പാർട്ടിക്ക് മുകളിൽ പരുന്തും പറക്കില്ല. ഫളക്‌സ് ബോർഡിലെ പി.ജയരാജൻ അനുകൂല വാഴ്ത്ത് പാട്ട്. പാർട്ടിയാണ് വലുതെന്ന സന്ദേശം നൽകി എം.വി ജയരാജൻ. പി. ജയരാജൻ ജീവിക്കുന്ന അത്ഭുതമെന്ന് എം.എ ബേബി. അച്ചടക്ക നടപടിക്ക് നീക്കമുണ്ടാവാനും സാധ്യത

പ്രായപരിധി മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ പി.ജയരാജന് മേൽക്കമ്മിറ്റികളിലേക്കുള്ള പ്രാതിനിധ്യം അടുത്ത തവണ ലഭ്യമാകില്ല.

New Update
p jayarajan

കണ്ണൂർ : സി.പി.എമ്മിലെ തലമുതിർന്ന നേതാവും സംസ്ഥാന കമ്മറ്റിയംഗവുമായ പി.ജയരാജനെതിരെ അച്ചടക്കനടപടിക്ക് വീണ്ടും സാധ്യത തെളിയുന്നു.  

Advertisment

പി.ജയരാജനെ വാഴ്ത്തുന്ന ഫ്‌ലെക്‌സ് ബോർഡുകൾ സംബന്ധിച്ചാണ് വീണ്ടും പാർട്ടിയിൽ ചർച്ചകൾ ചൂടുപിടിക്കുന്നത്.

മധുരയിൽ പാർട്ടി കോൺഗ്രസ് സമാപിച്ച ശേഷമാണ് ചക്കരക്കൽ ഭാഗത്തെ ആവിമെട്ട, കക്കോത്ത് എന്നിവിടങ്ങളിൽ റെഡ് യങ്‌സ് എന്ന പേരിൽ പി.ജയരാജൻ അനുകൂല ഫ്‌ളക്‌സുകൾ ഉയർന്നത്. 

വ്യക്തിയല്ല പാർട്ടിയാണ് വലുതെന്ന വാദവുമായി എം.വി ജയരാജൻ രംഗത്ത് വന്നിട്ടുണ്ട്.

ഫള്ക്‌സ് ബോർഡുകൾ സ്ഥാപിച്ച സംഭവത്തിൽ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകിയപ്പോഴാണ് എം.വി ജയരാജൻ ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. 

ഇതിനിടെ ജീവിച്ചിരിക്കുന്ന അദ്ഭുതമാണു പി.ജയരാജനെന്നു സി.പി.എം ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എം.എ.ബേബിയും വ്യക്തമാക്കുന്നു. 

എതിരാളികൾ വെട്ടിനുറുക്കിയ അദ്ദേഹത്തെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവന്നത് പാർട്ടിയും തലശ്ശേരി സഹകരണ ആശുപത്രിയിലെ ചികിത്സകരും അദ്ദേഹത്തിന്റെ ഇച്ഛാശക്തിയും ചേർന്നാണ്.  

അങ്ങനെയൊരാളോട് ആരാധനയും സ്‌നേഹവുമുള്ളവർ കണ്ണൂരിൽ ഏറെയുണ്ട്. ആരാധന അതിരു കടന്നെന്ന് പാർട്ടി ഘടകങ്ങൾ വിലയിരുത്തിയിരിക്കാം. 

ഒരാളിന്റെയും വ്യക്തിപൂജയെ അംഗീകരിക്കുന്നില്ലെന്നും ബേബി വ്യക്തമാക്കി. 

ഇത് രണ്ടാം തവണയാണ് പി.ജയരാജനെതിരെ വ്യക്തിപൂജ വിവാദമുയരുന്നത്. മുമ്പ് ഒരു പാട്ടുമായി ബന്ധപ്പെട്ട് വ്യക്തിപൂജ വിവാദത്തിൽ പാർട്ടി അദ്ദേഹത്തെ താക്കീത് ചെയ്തിരുന്നു

അന്ന് സംസ്ഥാന സെരകട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനാണ് പി.ജയരാജനെ താക്കീത് ചെയ്തത്. അതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തുന്ന തരത്തിൽ പാട്ടുകളും തിരുവാതിരയും അരങ്ങേറിയിരുന്നു. 

ഏറ്റവും അവസാനം സെക്രട്ടേറിയറ്റിലെ ഇടതുസംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ മന്ദിര ഉദ്ഘാടനത്തിന്റെ ഭാഗമായി പിണറായിയെ പുകഴ്ത്തി സർക്കാർ ജീവനക്കാർ ഗാനമാലപിച്ചതും വിവാദമായിരുന്നു. 

എന്നാൽ അതിലൊന്നും ഔദ്യേഗിക വിശദീകരണമോ അച്ചടക്ക നടപടിയോ ഉണ്ടായില്ല.

പി.ജയരാജനെ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിലോ കേന്ദ്രക്കമ്മിറ്റിയിലോ ഉൾപ്പെടുത്താത്തതിലുള്ള പ്രതിഷേധമാണ് ഫ്‌ളക്‌സിന്റെ രൂപത്തിൽ കണ്ണൂരിലെ ചിലയിടങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. 

പ്രായപരിധി മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ പി.ജയരാജന് മേൽക്കമ്മിറ്റികളിലേക്കുള്ള പ്രാതിനിധ്യം അടുത്ത തവണ ലഭ്യമാകില്ല. 

പാർലമെന്ററി രംഗത്ത് നിന്നും പി.ജയരാജനെ പൂർണ്ണമായും പാർട്ടി ഒഴിവാക്കിയേക്കുമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.

Advertisment