കണ്ണൂര്‍: ഉറപ്പായും ഇത്തവണത്തെ സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന സമ്മേളന പ്രതിനിധി ആകേണ്ടിയിരുന്ന വനിതാ നേതാവായിരുന്നു ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് പിപി ദിവ്യ.
പക്ഷേ പാര്‍ട്ടി വിലയിരുത്തിയതുപോലെ തന്നെ സ്വന്തം തീരുമാനപ്രകാരം ചെയ്ത ധിക്കാരപരമായ ഒരു പ്രവൃത്തി കാരണം ജില്ലാ സമ്മേളനത്തില്‍ പോലും പ്രതിനിധി ആകാന്‍ ദിവ്യയ്ക്ക് കഴിഞ്ഞില്ല.
പ്രായപരിധി മാനദണ്ഡങ്ങളുടെ പേരില്‍ 76 കാരിയായ പികെ ശ്രീമതി ഇത്തവണ പാര്‍ട്ടി പദവികള്‍ ഒഴിയുമ്പോള്‍ പകരക്കാരിയായി പാര്‍ട്ടി കണ്ടുവച്ച മഹിളാ നേതാവായിരുന്നു ദിവ്യ.
സംസ്ഥാന കമ്മറ്റി അംഗത്വവും ഏറെ കുറെ ദിവ്യയ്ക്ക് ഉറപ്പായിരുന്നു. ആ നിലയ്ക്കുള്ള പരിഗണനയും സ്വാതന്ത്ര്യവും ദിവ്യയ്ക്ക് പാര്‍ട്ടി നല്‍കിയിരുന്നു.
പക്ഷേ, ആ പരിഗണന പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന വിധം ദിവ്യ ദുരുപയോഗിച്ചതാണ് വിനയായത്.
സബ് കളക്ടര്‍ നവീന്‍ ബാബുവിന്‍റെ യാത്രയയപ്പ് സമ്മേളനത്തില്‍ പാര്‍ട്ടി മര്യാദകള്‍ക്ക് നിരക്കാത്ത വിധം പങ്കെടുത്തുകൊണ്ട് ദിവ്യ നടത്തിയ പ്രസംഗത്തിലെ അവസാനഭാഗമാണ് നവീന്‍ ബാബുവിന്‍റെ മരണത്തിന് കാരണമായതെന്നായിരുന്നു ജില്ലാ സമ്മേളനത്തില്‍ പാര്‍ട്ടി അംഗീകരിച്ച വാദം.
മാത്രമല്ല, നവീന്‍ ബാബുവിന്‍റെ മരണശേഷം മുഖ്യമന്ത്രിയുടെ ഓഫീസിനെ തന്നെ ഈ സംഭവത്തിലേയ്ക്ക് വലിച്ചിഴയ്ക്കുകയും ഒരു വ്യാജ പരാതി സൃഷ്ടിക്കുകയും ചെയ്തതാണ് മുഖ്യമന്ത്രിയെ അടക്കം പ്രകോപിപ്പിച്ചത്.
ഇതോടെ ദിവ്യയുടെ കാര്യത്തില്‍ നിയമം നിയമത്തിന്‍റെ വഴിക്കെന്ന നിര്‍ദേശമാണ് മുഖ്യമന്ത്രിയില്‍ നിന്നുണ്ടായത്. അതോടെ ദിവ്യ ജയിലിലായി.
തിരികെയെത്തിയപ്പോഴേയ്ക്കും പാര്‍ട്ടിയുടെ എല്ലാ പദവികളില്‍ നിന്നും ദിവ്യ ഒഴിവാക്കപ്പെട്ടു. അതിനുമുമ്പെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനവും പോയി.
ഫലത്തില്‍ അപക്വമായ ഒരു പെരുമാറ്റത്തിലൂടെ ദിവ്യ തല്‍ക്കാലത്തേയ്ക്കെങ്കിലും പാര്‍ട്ടിയുടെ മുഖ്യധാരയില്‍ നിന്ന് പുറത്താണ്. അല്ലെങ്കില്‍ മലബാര്‍ ലോബിയിലൂടെ മുഖ്യധാരയുടെ ഭാഗമാകേണ്ടിയിരുന്ന ആളായിരുന്നു ദിവ്യ.