/sathyam/media/media_files/2025/05/05/8QXJLfJBU8JwzBduD0od.jpg)
കണ്ണൂർ : കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ ഹൈക്കമാൻഡ് മാറ്റുമോ എന്ന ചർച്ചകൾ കോൺഗ്രസ്സിൽ സജീവമായ സന്ദർഭത്തിൽ പുതിയ പ്രസിഡന്റ് ആരാവും എന്ന ചർച്ചയ്ക്കും ചൂട് പിടിച്ചിരുന്നു.
അങ്ങനെ ഉയർന്നുകേട്ട പേരുകളിൽ ഒരാൾ കണ്ണൂരിൽ നിന്നുള്ള അഡ്വ സണ്ണി ജോസഫ് ആണ്.
സുധാകരൻ മാറുകയാണെങ്കിൽ പേരാവൂർ എം എൽ എ കൂടിയായ സണ്ണി ജോസഫ് പ്രസിഡന്റ് സ്ഥാനത്തേക്ക് വരണം എന്നാഗ്രഹിക്കുന്ന വലിയൊരു വിഭാഗം കണ്ണൂരിലെ കോൺഗ്രസ്സിൽ ഉണ്ട്.
സുധാകരനും താല്പര്യം സണ്ണി ജോസഫ് പ്രസിഡന്റ് ആകണം എന്നു തന്നെയാണ്.
കേരളത്തിലെ കോണ്‍ഗ്രസില്‍ സമ്പൂര്‍ണ്ണമായ മാറ്റം വേണമെന്ന നിര്‍ദേശത്തെ തുടർന്നാണ് കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്കും പുതിയ പേരുകള്‍ ഉയര്‍ന്നത്.
പ്രസിഡന്റ് സ്ഥാനത്തേക്ക് സണ്ണി ജോസഫിനെ പരിഗണിക്കുന്നതിനോടാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും താല്പര്യം.
നിയമസഭയില്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി എന്ന നിലയിലും മികച്ച പ്രവർത്തനം നടത്തുന്ന നേതാവാണ് സണ്ണി.
പൊതു സാമൂഹിക വിഷയങ്ങളിലും സജീവമായി ഇടപെടുന്ന സണ്ണിജോസഫിന് ഭൂരിഭാഗം കത്തോലിക്കാ ബിഷപ്പുമാരുടെയും പിന്തുണയുമുണ്ടെന്നാണ് വിലയിരുത്തൽ.
തന്റെ മണ്ഡലമായ പേരാവൂരിൽ ഏത് ചടങ്ങിലും സാന്നിധ്യമായ സണ്ണി പാർട്ടി പ്രവർത്തകർക്കു മാത്രമല്ല,പൊതു സമൂഹത്തിലും സമ്മതനാണ്.
പേരാവൂരിൽ നിന്നുള്ള തുടർച്ചയായ ജയം ജന പിന്തുണ തെളിയിക്കുന്നതാണെന്നും കെ പി സി സി പ്രസിഡണ്ടായി അദ്ദേഹമെത്തിയാൽ കേരളത്തിലുടനീളം പാർട്ടിക്ക് പുതിയൊരു ഊർജം കൈവരുമെന്നും കണ്ണൂരിലെ കോൺഗ്രസ് നേതാക്കൾ പറയുന്നുണ്ട്.
കത്തോലിക്കാ സഭയ്ക്കും സണ്ണി ജോസഫ് വരണം എന്ന ആഗ്രഹമുണ്ട്.
പുനഃസംഘടനാ നടക്കുമ്പോൾ കത്തോലിക്കാ സമുദായത്തിന് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കേണ്ടത് സംബന്ധിച്ച് സഭാ നേതൃത്വം പാർട്ടിയെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.
ക്രൈസ്തവ സഭകൾ പതിവില്ലാത്ത വിധം ബിജെപിയോട് പുലർത്തുന്ന മൃദു സമീപനവും കോൺഗ്രസ്സിനെ ആശങ്കപ്പെടുത്തുന്നുണ്ട്.
തെരഞ്ഞെടുപ്പ് പരാജയത്തില്‍ നിന്ന് പാഠം പഠിച്ച് ശൈലി മാറ്റാന്‍ നേതൃത്വം തയ്യാറാകണമെന്ന് ,പ്രസിഡണ്ടായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനെ പരോക്ഷമായി വിമർശിച്ച് 2021 ൽ സണ്ണി ജോസഫ് പ്രസ്താവന നടത്തിയിരുന്നു.
അന്ന് കെ.സുധാകരന്‍ കെ.പി.സി.സി പ്രസിഡണ്ട് ആകണമെന്നതാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇന്ന് താൻ ഒഴിയുകയാണെങ്കിൽ സണ്ണി പ്രസിഡന്റ് ആകണമെന്ന് കെ സുധാകരനും ഉള്ളാലെ ആഗ്രഹിക്കുന്നു.