/sathyam/media/media_files/2025/04/01/EpljiI8FBBJgJcIuS2k1.jpg)
കണ്ണൂർ: വീണ്ടുമൊരു തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് കടക്കാനൊരുങ്ങുകയാണ് കേരളം. നിലവിലെ ഭരണ സമിതികളുടെ കാലാവധി അവസാനിക്കാൻ ഇനി മാസങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കങ്ങൾ സജീവമാക്കിയിട്ടുണ്ട്. അതിനനുസരിച്ചു രാഷ്ട്രീയ പാർട്ടികളും ഒരുക്കങ്ങൾ നടത്തുന്നുണ്ട്.
വാർഡ് വിഭജനമുൾപ്പടെ പൂർത്തിയായതോടെ മറ്റു പ്രവർത്തനങ്ങളിലേക്ക് കടന്നിരിക്കുകയാണ് പാർട്ടികൾ. ബൂത്ത് ലെവൽ ഏജന്റ് (ബിഎല്‍എ) മാരെ പാർട്ടികൾ നിശ്ചയിച്ച് അധികൃതർക്ക് നൽകിക്കഴിഞ്ഞു. ഇങ്ങനെ ഔദ്യോഗികമായ നടപടികൾക്കൊപ്പം തന്നെ രാഷ്ട്രീയവും സംഘടന പരവുമായ പ്രവർത്തനങ്ങളും സജീവമായിട്ടുണ്ട്.
വളരെ ജാഗ്രതയോടെയാണ് കോൺഗ്രസ് ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. വാർഡ് തലങ്ങളിൽ അവർ സംഘടിപ്പിക്കുന്ന 'മഹാത്മാ ഗാന്ധി കുടുംബ സംഗമം' ഉദാഹരണം. പരമാവധി പാർട്ടി പ്രവർത്തകരേയും അനുഭാവികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് കുടുംബ സംഗമങ്ങൾ.
കണ്ണൂർ ജില്ലയുടെ മലയോര പ്രദേശങ്ങളിൽ കോൺഗ്രസ് കുടുംബ സംഗമങ്ങൾ സജീവമാണ്. സണ്ണി ജോസഫ് എം എൽ എ അടക്കമുള്ള നേതാക്കൾ മിക്ക യോഗങ്ങളിലും പങ്കെടുക്കുന്നു. കോൺഗ്രസിന്റെ ചരിത്രം, ഗാന്ധിജിയും കോൺഗ്രസ്സും, ദേശീയ പ്രസ്ഥാനം ഇങ്ങനെ യുള്ള ക്ലാസ്സുകളുടെ രൂപത്തിലാണ് നേതാക്കളുടെ പ്രസംഗം. അതാത് വാർഡിലെ പ്രശ്നങ്ങളും ചർച്ച ചെയ്യുന്നുണ്ട്.
ഭൂരിഭാഗം കുടുംബ യോഗങ്ങളിലും വൻ തോതിൽ പങ്കാളിത്തവുമുണ്ട്. വാർഡ് തലങ്ങളിൽ കേന്ദ്രീകരിച്ചു കൊണ്ടുള്ള ഈ പ്രവർത്തനം തദ്ദേശ സ്ഥാപനങ്ങളിൽ എൽ ഡി എഫിനുള്ള മേൽക്കൈ തകർക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണെന്ന് പ്രാദേശിക കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നു. പതിവിൽ നിന്ന് വ്യത്യസ്തമായി സ്വാധീനമുള്ള വാർഡുകളിൽ ബിജെപിയും സജീവമാണ്.