പുതിയ കണ്ണൂർ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കാൻ സി.പി.എം ഒരുങ്ങുന്നു. തീരുമാനം ഏപ്രിൽ 15ന്. എം. പ്രകാശൻ മാസ്റ്റർ,  കെ.കെ. രാഗേഷ് എന്നിവർ പരി​ഗണനയിൽ. സെക്രട്ടറിയാവും എന്ന് കരുതിയ ടി.വി.രാജേഷിന് വിനയായത് പി ജയരാജനുമായുള്ള അടുപ്പം

നിലവിലുളള ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് കണ്ണൂരിൽ പുതിയ ജില്ലാ സെക്രട്ടറിയെ കണ്ടെത്തേണ്ടിവന്നത്. 

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update
prakashan master tv kk

കണ്ണൂർ: പാർട്ടിയുടെ ശക്തികേന്ദ്രമായ കണ്ണൂരിൽ പുതിയ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതിനായി സി.പി.എം ഒരുങ്ങുന്നു.

Advertisment

ജില്ലാ സെക്രട്ടറിയേയും ജില്ലാ സെക്രട്ടേറിയേറ്റിനെയും തിരഞ്ഞെടുക്കുന്നതിനായി ഏപ്രിൽ 15ന് ജില്ലാ കമ്മിറ്റിയോഗം വിളിച്ചു.


നിലവിലുളള ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് കണ്ണൂരിൽ പുതിയ ജില്ലാ സെക്രട്ടറിയെ കണ്ടെത്തേണ്ടിവന്നത്. 


എം.വി.ജയരാജൻ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ച ടി.വി.രാജേഷ് ജില്ലാ സെക്രട്ടറിയാകുമെന്ന് കരുതപ്പെട്ടിരുന്നതെങ്കിലും അതിൽ മാറ്റം വന്നേക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചന.

കൊല്ലം സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയിലെത്തിയ എം.പ്രകാശൻ മാസ്റ്ററോ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷോ ജില്ലാ സെക്രട്ടറി പദത്തിൽ എത്തുമെന്നാണ് പുതിയ വിവരം.


ജില്ലയിലെ പാർട്ടിയ്ക്കകത്തെ ചേരിതിരിവിൽ പി.ജയരാജൻ പക്ഷത്തിനൊപ്പം നിൽക്കുന്നു എന്നതാണ് ടി.വി. രാജേഷിന്റെ സാധ്യത അടച്ചതെന്നാണ് നേതാക്കൾ പറയുന്നത്.


ഇത്രയും നാൾ സംസ്ഥാന കമ്മിറ്റിയിലേക്ക് പരിഗണിക്കപ്പെടാതിരുന്ന എം.പ്രകാശൻ മാസ്റ്ററെ ഇത്തവണ ഉൾപ്പെടുത്തിയത് തന്നെ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് എത്തിക്കുന്നതിനാണെന്നാണ് നേതാക്കൾ നൽകുന്ന സൂചന.

ജില്ലാ സെക്രട്ടേറിയേറ്റിലെ സീനിയർ അംഗമായ പ്രകാശൻ മാസ്റ്റർ കണ്ണൂരിലെ സംഘടനാ സംവിധാനത്തെപ്പറ്റി നന്നായി അറിയുന്നയാളുമാണ്.


പ്രകാശൻ മാസ്റ്റർ ജില്ലാ സെക്രട്ടറിയാകുകയാണെങ്കിൽ ടി.വി.രാജേഷ് അടക്കമുളളവർക്ക് സമീപഭാവിയിലെങ്ങും ആ പദവിയിലേക്ക് എത്താനാവില്ല. 


66കാരനായ പ്രകാശൻ മാസ്റ്റർക്ക് മൂന്ന് ടേം ജില്ലാ സെക്രട്ടറിയായിരിക്കാൻ പ്രായം തടസമാകില്ല. മുഖ്യമന്ത്രിയുടെ ജില്ലയായതിനാൽ കണ്ണൂരിലെ ജില്ലാ സെക്രട്ടറി ആരായിരിക്കണമെന്നതിൽ അവസാന വാക്ക് അദ്ദേഹത്തിന്റെ തന്നെയായിരിക്കും.

പ്രകാശൻ മാസ്റ്ററുടെ പേരിന് മുഖ്യമന്ത്രി സമ്മതം മൂളിയില്ലെങ്കിൽ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിനാണ് സാധ്യത.


