കൈതപ്രത്തെ രാധാകൃഷ്ണൻ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യയും അറസ്റ്റിലായതോടെ ചുരുളഴിയുന്നത് കുടുംബത്തിന്റെ താളം തെറ്റിച്ച അതിരു കടന്ന സൗഹൃദം.ഭർത്താവ് കൊല്ലപ്പെട്ട ദിവസവും പ്രതിയുമായി ഫോൺ വിളിയും വാട്സ്ആപ്പ് ചാറ്റും. വിളിച്ചു വരുത്തി ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി പോലീസ്

കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ മിനി നമ്പ്യാർക്ക് പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം.

New Update
police vehicle

കണ്ണൂർ: പയ്യന്നൂരിനടുത്ത് കൈതപ്രത്തെ ബിജെപി പ്രാദേശിക നേതാവ് കെ കെ രാധാകൃഷ്ണനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ രാധാകൃഷ്ണന്റെ ഭാര്യയും സജീവ ബിജെപി പ്രവർത്തകയുമായ മിനി നമ്പ്യാരും അറസ്റ്റിലായതോടെ ചുരുളഴിയുന്നത് കുടുംബത്തിൽ വിള്ളലുണ്ടാക്കിയ അതിരു കടന്ന സൗഹൃദത്തിന്റെ പിന്നാമ്പുറം. 

Advertisment

ചൊവ്വാഴ്ച ഉച്ചയോടെ മിനി നമ്പ്യാരെ പരിയാരം പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

പയ്യന്നൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട്‌ കോടതിയിൽ ഹാജരാക്കിയ പ്രതി ഇപ്പോൾ റിമാൻഡിലാണ് .

കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ മിനി നമ്പ്യാർക്ക് പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം. രാധാകൃഷ്ണനെ വെടിവച്ചുകൊന്ന എൻ കെ സന്തോഷ്‌ നേരത്തേ അറസ്‌റ്റിലായിരുന്നു.

മിനി നമ്പ്യാർ ദീർഘകാലമായി സന്തോഷുമായി അടുപ്പത്തിലായിരുന്നു എന്നതും പോലീസ് പറയുന്നു.

ഇരുവരും തമ്മിലുള്ള ഫോൺ വിളികളുടെ വിശദാംശങ്ങളും വാട്സാപ്പ് ചാറ്റുകളും പോലീസ് അന്വേഷണത്തിന് വിധേയമാക്കി.

രാധാകൃഷ്ണനെ കൊലപ്പെടുത്തിയ മാർച്ച് 20ന് സന്തോഷും മിനി നമ്പ്യാരും തമ്മിൽ ഫോൺ വിളിയും സന്ദേശമയക്കലും ഉണ്ടായതായും അതും പരിശോധിച്ച ശേഷമാണ് കൊലപാതക ഗൂഢാലോചനയിൽ മിനി നമ്പ്യാർക്ക് പങ്കുണ്ടെന്നും പോലീസ് കണ്ടെത്തിയത്. 

അതിരു വിട്ട സൗഹൃദത്തെ കൊല്ലപ്പെട്ട രാധാകൃഷ്ണൻ പലപ്പോഴും എതിർക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നതായും കുടുംബ പ്രശ്നങ്ങൾ പതിവായി മാറുകയും ഉണ്ടായി എന്നും പോലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു.

ഈ പ്രശ്നങ്ങളെ തുടർന്ന് പ്രകോപിതനായാണ് സന്തോഷ് രാധാകൃഷ്ണനെ വെടിവെച്ചു കൊന്നത്. ഇയാൾ അവിവാഹിതനാണ്. നിർമ്മാണം നടക്കുന്ന വീട്ടിലായിരുന്നു രാധാകൃഷ്ണൻ കൊല്ലപ്പെട്ടത് .

തുടർന്ന് മദ്യ ലഹരിയിലായിരുന്ന സന്തോഷിനെ വൈകാതെ തന്നെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു

Advertisment