കണ്ണൂർ: കണ്ണൂർ കരിക്കോട്ടക്കരിയിൽ നിന്ന് മയക്കുവെടി വെച്ച് പിടികൂടിയ കുട്ടിയാന ചരിഞ്ഞു. ഒമ്പത് മണിയോടെയാണ് ആന ചരിഞ്ഞത്.
ജനവാസ മേഖലയിലിറങ്ങിയ കുട്ടിയാനയെ വൈകിട്ട് വെറ്റിനറി ഡോക്ടർ അജീഷ് മോഹൻദാസിൻ്റെ നേതൃത്വത്തിലാണ് മയക്ക് വെടി വെച്ച് പിടികൂടിയത്.
ആനയുടെ താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ആന പന്നിപ്പടക്കം കടിച്ചതാണ് മുറിവിന് കാരണമെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്.
ആനയുടെ അന്നനാളത്തിന് ഉൾപ്പെടെ ഗുരുതര പരിക്കേറ്റിട്ടുണ്ട്. തീറ്റയോ വെള്ളമോ എടുക്കാൻ ആവാത്ത സ്ഥിതിയായിരുന്നു. പടക്കം പൊട്ടിയതിന്റെ ആഘാതത്തിൽ പല്ലും നാക്കും ഉൾപ്പെടെ തകർന്നിരുന്നു.
സംഭവത്തില്‍ കൊട്ടിയൂർ റേഞ്ചിൽ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. സിസിഎഫാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
കണ്ണൂർ ഡിഎഫ്ഒ സംഘത്തലവൻ. 11 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണം പൂർത്തിയാക്കി രണ്ട് മാസത്തിനകം അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിര്‍ദേശം.