കണ്ണൂർ: ഇരിട്ടി കരിക്കോട്ടക്കരി മേഖലയിൽ നാട്ടിലിറങ്ങിയ കാട്ടാനക്കുട്ടി സ്‌ഫോടക വസ്തു കടിച്ച് പരിക്കേറ്റ് ചരിഞ്ഞ സംഭവത്തിൽ അന്വേഷണം.
കൃഷിയിടങ്ങളിൽ പന്നിപ്പടക്കം വയ്ക്കുന്നതുൾപ്പെടെ നിരോധിത സ്‌ഫോടക വസ്തുക്കളുടെ ഉപയോഗം കണ്ടെത്താനാണ് പൊലീസും വനം വകുപ്പും നടപടി ആരംഭിച്ചത്.
സ്‌ഫോടക വസ്തു കടിച്ച് പരിക്കേറ്റ കുട്ടിയാന ചരിഞ്ഞ സംഭവം കണ്ണൂർ ഡിഎഫ്ഒ വൈശാഖിന്റെ നേതൃത്വത്തിലുള്ള പതിനൊന്ന് അംഗ സംഘമാണ് അന്വേഷിക്കുന്നത്.
ഇതിന്റെ ഭാഗമായി വനം വകുപ്പ് - പൊലീസ് സേനകളുടെ ആന്റി ബോംബ് സ്‌ക്വാഡുകൾ പന്നിപ്പടക്കം ഉൾപ്പെടെയുള്ളവ കണ്ടെത്താൻ വനമേഖലയിൽ തെരച്ചിൽ നടത്തുകയും ചെയ്തു.
കാടിറങ്ങുന്ന വന്യജീവികൾ കെണികളിൽ കുടുങ്ങുന്ന സംഭവങ്ങൾ വർധിച്ച സാഹചര്യത്തിലാണ് പരിശോധന കർശനമാക്കുന്നത്.
അറളം ഫാം ബ്‌ളോക്കിലെ ഒന്ന്, മൂന്ന്, ആറ് മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു വ്യാപക പരിശോധന.
ബുധനാഴ്ചയാണ് കരിക്കോട്ടക്കരിയിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ മൂന്ന് വയസുള്ള കുട്ടിയാന ചരിഞ്ഞത്. പന്നിപ്പടക്കം പൊട്ടിത്തെറിച്ച് ഉണ്ടായ പരിക്കാണ് മരണ കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.
ഉഗ്രസ്‌ഫോടനത്തിൽ കാട്ടാനക്കുട്ടിയുടെ കീഴ്ത്താടി അറ്റുപോവുകയും നാവിന്റെ ഒരു ഭാഗം ചിന്നി ചിതറുകയും ചെയ്തിരുന്നു. കുട്ടിയാനയുടെ മസ്തിഷ്‌ക്കത്തിനും മാരകമായി പരുക്കേറ്റു.
തൊണ്ടയിൽ പുഴുവരിച്ച നിലയിലായിരുന്നു. കാലിനും മാരകമായി മുറിവേറ്റിരുന്നു. രക്തത്തിലെ അണുബാധയും അരോഗ്യസ്ഥിതി മോശമാകാൻ കാരണമായി.