എന്നാൽ സർക്കാർ അവസാനവർഷത്തിലേക്ക് കടക്കുന്ന ഘട്ടത്തിൽ സ്വന്തം ഓഫീസിൽ അഴിച്ചുപണിക്കും പുതിയൊരാളെ പരീക്ഷിക്കാനും മുഖ്യമന്ത്രി തയാറാകുമോ എന്നതാണ് സംശയം. 


രാഗേഷ് ജില്ലാ സെക്രട്ടറിയായാൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് പുതിയൊരാളെ കണ്ടെത്തേണ്ടി വരും.

ജില്ലാ സെക്രട്ടറി സ്ഥാനത്ത് എത്താൻ ടി.വി.രാജേഷിന് നല്ല താൽപര്യമുളളതിനാൽ മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് തെറ്റിദ്ധാരണ നീക്കാനുളള സാധ്യത നേതാക്കൾ തളളുന്നില്ല. അങ്ങനെ സംഭവിച്ചാൽ ടി.വി.രാജേഷ് തന്നെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് എത്താം.


പാർട്ടിയുടെ നെടുംകോട്ടയെന്ന് ഒക്കെ നേതാക്കൾ വീരവാദം മുഴക്കുന്നുണ്ടെങ്കിലും കണ്ണൂരിലെ പാർട്ടിയുടെ നില അത്രഭദ്രമല്ല. 


നേതാക്കൾ തമ്മിലുളള ചേരിപ്പോരും അധികാര വടംവലിയും ജില്ലയിലെ പാർട്ടിയിൽ ചേരിതിരിവുകൾ സൃഷ്ടിച്ചിട്ടുണ്ട്. 

പ്രായപരിധിയിൽ ഇളവ് ലഭിച്ച് ഇ.പി.ജയരാജൻ സംസ്ഥാന സെക്രട്ടേറിയേറ്റിലും കേന്ദ്ര കമ്മിറ്റിയിലും തുടർന്നതോടെ അദ്ദേഹം വീണ്ടും ശക്തനായിട്ടുണ്ട്. എന്നാൽ പി.ജയരാജനാണ് പാർ‍ട്ടി അണികൾക്കിടയിൽ ഏറ്റവും ജനകീയതയുളളത്. 


എന്നാൽ വിഭാഗീയതയാണ് പി.ജയരാജന് മേൽ ആരോപിക്കപ്പെടുന്ന കുറ്റം. പി.ജയരാജൻ, സ്പീക്കർ എ.എൻ.ഷംസീർ, കെ.വി.സുമേഷ് എം.എൽ.എ, ടി.വി.രാജേഷ് എന്നിവർ ഒറ്റ ഗ്രൂപ്പായി നിൽക്കുന്നുവെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ അനുമാനം. 


ജില്ലയിലെ പാർട്ടിയിൽ വിഭാഗീയതയും വ്യക്ത്യാരാധനയും വളർത്തുന്നു എന്നതാണ് പി.ജയരാജന് മേൽ ആരോപിക്കപ്പെടുന്ന കുറ്റം. 

ഇതുകൊണ്ടാണ് പി.ജയരാജനെ ഇത്തവണയും സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് പരിഗണിക്കാതിരുന്നതെന്ന് ഏറെക്കുറെ വ്യക്തമാണ്. ഇത് ജില്ലയിലെ പാർട്ടിയിൽ വീണ്ടും അസ്വസ്ഥതകൾ ഉണ്ടാക്കിയിട്ടുണ്ട്. 


അതിന്റെ പ്രതിഫലനമെന്നോണം സൈബർ ഗ്രൂപ്പുകളിലും കാവുകളിലെ ഉത്സവങ്ങളിൽ ഉയരുന്ന ഫ്ളക്സ് ബോർഡുകളിലും പ്രകടമാകുന്നുമുണ്ട്. 


അച്ചടക്കത്തിന് പുകൾപെറ്റ കണ്ണൂരിലെ പാർട്ടിയിൽ നിന്ന് ഉയരുന്ന അപസ്വരങ്ങളിൽ നേതൃത്വത്തിന് കടുത്ത അമർഷമുണ്ട്. ആരും പാർട്ടിക്ക് മുകളിലല്ലെന്ന എം.വി.ജയരാജന്റെ പ്രതികരണം ഇതിന്റെ തെളിവാണ്.

Advertisment