കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസ് മധുരയിൽ സമാപിച്ചതിനു പിന്നാലെയായിരുന്നു കണ്ണൂരിൽ സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജനെ അനുകൂലിച്ചു കൊണ്ട് ഫ്ലെക്സ് ബോർഡു വെച്ചത്.
ജയരാജന് ഏറെ ആരാധകരുള്ള ചക്കരക്കൽ മേഖലയിലായിരുന്നു ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇടം കിട്ടാത്ത ജയരാജൻ കേന്ദ്ര കമ്മിറ്റിയിലെങ്കിലും ഇടം പിടിക്കുമെന്ന കണക്കു കൂട്ടലിലായിരുന്നു അദ്ദേഹത്തെ അനുകൂലിക്കുന്നവർ.
എന്നാൽ അതുമില്ലെന്ന് കണ്ടതോടെയാണ് ജയരാജന് പിന്തുണയർപ്പിച്ച് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. ഇത് സംബന്ധിച്ച് പി. ജയരാജൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. മുൻപ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ സാമൂഹ്യ മാധ്യമം വഴിയോ പത്ര സമ്മേളനത്തിലോ ജയരാജൻ തള്ളിപ്പറഞ്ഞ ചരിത്രം ഉണ്ട്.
സംസ്ഥാന സമ്മേളനം കഴിഞ്ഞത് മുതൽ പി. ജയരാജൻ ഏറെക്കുറെ നിശബ്ദതയിലാണ്. പാർട്ടിയെ ബാധിക്കുന്ന പൊതുവായ വിഷയങ്ങളിലും അഭിപ്രായവും നിലപാടും പറഞ്ഞിരുന്ന അദ്ദേഹം ആ പതിവും ഉപേക്ഷിച്ച നിലയിലാണ്. അതേസമയം കടുത്ത അതൃപ്‌തിയിലാണ് ജയരാജനെ അനുകൂലിക്കുന്ന കണ്ണൂർ ജില്ലയിലെ പാർട്ടി പ്രവർത്തകർ.
കണ്ണൂരുകാരനായ ജോൺ ബ്രിട്ടാസ് പോലും അടുത്ത കാലത്ത് പാർട്ടിയിൽ സജീവമായി രാജ്യസഭയിൽ എത്തിയതിനു പിന്നാലെ സിപിഎം കേന്ദ്ര കമ്മിറ്റിയിൽ സ്ഥിരം ക്ഷണിതാവാകുക കൂടി ചെയ്തതാണ് ജയരാജൻ അനുകൂലികളെ പ്രകോപിപ്പിച്ചത്.
തന്നെക്കാൾ ജൂനിയറായ തൊട്ടടുത്ത നാട്ടുകാരൻ പുത്തലത്ത് ദിനേശനും കേന്ദ്ര കമ്മിറ്റിയിലെത്തി. ഇതെല്ലാം നിശബ്ദമായി, എന്നാൽ ഏറെ അസംതൃപ്തിയോടെ കണ്ടു കൊണ്ടിരിക്കുകയാണ് ജയരാജൻ.
ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം ഉള്ളതാണ് അദ്ദേഹത്തിന് ഏക ആശ്വാസം. ജയരാജനെ പോലെ എതിരാളികളുടെ ശാരീരിക ആക്രമണത്തെ ഇത്രയേറെ നേരിട്ട മറ്റൊരു നേതാവ് ഉണ്ടോ എന്നാണ് അണികൾ ചോദിക്കുന്നത്.
മാത്രമല്ല, മുഴുവൻ സമയവും പാർട്ടിക്കായി മാറ്റി വെച്ച ജീവിതത്തെ നേതൃത്വം പൂർണമായി അവഗണിക്കുന്ന സമീപനമാണെന്നും പാർട്ടിയിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. അടുത്ത സമ്മേളന കാലയളവ് ആകുമ്പോഴേക്കും ജയരാജന് പ്രായ പരിധിയുടെ പ്രശ്നവും വന്നേക്കാം.
ഇതിനിടയിലാണ് തന്നെക്കാൾ ജൂനിയറായ എം വി ജയരാജൻ സംസ്ഥാന സെക്രട്ടറിയേറ്റിലേക്കുയർന്നത് എന്നതും പി. ജയരാജനു ക്ഷീണമുണ്ടാക്കി. ഫ്ലെക്സ് ബോർഡ് വന്നതിനെ തുടർന്ന്, വ്യക്തിയല്ല പാർട്ടിയാണ് വലുതെന്ന എം വി ജയരാജന്റെ പ്രതികരണം ഒളിയമ്പായി കാണുന്നവരും ഉണ്ട്.
ഇതൊക്കെയാണെങ്കിലും പ്രവർത്തകരുടെ ' പി ജെ' കണ്ണൂർ ജില്ലയിൽ സജീവമാണ്. മിക്കവാറും പ്രവർത്തകരുടെയും പ്രാദേശിക നേതാക്കളുടെയും വിശേഷ സന്ദർഭങ്ങളിലും പാർട്ടി യുടെ പ്രാദേശിക പൊതു പരിപാടികളിലും ഓടിയെത്തുന്നുണ്ട് ജയരാജൻ.