ടി പി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ്; കെ കെ രമയുടെ മൊഴിയെടുത്ത പൊലീസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

New Update
tp chandrasekharan case.jpg

കണ്ണൂര്‍: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നൽകുന്നതുമായി ബന്ധപ്പെട്ട് കെ കെ രമയുടെ മൊഴിയെടുത്ത പൊലീസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. കൊളവല്ലൂര്‍ എഎസ്‌ഐ ശ്രീജിത്തിനെയാണ് സ്ഥലം മാറ്റിയത്. കൊളവല്ലൂര്‍ പൊലീസ് സ്‌റ്റേഷനില്‍ നിന്ന് വയനാട്ടിലേക്കാണ് സ്ഥലം മാറ്റിയത്. പ്രതികള്‍ക്ക് ശിക്ഷാ ഇളവു നല്‍കാനുള്ള നീക്കത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലായിരുന്നു.

സര്‍ക്കാര്‍ പ്രതികള്‍ക്ക് സംരക്ഷണം ഒരുക്കുന്നുവെന്ന് പ്രതിപക്ഷ ആരോപണവും ശക്തമാക്കിയിരുന്നു. ഇതോടെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ ശുപാര്‍ശ ചെയ്ത ജയില്‍ ഉദ്യോഗസ്ഥരെയടക്കം സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. ശിക്ഷാ ഇളവിനുള്ള ശുപാര്‍ശയില്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ തടവുകാരെ ഉള്‍പ്പെടുത്തി പൊലീസ് റിപ്പോര്‍ട്ട് തേടിയ ജയില്‍ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവ് നല്‍കിയിരുന്നു. മൂന്ന് ജയില്‍ ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയിന്റ് സൂപ്രണ്ട് കെ എസ് ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ്-I ബി ജി അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒ വി രഘുനാഥ് എന്നിവരെയാണ് അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്യാന്‍ ഉത്തരവിട്ടത്. ഇതിനു പിന്നാലെയാണ് ശിക്ഷാ ഇളവുമായി ബന്ധപ്പെട്ട് കെ കെ രമയുടെ മൊഴിയെടുത്ത പൊലീസ് ഉദ്യോഗസ്ഥന് ഇപ്പോള്‍ സ്ഥലം മാറ്റവും.

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം തയ്യാറാക്കിയ പട്ടികയിലാണ് പ്രതികളുടെ പേര് ഉള്‍പ്പെട്ടിരുന്നത്. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം വിട്ടയക്കേണ്ട പ്രതികളുടെ പട്ടിക ജയില്‍ ഉപദേശകസമിതി തയ്യാറാക്കിയപ്പോള്‍ ടി പി കേസില്‍ ജീവപര്യന്തം തടവിന് ഹൈക്കോടതി വിധിച്ച രണ്ടാം പ്രതി ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് എന്നിവരെ ഉള്‍പ്പെടുത്തുകയായിരുന്നു. പൊലീസിന്റെ പ്രൊബേഷന്‍ റിപ്പോര്‍ട്ട് ലഭിച്ചാല്‍ സര്‍ക്കാരിന് ഉത്തരവിറക്കാനാകും. അതില്‍ ഗവര്‍ണര്‍ ഒപ്പിടുന്നതോടെയാണ് പ്രതികള്‍ക്ക് പുറത്തിറങ്ങാനാവുക. ശിക്ഷാ ഇളവ് നല്‍കാന്‍ ജയില്‍ സുപ്രണ്ട് പൊലീസ് കമ്മീഷണര്‍ക്ക് കത്ത് നല്‍കിയിരുന്നു.

ജൂണ്‍ മാസത്തിലാണ് ഇത്തരമൊരു നീക്കം സര്‍ക്കാര്‍ നടത്തിയത്. ജൂണ്‍ 13 നാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സുപ്രണ്ട്, സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കത്തയച്ചത്. സര്‍ക്കാര്‍ ഉത്തരവില്‍ പരാമര്‍ശിച്ചിരിക്കുന്ന മാനദണ്ഡപ്രകാരം തടവുകാര്‍ക്ക് സ്പെഷ്യല്‍ റിമിഷന്‍ നല്‍കി വിട്ടയക്കാന്‍ വേണ്ടി തീരുമാനിച്ചെന്നും പ്രതികളുടെ പ്രൊബേഷന്‍ റിപ്പോര്‍ട്ട് സഹിതം ഫയലുകള്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നുമായിരുന്നു കത്തില്‍. പട്ടികയില്‍ സൂചിപ്പിക്കുന്ന പ്രതികളുടെ റിമിഷനായി പ്രതികളുടെ ബന്ധുക്കളുടേത് ഉള്‍പ്പെടെയുള്ള പ്രതികരണങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കാരിലേക്ക് അയക്കണമെന്നുമായിരുന്നു നിര്‍ദേശം.

Advertisment
Advertisment