/sathyam/media/media_files/2025/04/18/UTdy39tIDaUynknk9DnC.jpg)
കണ്ണൂർ: ഏറെ വിവാദവും കോളിളക്കവും സൃഷ്ടിച്ച വഖഫ് വിഷയത്തെച്ചൊല്ലി കണ്ണൂരിൽ പുതിയൊരു പോർമുഖം തുറന്നിരിക്കുകയാണ് സിപിഎമ്മും മുസ്ലിംലീഗും.
കണ്ണൂര്‍ തളിപ്പറമ്പ് സര്‍ സയ്യിദ് കോളജ് ഭൂമി സംബന്ധിച്ച വിവാദങ്ങളാണ് ലീഗ്-സിപിഎം പോരിലേക്കും പ്രസ്താവനാ യുദ്ധങ്ങളിലേക്കും വഴി മാറിയിരിക്കുന്നത്. 25 ഏക്കർ ഭൂമിയാണിപ്പോൾ തർക്ക വിഷയമായിട്ടുള്ളത്.
ഇപ്പോഴത്തെ വിവാദങ്ങളുടെ തുടക്കം 2021ലാണ് . ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് രണ്ട് സ്വകാര്യ വ്യക്തികൾ പരാതിയുമായി രംഗത്തെത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. 1966 ലാണ് സർ സയ്യിദ് കോളേജ് ആരംഭിച്ചത്.67 ൽ മുത്തവല്ലി കെ വി സൈനുദ്ധീൻ ഹാജി സ്ഥലം അനുവദിച്ചു.
ഈ ഭൂമിക്ക് തങ്ങളാണ് നികുതി അടച്ചുവരുന്നത് എന്ന് കോളജ് മാനേജ്‌മെന്റ് വാദിക്കുന്നതിനിടയിലാണ് പള്ളിയുടെ ഭൂമിക്ക് പള്ളി തന്നെ നികുതി അടക്കണം എന്ന ആവശ്യം 2021ൽ ഉയരുന്നത്.
ഈ ആവശ്യം തളിപ്പറമ്പ തഹസിൽദാർ പരിഗണിച്ചു. കോളേജിന്റെ പേരിലുള്ള തണ്ടപ്പേർ പള്ളിയുടെ പേരിലേക്ക് മാറ്റി നല്‍കി.
തണ്ടപ്പേര്‍ കോളജിന്‍റെ പേരിലേക്ക് മാറ്റിത്തരണമെന്ന ആര്‍ഡിഒ കോടതിയിലെ കേസില്‍ വിധി പറയുന്നത് തടയണമെന്ന ഹര്‍ജി ഹൈക്കോടതിയിലെത്തി.
പള്ളിയുടെ ഉടമസ്ഥതയിലുള്ള ഭൂമി വഖഫ് അല്ലെന്നും നരിക്കോട്ട് ഇല്ലത്തിന്റെ അധീനതയിൽ ഉണ്ടായിരുന്നതാണെന്നും ഇതുമായി ബന്ധപ്പെട്ട സത്യവാങ്മൂലത്തിൽ പറഞ്ഞു. മുസ്ലിംലീഗ് നേതൃത്വത്തിലാണ് കോളേജിന്റെ ഭരണസമിതി.
ഇത് മുൻ നിർത്തി വഖഫ് ഭൂമി തട്ടിയെടുക്കാന്‍ കോളജ് മാനേജ്‌മെന്റിലൂടെ മുസ്ലിംലീഗ് ശ്രമിക്കുന്നുവെന്ന് ഇതോടെ ആരോപണമുയർന്നു.
മുസ്ലിംലീഗ് ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ വഖഫ് ഭൂമി സ്വന്തമാക്കാനാണ് ശ്രമിക്കുന്നതെന്നു വരെ ആരോപണവുമായി സിപിഎം രംഗത്തെത്തി.
ഇക്കാര്യത്തിൽ ഐ എൻ എല്ലും സിപിഎമ്മിനൊപ്പം കൂടി. ആരോപണം ദിവസങ്ങളായി തുടർന്ന സിപിഎം, വഖഫ് ഭൂമി തട്ടിയെടുക്കാന്‍ ലീഗ് ശ്രമിക്കുന്നു എന്ന മുദ്രാവാക്യവുമായി പ്രകടനവും നടത്തി.
അതേസമയം സർ സയ്യിദ് കോളജിൻ്റെ ഭൂമി വഖഫ് സ്വത്താണെന്ന കാര്യത്തിൽ മുസ്‌ലിം ലീഗിനോ കോളജ് മാനേജ്മെൻ്റിനോ രണ്ടഭിപ്രായമില്ലെന്നും കോടതിയിൽ നൽകിയ സത്യവാങ്ങ്മൂലം തിരുത്തുന്നതിലൂടെ ആ പ്രശ്നം അവസാനിക്കുകയും ചെയ്യുമെന്ന വിശദീകരണവുമായി ലീഗ് ജില്ലാ നേതൃത്വവും രംഗത്തു വന്നു.
മുസ്‌ലിം ലീഗിനെ പഴിചാരി കലക്കവെള്ളത്തിൽ മീൻ പിടിക്കാനാണ് മുഖ്യമന്ത്രിയും സിപിഎമ്മും ശ്രമിക്കുന്നതെന്നും ലീഗ് കുറ്റപ്പെടുത്തി.
അതിനിടെ ബിജെപി കൊണ്ടുവന്ന നിയമത്തെ കൂട്ടുപിടിച്ച് വഖഫ് സ്വത്തുക്കൾ വഖഫ് അല്ലാതാക്കി മാറ്റാനാണ് ലീഗ് നേതൃത്വം ശ്രമിക്കുന്നതെന്നും സ്വന്തം പള്ളിയുടെ ഭൂമി തട്ടിപ്പ് നടത്തുന്നവർ വിശ്വാസികളല്ല,തട്ടിപ്പുകാരാണെന്നും തളിപ്പറമ്പിലെ പ്രകടനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ പറഞ്ഞതോടെ സർ സയ്യിദ് കോളേജ് സ്വത്ത് വിവാദം ലീഗും സിപിഎമ്മും നേരിട്ടുള്ള വാക്പോരിനും നിയമ പോരാട്ടത്തിനും ശക്തി പകർന്നു.
ലീഗിന്റെ സ്വാധീന കേന്ദ്രമായ തളിപ്പറമ്പിൽ സിപിഎം പ്രകടനം നടത്തിയ സാഹചര്യത്തിൽ വിശദീകരണ പൊതുയോഗവുമായി ൽ;ലീഗും രംഗത്തു വന്നേക്കുമെന്നാണ് സൂചന.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us