/sathyam/media/media_files/2025/04/10/Ohelx4f9ZRnsfdrENz0Z.jpg)
കണ്ണൂർ : കരുവന്നൂരിന് പിന്നാലെ സഹകരണ മേഖലയെ വീണ്ടും സംശയ നിഴലിലാക്കിയ മറ്റൊരു വൻ തട്ടിപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു കണ്ണൂർ ജില്ലയിൽ സിപിഎം ഭരണസമിതിയുടെ നേതൃത്വത്തിലുണ്ടായിരുന്ന ഇരിട്ടിക്കടുത്ത് കോളിത്തട്ട് സർവീസ് സഹകരണ ബേങ്കിൽ നിന്ന് പുറത്തു വന്നത്.
കോടികളുടെ വെട്ടിപ്പായിരുന്നു ഇവിടെ നടന്നത്. യുഡിഎഫിന്റെ കൈവശമായിരുന്ന ബേങ്ക് 30 വർഷം മുൻപാണ് സിപിഎം പിടിച്ചെടുത്തത്.
തട്ടിപ്പുകൾ പതിയെ പുറത്തു വരാൻ തുടങ്ങിയപ്പോൾ നടത്തിയ പരിശോധനയിൽ ഏഴുകോടിരൂപ വായ്പ നൽകിയതിൽ ഭൂരിഭാഗവും ജീവനക്കാരുടെയും ഭരണസമിതി അംഗങ്ങളുടെയും ബിനാമി വായ്പകളായിരുന്നു എന്നായിരുന്നു പ്രധാന കണ്ടെത്തൽ.
തുടർച്ചയായി നടന്ന പരിശോധനയിൽ ക്രമക്കേട് 22 കോടിയുടേതാണ് നടന്നതെന്ന് കണ്ടെത്തി. നിക്ഷേപ ഇനത്തിലും ജില്ലാ ബാങ്ക് വിഹിതത്തിലും 11 കോടിയുടെ വീതം തട്ടിപ്പാണ് പരിശോധനയിൽ കണ്ടെത്തിയത്.
ഇതേതുടർന്ന് ആറു മാസം മുൻപ് ഭരണ സമിതി പിരിച്ചു വിട്ട് അഡ്മിനിസ്ട്രേറ്റിവ് ഭരണം ഏർപ്പെടുത്തി.
ആറായിരം അംഗങ്ങളുള്ള ബേങ്കിൽ ആറു മാസത്തിനകം തെരഞ്ഞെടുപ്പ് നടത്തണമെന്ന് നിർദേശിച്ചെങ്കിലും നോമിനേഷൻ കൊടുക്കാൻ പോലും ആരുമില്ല എന്നതാണ് നിലവിലെ അവസ്ഥ.
രേഖകളിൽ കൃത്രിമം കാണിച്ച് നിക്ഷേപം പിൻവലിക്കലും കാടാശ്വാസ കമ്മിഷനിൽ നിന്നുള്ള സഹായധനം ജീവനക്കാരുടെയും ഭരണസമിതി അംഗങ്ങളുടെയും ബിനാമി വായ്പയിലേക്ക് വകമാറ്റലും ഇടപാടുകാർ പണയപ്പെടുത്തിയ സ്വർണം അവർ അറിയാതെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ പണയപ്പെടുത്തി പണം തട്ടിയെടുക്കലുമാണ് തട്ടിപ്പിന്റെ ഭാഗമായുള്ള അന്വേഷണത്തിൽ കണ്ടെത്തിയത്.
നിലവിലുള്ള അഡ്മിനിസ്ട്രേറ്ററുടെ കാലാവധി ഈ മാസം 12 ന് അവസാനിക്കും. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടപടിയുമായി മുന്നോട്ട് പോയതെങ്കിലും ആരും മത്സരിക്കാനില്ലാത്ത അവസ്ഥയാണ്.
ക്രമക്കേട് വെളിപ്പെട്ടതിനെ തുടർന്ന് സിപിഎം പാർട്ടി നടപടിയും സ്വീകരിച്ചിരുന്നു. അതേസമയം പണം തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങൾ വേണ്ട വിധം ഫലം കണ്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us