായിയുടെ വിശ്വസ്തനായ എം.വി ജയരാജൻ തന്നെ പൊളിറ്റിക്കൽ സെക്രട്ടറിയാകും എന്നാണ് പ്രചരണം.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ച അനുഭവ സമ്പത്തുളള നേതാവാണ് എം.വി.ജയരാജൻ. ഇതുമാത്രമല്ല എം.വി.ജയരാജൻ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയുമെന്ന പ്രചാരണം സജീവമാകുന്നത്.
2019ൽ പി. ജയരാജൻ വടകരയിൽ നിന്ന് ലോകസഭയിലേക്ക് മത്സരിക്കാൻ ഇറങ്ങിയപ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു കൊണ്ട് എം.വി.ജയരാജൻ, സി.പി.എമ്മിന്റെ രാജ്യത്തെ തന്നെ ഏറ്റവും വലിയ ജില്ലാ ഘടകമായ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ അമരത്തേക്ക് എത്തുന്നത്.
എക്കാലവും കരുത്തിന്റെ പ്രതീകങ്ങളായ ജില്ലാ സെക്രട്ടറിമാരാണ് കണ്ണൂരിലെ സി.പി.എമ്മിനെ നയിച്ചിട്ടുളളത്.
പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, ഇ.പി.ജയരാജൻ, പി.ശശി, പി.ജയരാജൻ തുടങ്ങിയവരെല്ലാം വലിയ ആജ്ഞാശക്തിയോടും ആധികാരികതയോടുംകൂടി ജില്ലയിലെ പാർട്ടിയെ നയിച്ചവരാണ്.
ഇടക്കുളള ക്ഷോഭം ഒഴിച്ചാൽ രാഷ്ട്രീയ - സംഘടനാ വിഷയങ്ങളിലെല്ലാം പൊതുവേ സൗമനായി ഇടപെടുന്നതാണ് എം.വി.ജയരാജന്റെ ശൈലി. ഈശൈലി കണ്ണൂരിലെ പാർട്ടിയുടെ കെട്ടുറപ്പിനെ ബാധിച്ചുവെന്ന വിമർശനം പാർട്ടിക്കുളളിൽ ശക്തമാണ്.
പയ്യന്നൂർ ഏരിയാ കമ്മിറ്റിയിൽ ഉണ്ടായ വിഭാഗീയ പ്രശ്നങ്ങളാണ് ഇതിൻെറ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
രക്തസാക്ഷി ധനരാജിന്റെ പേരിൽ പിരിച്ച പണം സംബന്ധിച്ച് ആക്ഷേപങ്ങൾ ഉയർന്നതും നേതാക്കൾ തമ്മിലുളള ചേരിതിരിവുകളും തമ്മിലടിയും മൂലം ഇടക്കാലത്ത് സംസ്ഥാന സമിതി അംഗം ടി.വി.രാജേഷിന് ചുമതല നൽകേണ്ടി വന്നു.
രക്തസാക്ഷി കുടുംബത്തെ സഹായിക്കാൻ പിരിച്ച തുകയിൽ ഒരു ഭാഗം രണ്ട് നേതാക്കളുടെ അക്കൌണ്ടിലേക്ക് മാറ്റിയെന്നായിരുന്നു പരാതി.
പയ്യന്നൂർ ഏരിയ കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്ന വി. കുഞ്ഞികൃഷ്ണനായിരുന്നു പരാതി നൽകിയത്.
ഇതോടെയാണ് കുഞ്ഞികൃഷ്ണനെ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയത്. സംഭവം പുറത്തറിഞ്ഞതോടെ ധനരാജിന്റെ വായ്പാ ബാധ്യത അടച്ച് തീർത്ത് പ്രശ്നം പരിഹരിക്കുകയായിരുന്നു. ഈ സംഭവങ്ങളെല്ലാം കണ്ണൂരിലെ പാർട്ടിയുടെ കരുത്ത് ചോരുന്നുവെന്ന പ്രതീതി ഉണ്ടാക്കിയിരുന്നു.
അതാണ് എം.വി.ജയരാജനെ മാറ്റി പാർട്ടിയുടെ കരുത്ത് തിരിച്ചുപിടിക്കണമെന്ന ആവശ്യം ചില കോണുകളിൽ നിന്നെങ്കിലും ഉയരാൻ കാരണം.
ഈ സമ്മേളനകാലത്തും പയ്യന്നൂർ ഏരിയക്ക് കീഴിലെ ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങളിൽ വിഭാഗീയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.
എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യന്തം പങ്കെടുക്കുന്ന ജില്ലാ സമ്മേളനത്തിൽ അദ്ദേഹത്തിന്റെ അനുവാദം ഇല്ലാതെ ഒന്നും നടക്കില്ല. എം.വി ജയരാജൻ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയാൽ ടി.വി രാജേഷ് സെക്രട്ടറി പദത്തിലെത്തും.
കെ.കെ.രാഗേഷ്, എം.ചന്ദ്രൻ എന്നിവരെയും പരിഗണിച്ചേക്കാം. ജില്ലാ സമ്മേളനത്തിൽ തുടക്കം കുറിച്ചിരിക്കുന്ന പൊതുചർച്ചയിൽ ജില്ലയിലെ നേതാക്കളും പാർട്ടിയും ഉൾപ്പെട്ട വിവാദങ്ങളെല്ലാം ഉന്നയിക്കപ്പെടാനാണ് സാധ്യത.
അതിൽ ഏറ്റവും പ്രധാനപ്പെട്ടത് പി.പി.ദിവ്യ ഉൾപ്പെട്ട എ.ഡി.എം നവീൻ ബാബുവിന്റെ മരണമാണ്. ജില്ലാ കമ്മിറ്റി അംഗമായിരുന്ന പി.പി.ദിവ്യയെ പ്രാഥമികാംഗമായി തരംതാഴ്ത്തിയതിനെ അനുകൂലിച്ചും എതിർത്തും വാദങ്ങൾ ഉയരുമെന്ന് ഉറപ്പാണ്.
കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച, ആത്മകഥാ വിവാദം എന്നിവയും സമ്മേളനത്തിൽ വിമർശന വിധേയമാകും. ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ വമ്പൻ തിരിച്ചടിയും, ധർമ്മടം അടക്കമുളള ശക്തി കേന്ദ്രങ്ങളിലെ വോട്ട് ചോർച്ചയും പൊതുചർച്ചയിൽ ഉയർന്നുവരാൻ സാധ്യതയുളള വിഷയങ്ങളാണ്.